ആർ അരവിന്ദൻ
1978 ഓഗസ്റ്റ് 9 ന് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ ജനിച്ചു. പയ്യന്നൂർ മുച്ചിലോട്ട് സൗത്ത് എഎൽപി സ്കൂൾ, പയ്യന്നൂർ കണ്ടങ്ങാളിൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരൂന്നു അരവിന്ദന്റെ വിദ്യാഭ്യാസം.
കുട്ടിക്കാലം മുതൽക്കേ സിനിമയോട് താത്പര്യമുണ്ടായിരുന്ന അരവിന്ദൻ തന്റെ ഇരുപതാം വയസ്സിലാണ് ആദ്യമായി സിനിമയിൽ അഭിനയിക്കുന്നത്. മലബാറിൽ നിന്നൊരു മണിമാരൻ എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നൂ തുടക്കം. തുടർന്ന് അയാൾ കഥയെഴുതുകയാണ്, തട്ടിൻപുറത്ത് അച്യുതൻ, ഉൾട്ട, നാൽപ്പത്തൊന്ന് തുടങ്ങിയവയുൾപ്പെടെ കുറച്ചു സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചു. മുന്ന എന്ന സിനിമയിലാണ് ചെറുതെങ്കിലും ഒരു കാരക്ടർ റോൾ ആദ്യമായി അരവിന്ദൻ ചെയ്യുന്നത്. പിന്നീട് ഇൻസ്റ്റാഗ്രാം എന്നൊരു വെബ് സീരീസിൽ ഒരു പെയ്ന്റ് പണിക്കാരന്റെ റോൾ ചെയ്തു.
ഇരുപതിലധികം വർഷമായി സിനിമാരംഗത്ത് ഉള്ള അരവിന്ദൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത ന്നാ, താൻ കേസ് കൊട് എന്ന സിനിമയിലാണ് ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നത്. കുഞ്ചാക്കോ ബോബനോടൊപ്പമുള്ള അരവിന്ദൻ എന്ന് പേരുള്ള ഒരു കള്ളന്റെ വേഷമായിരുന്നു ചെയ്തത്.
ശബ്ദാനുകരണ കലയിൽ വിദഗ്ദനായ അരവിന്ദന് ഇരുപതോളം സിനിമാനടൻമാരുടെ ശബ്ദം അനുകരിക്കാനുള്ള കഴിവുണ്ട്. തൊള്ളായിരത്തോളം മലയാള ചലച്ചിത്ര ഗാനങ്ങൾ ഹൃദിസ്ഥമാക്കിയ ആളാണ് അരവിന്ദൻ. അറുപതോളം വേദികളിൽ സിനിമാജാതകം എന്ന പ്രോഗ്രാം അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഏഷ്യാനെറ്റ്, സീ കേരളം എന്നീ ചാനലുകളിലും ചലച്ചിത്ര ഗാനങ്ങളുമായി ബന്ധപ്പെട്ട പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്.
അരവിന്ദന് ഭാര്യയും ഒരു കുട്ടിയൂമുണ്ട്.