പ്രജിൻ
1983 സെപ്റ്റംബർ 6 ന് പതമനാഭന്റെയും നിർമ്മലയുടെയും മകനായി കോഴിക്കോട് ജനിച്ചു. അച്ഛൻ ചെന്നൈയിൽ പോലീസ് ഡിപ്പാർട്ട്മെന്റിൽ ജോലിചെയ്തിരുന്നതിനാൽ പ്രജിൻ പഠിച്ചതും വളർന്നതും ചെന്നൈയിലാണ്. പഠനത്തിനുശേഷം സൺ ടിവിയിൽ അവതാരകനായിട്ടാണ് പ്രജിൻ തന്റെ കരിയർ ആരംഭിയ്കുന്നത്. ഹലോ ഹലോ എന്ന ലൈവ് പ്രോഗ്രാമിന്റെ അവതാരകനായിരുന്നു. മികച്ച അവതാരകനുള്ള സൗത്ത് ഇന്ത്യ അവാർഡ് പ്രജിന് ലഭിച്ചു. ടെലിവിഷൻ പ്രൊഗ്രാമിലൂടെ ലഭിച്ച ജനപ്രീതി പ്രജിന് സീരിയലിൽ അഭിനയിക്കാനുള്ള അവസരം തുറന്നുകൊടുത്തു. കെ ബാലചന്ദ്രറിന്റെ "ഒരു കാതൽ കഥൈ" ആയിരുന്നു പ്രജിന്റെ ആദ്യ സീരിയൽ. തുടർന്ന് നിരവധി സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചു.
ജീവ നായകനായ ഡിഷ്യം എന്ന തമിഴ് സിനിമയിലാണ് പ്രജിൻ ആദ്യമായി അഭിനയിക്കുന്നത്. 2010 -ൽ പൃഥ്വിരാജ് നായകനായ ദി ത്രില്ലർ എന്ന സിനിമയിളൂടെ പ്രജിൻ മലയാളത്തിലെത്തി. അപ്പൂപ്പൻ താടി, ലൗ ആക്ഷൻ ഡ്രാമ എന്നിവയുൾപ്പെടെ അഞ്ചിലധികം മലയാള ചിത്രങ്ങളിലും പത്തോളം തമിഴ് ചിത്രങ്ങളിലും പ്രജിൻ അഭിനയിച്ചിട്ടുണ്ട്.
സിനിമാതാരമായിരുന്ന സാന്ദ്രയാണ് പ്രജിന്റെ ഭാര്യ. അവർക്ക് ഇരട്ടകുട്ടികളാണുള്ളത്.