രാജ് കലേഷ്
ചലച്ചിത്ര നടൻ, മജീഷ്യൻ, ഷെഫ്, ടിവി അവതാരകൻ.. 1978 മെയിൽ തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ നെടുംപറമ്പിൽ ജനിച്ചു. അച്ഛൻ ദിവാകരൻ പോസ്റ്റ് മാസ്റ്ററായി വിരമിച്ചു. അമ്മ വീട്ടമ്മയാണ്. ഒരു സഹോദരൻ രാജ് മഹേഷ്. നെടും പറമ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററിസ്ക്കൂളിലായിരുന്നു രാജ് കലേഷിന്റെ പ്രാഥമിക വിദ്യാഭ്യാസം. ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്തു. സ്ക്കൂൾ പഠനകാലത്ത് സംസ്ഥാന തല സ്ക്കൂൾ കലോത്സവത്തിൽ മികച്ച നടനുള്ള പുരസ്ക്കാരം നേടിയിരുന്നു.
പഠിയ്ക്കുന്ന കാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ തത്പരനായ രാജ് കലേഷ് പഠനത്തിനുശേഷം കലാരംഗത്തേയ്ക്ക് ശ്രദ്ധതിരിച്ചു. ഡിഗ്രി കഴിഞ്ഞു മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കൂടെ സ്റ്റേജ് കൊറിയോഗ്രഫറായി കൂടിയ സമയത്താണ് മാജിക്കിനോട് താത്പര്യം തുടങ്ങുന്നത്. പിന്നീട് അദ്ദേഹത്തിൽ നിന്നും മാജിക് പഠിച്ചു. തുടർന്ന് നിരവധി വേദികളിലും ചാനലുകളിലുമായി മാജിക് ഷോകൾ അവതരിപ്പിച്ചു. നാടകവേദികളിലും സജീവമായിരുന്നു. ജി ശങ്കരപ്പിള്ള, കാവാലം നാരായണ പണിക്കർ എന്നിവരുടെയെല്ലാം നാടകങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രാജ് കലേഷ് ഏഷ്യാനെറ്റിൽ പ്രോഗ്രാം അസിസ്റ്റന്റായി വർക്ക് ചെയ്തിരുന്നു. അതിനിടയിൽ പാചകം പഠിച്ച അദ്ദേഹം ടെലിവിഷൻ ചാനലുകളിൽ കുക്കറിഷോ അവതാരകനായി. ഉസ്താദ് ഹോട്ടൽ ഉൾപ്പെടെ ചില ചിത്രങ്ങളിൽ രാജ് കലേഷ് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
രാജ് കലേഷിന്റെ ഭാര്യ ദിവ്യ ടിവി പ്രൊഡ്യൂസറാണ്. രാജ് കലേഷും ഭാര്യ ദിവ്യയും രാജ് കലേഷിന്റെ സഹോദരൻ രാജ് മഹേഷും ചേർന്ന് ഒരു പ്രൊഡക്ഷൻ ഹൗസ് നടത്തുന്നുണ്ട്. രാജ് കലേഷ് - ദിവ്യ ദമ്പതികൾക്ക് രണ്ടുമക്കളാണുള്ളത്, പേര് ദക്ഷ, ദർഷ്.