പീർ മുഹമ്മദ്

Peer Muhammad
Date of Birth: 
തിങ്കൾ, 8 January, 1945
Date of Death: 
ചൊവ്വ, 16 November, 2021
ആലപിച്ച ഗാനങ്ങൾ: 2

തമിഴ്നാട് തെങ്കാശിയിൽ സുറുണ്ട ഗ്രാമത്തിൽ 1945 ജനുവരി 8- ന് തലശ്ശേരിക്കാരനായ പി വി അബ്ദുൾ അസീസിന്റെയും ബൽക്കീസിന്റെയും മകനായി ജനിച്ചു. കുഞ്ഞുന്നാളിലേ കുടുംബം തലശേരിയിലേക്കു വന്നു. 'കാഫ് മലകണ്ട പൂങ്കാറ്റേ', 'ഒട്ടകങ്ങൾ വരിവരിയായ്', തുടങ്ങി മലയാളികൾ ഇന്നും ഗൃഹാതുരത്വത്തോടെ ഏറ്റുപാടുന്ന ഒട്ടെറെ മാപ്പിളപ്പാട്ടുകൾ പാടിയതും ഈണമിട്ടതും പീർ മുഹമ്മദാണ്. അക്ഷരശുദ്ധിയും തെളിഞ്ഞ ശബ്ദവും ഭാവപ്രകടനവും കാസറ്റുകളിലും വേദികളിലും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. . 
 

ഒരു കലാപാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ ജനിച്ചിട്ടും കുഞ്ഞിലേ കമ്പം വേദികളോടായിരുന്നു. പാട്ടൊട്ടും പഠിക്കാതെതന്നെ വലിയ പാട്ടുകാരനായി. ഒൻപതാം വയസ്സിൽ എച്ച്എംവിയുടെ എൽപി റെക്കോർഡിൽ നാലു പാട്ടു പാടിക്കൊണ്ടുള്ള സ്വപ്നതുല്യമായ തുടക്കമായിരുന്നു പീർ മുഹമ്മദിന്റേത്. എല്ലാ പാട്ടും സ്ത്രീ ശബ്ദത്തിൽ. രണ്ടെണ്ണം പട്ടം സദനൊപ്പം. ഒന്ന് വി. കരുണാകരനുമായി. മറ്റൊന്ന് സോളോ. എല്ലാം മാപ്പിള പാട്ടുകളായിരുന്നു. ഹിന്ദുസ്ഥാൻ ലീവറിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവാണ് മദ്രാസിലെ എച്ച്എംവി സ്റ്റുഡിയോയിൽ അവസരം ഒരുക്കിക്കൊടുത്തത്. മാപ്പിളപ്പാട്ടിന്റെ മർമമറിയുന്ന ഒ.വി. അബ്ദുല്ല എഴുതിയ വരികൾ പാടി തന്റെ സംഗീതജീവിതം ആരംഭിക്കാൻ കഴിഞ്ഞു എന്ന ഭാഗ്യവും പീർ മുഹമ്മദിനുണ്ടായി. അന്ന് എച്ച്എംവിയിലെ പതിവു സംഗീത സംവിധായകനായ ടി.എം. കല്യാണം ആയിരുന്നു സംഗീതം നിർവഹിച്ചത്.

വ്യത്യസ്ത ശ്രേണികളിലായി അയ്യായിരത്തിലേറെ മാപ്പിളഗാനങ്ങൾ പാടി. നൂറ്റമ്പതിൽപ്പരം ഗ്രാമഫോൺ റെക്കോർഡുകളും ആയിരത്തിൽപ്പരം കാസറ്റുകളും പീർ മുഹമ്മദിന്റേതായിട്ടുണ്ട്. ഒരു സംഗീതോപകരണം പോലും വായിക്കാനറിയാതെ നാലായിരത്തിലേറെ ഗാനങ്ങൾക്ക് സംഗീതം നൽകി..പീർ മുഹമ്മദിന്റെ ഗാനമേളയില്ലാതെ കല്യാണം നടന്നിരുന്ന മലബാറിലെ മുസ്ലിം തറവാടുകൾ കുറവായിരുന്നു , ഒരേ വീട്ടിൽത്തന്നെ നാലു തലമുറയുടെവരെ കല്യാണങ്ങൾക്കു പാടാൻപോയ ആളാണ് അദ്ദേഹം. ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ച ഏക ഗായകൻ പീർ മുഹമ്മദായിരുന്നു, 1976 -ൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി ദൂരദർശനിൽ (ചെന്നൈ നിലയം) മാപ്പിളപ്പാട്ട് അവതരിപ്പിച്ച പ്രതിഭ. കേരളത്തിലും ഗൾഫിലും മാപ്പിള ഗാനമേള മൽസരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്, ഒരു ഗായകനോടും ഒരിക്കലും സാമ്യം തോന്നാത്ത വ്യത്യസ്തമായ ശബ്ദമാണു പീർ മുഹമ്മദിന്റെ പ്രത്യേകത. സാഹിത്യകാരന്മാരായ വൈലോപ്പിള്ളിയും വൈക്കം മുഹമ്മദ് ബഷീറും വരെ ആ ശബ്ദത്തിന്റെ ആരാധകരായിരുന്നു. ‘കേരളത്തിന്റെ ഗാനകോകിലം എന്നാണു പീർ മുഹമ്മദിനെ ബഷീർ വിശേഷിപ്പിച്ചത്. ‘കണ്ഠത്തിൽ പൂങ്കുയിലുമായി നടക്കുന്നവൻ എന്നു വൈലോപ്പിള്ളിയും.

പിൽക്കാലത്ത് മോയിൻകുട്ടി വൈദ്യർ, പി.ടി. അബ്ദുറഹിമാൻ, ടി.സി. മൊയ്തു, സി.എച്ച്. വെള്ളിക്കുളങ്ങര തുടങ്ങിയവരുടെയൊക്കെ പാട്ടുകൾ പാടി. പി.ടി. അബ്ദുറഹിമാന്റെ മാത്രം നാലായിരം പാട്ടുകൾക്കു ശബ്ദം നല്കിയെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞയിടെ ഒരു ടെലിവിഷൻ ചാനലിലെ മാപ്പിളപ്പാട്ട് മൽസരത്തിലെ ഫൈനലിലെ യുഗ്മഗാന റൗണ്ടിൽ പങ്കെടുത്ത പത്തു ടീമിൽ ഒൻപതു പേരും പാടിയത് പീർ മുഹമ്മദിന്റെ  പാട്ടുകളായിരുന്നു. ജനമനസ്സുകളിൽ അവയ്ക്കുള്ള സ്വാധീനം വ്യക്തമാക്കാൻ മറ്റൊരു ഉദാഹരണം വേണ്ട. പീർ മുഹമ്മദിനെ രൂപപ്പെടുത്തിയതിൽ പ്രമുഖ സംഗീത സംവിധായകൻ എ.ടി. ഉമ്മറിനു വലിയ പങ്കുണ്ട്. സ്ത്രീ ശബ്ദത്തിലുള്ള ആദ്യകാല റിക്കോർഡിങ്ങുകൾക്കുശേഷം പീർ മുഹമ്മദിനെ ഒരു പ്രഫഷനൽ ഗായകനാക്കുന്നത് ഉമ്മറാണ്. അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയ 'അഴകേറുന്നോളേ വാ കാഞ്ചനമാല്യം ചൂടിക്കാം...' ആണ് പീർ മുഹമ്മദിന്റെ ആദ്യ പ്രഫഷനൽ ഗാനം. അന്നത്തെ കാലത്ത് രണ്ട് ലക്ഷത്തിലധികം എൽപി റെക്കോർഡുകളായിരുന്നു ഇതിന്റെ വിൽപ്പന. ഇന്നും മാപ്പിള ഗാനശാഖയിലെ റിക്കോർഡാണിത്.
എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ അന്യരുടെ ഭൂമി എന്ന ചിത്രത്തിലെ 'കോടി ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ...'  എന്ന ഗാനവും, കെ. രാഘവന്റെ സംഗീതത്തിൽ *തേൻ തുള്ളി എന്ന ചിത്രത്തിലെ 'നാവാൽ മൊഴിയുന്നേ...'  എന്ന ഗാനവുമാൺ` പീർ മുഹമ്മദ് പാടിയ ചലച്ചിത്രഗാനങ്ങൾ. കേരള ഫോക്‌ലോർ അക്കാദമിയുടേതുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പീർ മുഹമ്മദിന്റെ ഭാര്യ രഹ്ന. മക്കൾ സമീർ, നിസാം, ഷെറിൻ, സാറ. കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 16-11-2021-ൽ അദ്ദേഹം മരണപ്പെട്ടു.