2004ന്റെ തുടക്കത്തിലാണ്, ഇന്റെർനെറ്റിൽ സംഗീതപ്രേമികൾ mp3 പാട്ടുകൾ ആസ്വദിക്കുന്നതിനപ്പുറം മലയാളഗാനങ്ങളെ സമാഹരിക്കുക, ചിട്ടയായി പ്രവർത്തിക്കുക, അവയെ ഏകോപിപ്പിക്കുക മുതലായ ആശയങ്ങളുടെ തുടക്കം. അന്ന് ഓൺലൈൻ മെസ്സഞ്ചർ സംഘങ്ങളിൽ മലയാളഗാനങ്ങൾ പാടി നടന്നിരുന്ന, നാട്ടിലും വിദേശങ്ങളിലുമുള്ള കുറേ സംഗീതപ്രേമികൾ പാടാൻ വരികൾ തേടി പലയിടത്തും അലഞ്ഞു. അങ്ങനെ ലഭ്യമായ വരികൾ ശേഖരിച്ച് നെറ്റിൽ സൂക്ഷിക്കാൻ അവർ തീരുമാനത്തിലെത്തി. പാട്ടുകൾ കേൾക്കാനുള്ള മലയാളവേദി.കോം, ഡൗൺലോഡ് ചെയ്യാനുള്ള കൂൾഗൂസ്, കൂൾറ്റോട്, ഐ ആർസിയിലെ മാലുക്കൂട്ടം എന്നിങ്ങനെയുള്ള ചില വെബ്ബുകളല്ലാതെ മലയാളത്തിലെ ഗാനസാഹിത്യശേഖരത്തിനായി ഇക്കാലയളവിലൊന്നും മറ്റൊരു സമാന സംരംഭങ്ങളും ഇന്റർനെറ്റിലെ മലയാളിക്ക് ഉണ്ടായിരുന്നില്ല. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള, ഇന്റർനെറ്റുമായി ബന്ധമുള്ള സംഗീതാസ്വാദകർ പഴയ പാട്ടുപുസ്തകങ്ങളിൽ നിന്നും, അറിയാവുന്ന ഗാനശേഖകരുടെ കൈകളിൽ നിന്നും, അതിന് പുറമേ തങ്ങളുടെ കൈവശമുള്ള mp3/അല്ലെങ്കിൽ ഓഡിയോ കാസറ്റുകൾ, എൽ പി ആർ റെക്കോർഡുകൾ എന്നിവ അതീവ ശ്രദ്ധയോടെ ശ്രവിച്ച് സങ്കീര്‍ണ്ണമായ സ്വരങ്ങൾ ഉൾപ്പടെയുള്ള പാട്ടുകൾ പകർത്തിയും ആ ശേഖരത്തിന്റെ വലിപ്പം കൂട്ടിക്കൊണ്ടിരുന്നു. ധാരാളം അംഗങ്ങള്‍ ഈ സംരംഭത്തിനായി വരികള്‍ സംഭാവന ചെയ്തു. പാട്ടുകൾ സൂക്ഷിക്കുവാന്‍ ഓൺലൈൻ സ്റ്റോറേജെന്ന നിലയിൽ കിരൺ തുടങ്ങിയ യാഹൂഗ്രൂപ്പിലേക്ക് പലരും വന്നു ചേർന്നു. ഏകദേശം 400ഓളം സംഗീതപ്രേമികൾ ശേഖരിച്ച ഏകദേശം 5000ത്തോളം ഗാനസാഹിത്യം ലോകത്തിലെ ആദ്യത്തെ മലയാളഗാനശേഖരമായി. ഈ സംരംഭം www.malayalamsongslyrics.com (MSL) എന്ന പേരില്‍ അറിയപ്പെട്ടു.
മലയാളം പാട്ടുകളുടെ ക്രോഡീകരണത്തിനായി പിൽക്കാലത്ത് പല വെബ്ബുകളും തുടങ്ങിയെങ്കിലും ചിട്ടയായി ഗാനവിവരം സൂക്ഷിച്ച് വെക്കാൻ MSLന് പ്രചോദനമായത് രാഗകൈരളി എന്നൊരു വെബ്ബായിരുന്നു.1997ൽ പാട്ടുകളുടെ രാഗം ഐഡന്റിഫൈ ചെയ്ത് വെബ്ബിൽ സൂക്ഷിക്കുന്ന രാഗകൈരളി എന്നൊരു വെബ്ബ് കിഷോർ കുമാർ തുടങ്ങി വച്ചു. സിനിമാഗാനങ്ങളിലെ രാഗങ്ങളെ കുറിച്ച് ആദ്യമായി പ്രതിപാദിച്ചത് അദ്ദേഹത്തിന്റെ രാഗകൈരളി (1997 to 2010) എന്ന ഓൺലൈൻ ഡാറ്റാബേസ് വെബ്സൈറ്റിൽ ആയിരുന്നു. പിൽക്കാലത്ത് M3dbയുടെ രാഗ സെക്ഷനിലേക്ക് ഈ വെബ്ബിനെ ചേർത്ത് വച്ചതും രാഗ പ്രോജക്റ്റ് ലീഡ് ചെയ്തിരുന്നതും കിഷോർ ആയിരുന്നു.
തുടർന്ന് നാളിതുവരെ വ്യത്യസ്തമായ പല സംരംഭങ്ങളുടേയും തുടക്കമായ MSL, ഇന്ന് യുണീക്കോഡ് മലയാളത്തിൽ മലയാള ചലച്ചിത്രങ്ങളുടേയും സംഗീതത്തിന്റെയും സമ്പൂർണ്ണ വിവരശേഖരണത്തിനായി തയ്യാറായ www.m3db.com ( മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് ) എന്നറിയപ്പെടുന്നു.
എം3ഡിബിയുടെ നാൾവഴികൾ:- ആരംഭം: മാർച്ച് 1, 2004-ൽ ഗാനശേഖരത്തിനു വേണ്ടി ആദ്യമായി ഓൺലൈൻ സ്റ്റോറേജ് ഗ്രൂപ്പ് യാഹുവിൽ നിലവിൽ വന്നു. തമാശയായി കിരൺ തുടങ്ങിയൊരു യാഹുഗ്രൂപ്പാണ് അന്ന് അതിനു വേണ്ടി ഉപയോഗിച്ചത്. സുരേഷ് കുമാർ ഷാർജ, പൊന്നു കൃഷ്ണൻ-മസ്ക്കറ്റ്, അചിന്ത്യ, ജോസഫ് തോമസ്, ഗയ്യാ ഉബുണ്ടു, വിനീത് ശങ്കർ, സുനീർ ഇരിങ്ങൽ, ശ്രീനി നായർ, v4m/Roshini Chandran എന്നിവരൊക്കെയായിരുന്നു ഇതിന്റെ പ്രധാന അണിയറ പ്രവർത്തകര്‍.
- ഔദ്യോഗിക വെബ്ബ്സൈറ്റ്: ഏകദേശം ആറു മാസം കൊണ്ട് ആയിരത്തിലധികം പാട്ടുകളുടെ വരികള്‍ ശേഖരിച്ചതോടെ അത് ലളിതമായി സേർച്ച് ചെയ്ത് കണ്ടെത്തുവാൻ, വെബ്ബ്സൈറ്റ് എന്ന ആശയം റോഷനാണ് അവതരിപ്പിക്കുന്നത്. ജോസഫ് തോമസാണ് അന്ന് ആ വെബ്ബ്സൈറ്റിന്റെ സാങ്കേതിക കാര്യങ്ങള്‍ തയ്യാറാക്കിയത്. അങ്ങനെ 2004 ഒക്ടോബർ 29നു www.malayalamsongslyrics.com (MSL) ഔദ്യോഗികമായി നിലവിൽ വന്നു.
- 5000ല്‍പ്പരം ഗാനങ്ങള്‍: 2006 ന്റെ അവസാനത്തോടെ ഈ സംഘത്തിനു് രണ്ടു വർഷം കൊണ്ട് ഏകദേശം അയ്യായിരത്തോളം മലയാളഗാനങ്ങളുടെ ടൈപ്പ് ചെയ്ത വരികൾ സമാഹാരിക്കുവാൻ സാധിച്ചിരുന്നു.ഈ കാലയളവിൽ സമാന ചിന്താഗതിക്കാരായ പുതിയ പല സംരംഭങ്ങളും പലപ്പോഴും ഈ ശേഖരത്തിൽ നിന്നും വരികൾ പകർത്തിയിരുന്നു. പിൽക്കാലത്ത് മലയാളഗാനങ്ങൾക്ക് വേണ്ടി അറിയപ്പെടുന്ന ഒരു വെബ്ബിലേയ്ക്ക് ഈ ശേഖരത്തിൽ നിന്നും എൺപത് ശതമാനത്തോളം വരികൾ അനുമതിയില്ലാതെ പകർത്തുകയും ഈ പകർത്തലിനു പിന്നീട് അവർ ക്ഷമാപണം നടത്തുകയും ചെയ്തത് എം3യുടെ നാൾവഴിയിൽ ഒരു കൗതുകമാണ്.
- മലയാളത്തിലേക്ക്: ഇന്റർനെറ്റ് മലയാളവും മലയാളം ബ്ലോഗുകളും ശക്തമായതോടെ 2007ന്റെ തുടക്കത്തിൽ മലയാളം യുണീക്കോഡിലേക്ക് ഈ ഗാനശേഖരം വളർന്നു. ഏകദേശം 3000ത്തോളം ഗാനങ്ങളൂടെ വരികള്‍ മലയാളം യുണീക്കോഡില്‍ ശേഖരിക്കുവാനായി. ഇവിടെ നോക്കുക.
- സമ്പൂർണ്ണ മലയാളം യുണീക്കോഡ് വെബ്ബ്സൈറ്റ്: 2008 നവംബറോടു കൂടി മലയാളഗാനശേഖരത്തെ ഒരു സമ്പൂർണ്ണ മലയാളം യുണീക്കോഡ് ആക്കിമാറ്റുക എന്ന ഉദ്ദേശത്തോടെ കെവിൻ&സിജി ഇതിന്റെ സാങ്കേതിക ചുമതല ഏറ്റെടുത്തു. തുടർന്ന് ഇന്നും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഈ വെബ്ബിലേക്ക് ഏകദേശം 22000ത്തിലധികം ഗാനങ്ങളുടെ വിവരങ്ങളും സാഹിത്യം/വരികളും നാളിതുവരെ ശേഖരിക്കുവാൻ കഴിഞ്ഞത് . പാട്ടുപുസ്തകം എന്ന ഗൂഗിൾ ഗ്രൂപ്പിലൂടെ സംഗീതപ്രേമികൾ ഒത്ത് ചേർന്നാണ് ഇത്രയും വലിയൊരു ശേഖരം യുണീക്കോഡിൽ തയ്യാറാക്കപ്പെട്ടത്. ഗാനങ്ങള്‍ ഏറെയും പങ്ക് വച്ചത് ജിജാ സുബ്രഹ്മണ്യം ആയിരുന്നു. ഈ കാലയളവില്‍ സമാനമായ പല വെബ്ബ്സൈറ്റുകളും ഈ രീതി പിന്തുടർന്നു. എന്നാല്‍ ഗാനസാഹിത്യശേഖരത്തിൽ മാത്രമൊതുങ്ങാതെ മറ്റു വെബ്ബ്സൈറ്റുകളിൽ നിന്നും വ്യത്യസ്ഥമായി എന്ത് ചെയ്യാം എന്നായിരുന്നു എം എസ് എല്ലിന്റെ അണിയറപ്രവർത്തകരുടെ ചിന്ത. അങ്ങനെയാണ്, 'മലയാളസംഗീതചരിത്രത്തിലെ ആദ്യത്തെ ഇന്റർനെറ്റ് ആൽബം', സ്വതന്ത്രസംഗീത സംരംഭമായ 'ഈണം' രൂപം കൊള്ളുന്നത്.
- ഈണം: ഏകദേശം 20തോളം ബ്ലോഗങ്ങളെ അണിചേർത്തു കൊണ്ട് സംഗീതപ്രേമികളായ നിശീകാന്ത്, രാജേഷ് രാമൻ, ബഹുവ്രീഹി, കിരൺ എന്നിവര്‍ എം.എസ്.എല്ലുമായി സഹകരിച്ച് 2009 ൽ 'ഈണം' എന്ന മലയാളത്തിലെ ആദ്യ സ്വതന്ത്ര സംഗീത സംരംഭത്തിന് തുടക്കം കുറിച്ച്. മലയാള ഇന്റർനെറ്റ് സംഗീത ലോകത്തിന് മാറ്റം കുറിച്ച ആദ്യ സംഭവമായിരുന്നു ഇത്. പരസ്പരം കാണാതെ ഇന്റർനെറ്റിന്റെ സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് ഗാനങ്ങൾ തയ്യാറാക്കി, അവ സംഗീതാസ്വാദകർക്കായി സൌജന്യമായി ഡൌൺലോഡിന് ലഭ്യമാക്കിയ സംരംഭമായിരുന്നു ഇത്. ലക്ഷക്കണക്കിന് ഹിറ്റുകളും ആസ്വാദക പ്രശംസയും നേടിയ ഈണത്തിന്റെ ആദ്യ ആൽബത്തിന് ശേഷം ഓണം വിത്ത് ഈണം എന്നിങ്ങനെ രണ്ട് ആൽബങ്ങൾ കൂടി പുറത്തിറക്കുകയും അവയെല്ലാം പുതിയ സംഗീതജ്ഞർക്ക് ഇന്റർനെറ്റിൽ വളരെയധികം ശ്രോതാക്കളെ ലഭിക്കുവാനുള്ള കാരണവുമായിത്തീർന്നു.
- എം എസ് എൽ ക്വിസ്: മലയാള ഇന്റർനെറ്റ് ചരിത്രത്തിലെ ആദ്യത്തെ സമ്പൂർണ്ണ സിനിമാ-സംഗീത ക്വിസ് . പത്ത് എപ്പിസോഡുകളിലായി ഏകദേശം ആറുമാസം നീണ്ടു നിന്ന ഇന്റർനെറ്റ് ക്വിസ്, സാങ്കേതികമായി വ്യത്യസ്ഥ മീഡിയ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തി മലയാളചലച്ചിത്ര-ഗാനമേഖലയിലെ ചോദ്യങ്ങൾ പുതുമകളോടെ അവതരിപ്പിച്ചത് എതിരൻ കതിരവനാണ്. പുത്തന്‍ അറിവുകളിലൂടെയും സംഗീതത്തിന്റെ വേറിട്ട ആസ്വാദനരീതികളിലൂടെയുമൊക്കെ തയ്യാറാക്കിയ ചോദ്യങ്ങളുള്‍പ്പെടുത്തിയ ഈ ക്വിസ് പ്രോഗ്രാം ലോകത്തിന്റെ പലഭാഗത്തു നിന്നും ഏറെ മത്സരാർത്ഥികളെക്കൊണ്ട് സമ്പന്നമായ ഒന്നായിരുന്നു.
- ചലച്ചിത്രങ്ങള്‍ക്ക് സമ്പൂര്‍ണ്ണ ഡാറ്റാബേസ്: മലയാളത്തിൽ സംഗീതശേഖരത്തിനായി അനേകം വെബ്ബ്സൈറ്റുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാൽ ഒരു സമ്പൂർണ്ണ വിവരശേഖരത്തിനായി ആരും ശ്രമിച്ചിരുന്നില്ല. ശ്രമിച്ചവര്‍ പാതിവഴിയിൽ അത്തരമൊരു ഉദ്യമത്തെ ഉപേക്ഷിച്ചതും ഐം എം ഡിബി എന്ന ലോകത്തിലെ ജനപ്രിയ ഡാറ്റാബേസിൽ മലയാളചിത്രങ്ങളുടെ വിവരങ്ങൾ ശുഷ്ക്കമായോ പലപ്പോഴും വികലമായോ ലഭ്യമായതും ഇത്തരമൊരു ശ്രമം തുടങ്ങുവാന്‍ കാരണമായത്. പാട്ടുകൾ ചേർക്കുന്നതിനൊപ്പം പല വെബ്ബ്സൈറ്റുകളിലും ചലച്ചിത്ര സംവിധായകൻ, ബാനർ, നിര്‍മ്മാണം എന്നിങ്ങനെ മൂന്നോ നാലോ വിവരങ്ങള്‍ക്കപ്പുറം ഉണ്ടായിരുന്നില്ല. അങ്ങനെ 2010ന്റെ പകുതിയോടെയാണ് ഒരു സമ്പൂർണ്ണ ചലച്ചിത്രവിജ്ഞാനശേഖരം എന്ന ചിന്തയിലേക്ക് എം എസ് എല്ലിന്റെ അണിയറപ്രവർത്തകർ നീങ്ങിയത്. ഇന്റര്‍നെറ്റിലെ പ്രഗത്ഭരായ ചലച്ചിത്ര നിരൂപകരേയും വിവരശേഖകരേയും ഒത്തിണക്കി 2010-ന്റെ രണ്ടാം പകുതി മുതൽ തുടങ്ങിയ ശ്രമം ഒക്ടോബറോടു കൂടി ക്ലിപ്തമായ രൂപം കൈവരിക്കുകയും ചെയ്തു. അതിന്റെ നിലവിലുള്ള ആഴം കാണണമെങ്കിൽ ദാ ഇവിടെ നോക്കാവുന്നതാണ്.
എം.എസ്.എൽ എന്ന പഴയ മലയാള ഗാനസാഹിത്യശേഖരവും സിനിമാഡീബി എന്ന ബൃഹത്തായ ചലച്ചിത്രവിജ്ഞാനശേഖരവും സംയോജിപ്പിച്ച് മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ് അഥവാ എം.ത്രീ.ഡി.ബി എന്ന വെബ്ബ്സൈറ്റായി 2010 ഡിസംബറിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാൻ തീരുമാനിച്ചു. ഒപ്പം തന്നെ ലോകമെമ്പാടുമുള്ള പുതിയ സംഗീത സംവിധായകർക്കും ഗാന രചയിതാക്കൾക്കും ഗായകർക്കും പ്രചോദനവും വേദിയുമായി ഈണമെന്ന എന്ന പേരിൽ സ്വതന്ത്ര ഗാനങ്ങൾ ലളിതമായി തയ്യാറാക്കി ആസ്വാദകർക്ക് സൌജന്യമായി കേൾക്കാൻ നൽകുന്ന പദ്ധതിക്ക് തുടക്കവും കുറിച്ചു. സംഗീതത്തിനും ചലച്ചിത്രത്തിനുമായി തയ്യാറാവുന്ന വെബ്ബ്സൈറ്റിന് ബൈജുവാണ് മലയാളം, മൂവി & മ്യൂസിക് ഡാറ്റാബേസ് (m3db) എന്ന പേരു നിര്‍ദ്ദേശിച്ചത്. കുമാർ നീലകണ്ഠനാണ് വെബ്ബ്സൈറ്റിന്റെ ലോഗോ, ഇന്റര്‍ഫേസ് ഡിസൈന്‍ എന്നിവ തയ്യാറാക്കിയത്, ഡാറ്റാബേസ് ഡിസൈനിംഗ്, വെബ് ഡെവലപ്പ്മെന്റ് & മെയിന്റൻസ് എന്നിവ കെവിൻ സിജി നിർവ്വഹിച്ചു. www.m3db.com (മലയാളം മൂവി & മ്യൂസിക് ഡാറ്റാബേസ്)ന്റെ ഉദ്ഘാടനത്തിന് 2010 ഡിസംബർ 20-നു പാലക്കാട് മൃണ്മയി, എന്ന ഭവനം വേദിയായി. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോൺസൺ സംഗീതവിഭാഗവും ചലച്ചിത്ര സംവിധായകനായ ശ്രീ പി.ടി കുഞ്ഞുമുഹമ്മദ് വെബ്ബ്സൈറ്റിന്റെ ചലച്ചിത്രവിഭാഗവും ഉദ്ഘാടനം ചെയ്തു.
എം3ഡിബി ഉദ്ഘാടനത്തിന്റെ ദൃശ്യങ്ങൾm3dbയുടെ പത്താം വാർഷികം
പത്ത് വർഷങ്ങൾ പൂർത്തിയാക്കിയ m3dbയുടെ ആഘോഷം വളരെ വിജയകരമായി സോഷ്യൽ മീഡിയയിലും മറ്റും ആഘോഷിച്ചു, ഈ വേളയിൽ m3dbയേപ്പറ്റി വിവിധ മാധ്യമങ്ങളും ചലച്ചിത്ര മേഖലയിലെ വിവിധ താരങ്ങളും പറയുന്നത് മാധ്യമ വാർത്തകളിലും യൂട്യൂബിൽ താഴെയുള്ള പ്ലേ ലിസ്റ്റിലും കാണാം.