പൊൻവണ്ണൻ

Ponvannan
പൊൻവർണ്ണൻ
Date of Birth: 
തിങ്കൾ, 23 September, 1963

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലാണ് പൊൻവണ്ണൻ ജനിച്ചത്. ചിത്രകാരനായിരുന്ന അദ്ദേഹം കോവൈതമ്പി എന്ന സിനിമാ നിർമ്മാതാവിനു വേണ്ടി ചിത്രരചന നടത്തിക്കൊണ്ടാണ് പൊൻ‌‌വണ്ണൻ സിനിമാലോകവുമായി ബന്ധപ്പെടുന്നത്. തുടർന്ന് സംവിധായകൻ ഭാരതിരാജയെ പരിചയപ്പെട്ട അദ്ദേഹം ഭാരതിരാജയുടെ സംവിധന സഹായിയായും സംഭാഷണ എഴുത്തുകാരനായും പ്രവർത്തിച്ചു. 

1991 -ല്‍ ഭാരതിരാജയുടെ Pudhu Nellu Pudhu Naathu എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറി. 1992 -ൽ Annai Vayal എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് പൊൻവണ്ണൻ സംവിധാനരംഗത്തും തുടക്കം കുറിച്ചു. ആ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. മൂന്ന് തമിഴ് സിനിമകൾ സംവിധാനം ചെയ്യുകയും നിരവധി തമിഴ് സിനിമകളിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുമുള്ള പൊൻവണ്ണൻ 2008 -ൽ മോഹൻലാൽ നായകനായ ഫ്ലാഷ് എന്ന സിനിമയിൽ ഒരു വേഷം ചെയ്തുകൊണ്ടാണ് മലയാള സിനിമയിലേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം 2010 -ൽ കലാഭവൻ മണി നായകനായ പുള്ളിമാൻ എന്ന സിനിമയിലും അഭിനയിച്ചു. തമിഴ് ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 2011 -ൽ Vaagai Sooda Vaa എന്ന സിനിമയിലെ അഭിനയത്തിന് മികച്ച വില്ലനുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് പൊൻവണ്ണന് ലഭിച്ചിട്ടുണ്ട്. 2015 -ല്‍ നടികര്‍ സംഘത്തിന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1995 -ല്‍ പ്രശസ്ത നടി ശരണ്യ പൊന്‍വണ്ണനെ വിവാഹം ചെയ്തു. ഇവര്‍ക്ക് രണ്ട് പുത്രിമാരുണ്ട് പ്രിയദര്‍ശിനി, ശാന്തിനി.