മാന്യൻമാരേ മഹതികളേ
മാന്യൻമാരേ മഹതികളേ - ബഹു
മാന്യസദസ്സിലെ മൂരാച്ചികളേ
വാരിവലിച്ചു തൊഴുന്നേൻ - നട്ടെ
ല്ലൂരി വളച്ചു കുനിഞ്ഞു തൊഴുന്നേൻ
ചോട്ടാനേതാ വോട്ടിനു നിങ്ങടെ
വീട്ടിൽ രാത്രി വരുന്നതു പോലേ
വാരാഘോഷക്കമ്മറ്റിക്കാർ
ഓരോ പിരിവിനെത്തും പോലേ!
മൂത്തുനരച്ചൊരു മുൻമന്ത്രിക്കും
മുൻപിലിരിക്കും ഹിപ്പിക്കും - കുറെ
മുമ്പൊരു സിനിമ പിടിച്ചു പൊളിഞ്ഞൊരു
മുതലാളിക്കും കൈകൂപ്പുന്നേൻ
ചന്തയിലിങ്ങനെ സാധനവിലകൾ
ഉന്തിത്തള്ളിക്കയറും പോലെ
നാവിൽ തുള്ളൽക്കവിതകൾ വിടരാൻ
ഈ.വീ വന്നു കടാക്ഷിയ്ക്കേണം
കേരള ഭരണമിതച്ചുതമേനോൻ
ഗൗരവമോടെ നയിക്കും കാലം
ഈ അസംബ്ലിയിൽ പ്രതിപക്ഷങ്ങളെ
ഈയെമ്മസ്സു നയിക്കും കാലം
ഭൂനയബില്ലും കർഷകബില്ലും
ഭൂമികുലുക്കി നടക്കും കാലം
ഒരു മഴു വീശി ഭാർഗ്ഗവരാമൻ
അറബിക്കടൽ കരയാക്കിയ നാളിൽ
ആക്കര മുഴുവൻ ദാനം വാങ്ങി
മുറുക്കിത്തുപ്പി രസിച്ചു നടന്നവർ
കുടവയറിട്ടു കുലുക്കി നടന്നവർ
കുടുമകൾ കെട്ടിത്തുള്ളി നടന്നവർ