കാരൂർ നീലകണ്ഠപ്പിള്ള

Karoor Neelakanda Pilla
Date of Birth: 
ചൊവ്വ, 22 February, 1898
Date of Death: 
ചൊവ്വ, 30 September, 1975
കഥ: 2

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കടുത്തുള്ള കാരൂര്‍ വീട്ടിൽ തിരുമാറാടി പാലാമ്പടത്തില്‍ നീലകണ്ഠപിള്ളയുടെയും കാരുര്‍ വീട്ടില്‍ കുഞ്ഞീലിയമ്മയുടെയും നാലുമക്കളില്‍ മൂത്ത മകനായി ജനിച്ചു. ഏഴാംക്ലാസ്സ് ജയിച്ചപ്പോള്‍ പ്രൈമറി സ്കൂള്‍ അധ്യാപകനാകാനുള്ള യോഗ്യത കൈവരിക്കുകയും പതിനഞ്ചാം വയസ്സില്‍ തന്നെ പറപ്പൂർ എന്ന സ്ഥലത്തെ പളളിവക യു.പി സ്കൂളില്‍ നീലകണ്ഠ പിള്ള അധ്യാപകനാകുകയും ചെയ്തു. 

അധികം വൈകാതെ കോതമംഗലത്ത് പോത്താനിക്കാട് സര്‍ക്കാര്‍ സ്കൂളില്‍ അദ്ദേഹത്തിന് നിയമനം കിട്ടി. അവിടെ അധ്യാപകനായിരിക്കെ ഒമ്പതാം ക്ലാസ്സിലെ പരീക്ഷ പ്രൈവറ്റായി എഴുതി ജയിച്ചു. 1922 -ല്‍ ഒരു വര്‍ഷത്തോളം കാരൂർ നീലകണ്ഠ പിള്ളയ്ക്ക് അധ്യാപകവൃത്തിയില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നു. ആ സമയത്ത് അദ്ദേഹം വൈദ്യം പഠിക്കുകയും ഏറ്റുമാനൂരില്‍ ഒരു വൈദ്യശാല നടത്തുകയും ചെയ്തിരുന്നു. സഹകരണ മേഖലയിൽ കഴിവ് തെളിയിച്ച കാരൂര്‍ പ്രസിഡന്‍റായി ഏറ്റുമാനൂരില്‍ ഒരു സഹകരണസംഘം രൂപികരിക്കപ്പെട്ടിരുന്നു. ഇങ്ങനെയാര്‍ജ്ജിച്ച പരിചയസമ്പന്നത പില്‍ക്കാലത്ത് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ രൂപീകരണത്തിന് സഹായകമായി. 1945 മാര്‍ച്ച് 19 -നാണ് തിരുവിതാംകൂര്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 1965 -വരെ അതിന്റെ സെക്രട്ടറിയായിരുന്നു കാരൂര്‍.

1932 -ല്‍ തനിക്ക് മുപ്പത്തിനാലു വയസ്സുള്ളപ്പോഴാണ് കാരൂര്‍ തന്റെ ആദ്യത്തെ ചെറുകഥ എഴുതുന്നത്  കഥയുടെ പേര്‍ ഭൃത്യവാത്സല്യം. അക്കാലത്ത് സാഹിത്യം കൂടുതല്‍ ജനകീയമായിത്തീര്‍ന്നത് ചെറുകഥകളിലൂടെയായിരുന്നു. അധ:സ്ഥിത ജനതയുടെ ജീവിതത്തിന്റെ ദൈന്യതകളെയും ആത്മസംഘര്‍ഷത്തെയും കാരൂരിന്റെ മിക്ക കഥകളിലും നിശിതമായിത്തന്നെ അവതരിപ്പിക്കപ്പെടുന്നുണ്ട്. മുപ്പതു കൊല്ലത്തോളം പ്രൈമറി സ്കൂള്‍ അധ്യാപകനായിരുന്ന കാരൂര്‍ അധ്യാപകരുടെ ജീവിതത്തിലെ ദൈന്യാവസ്ഥകളെ പല കഥകളിലൂടെയും ആവിഷ്കരിക്കരിച്ചിട്ടുണ്ട്. വാധ്യാര്‍ കഥകള്‍ എന്നു വിളിക്കപ്പെട്ട ഒന്നര ഡസനിലധികം രചനകൾ അദ്ദേഹത്തിന്റേതായി ഉണ്ട്.

സാഹിത്യപ്രവര്‍ത്തക സഹകരണസംഘത്തിലെ തിരക്കിട്ട ജോലിക്കിടയിലും സാഹിത്യ രചന കാരൂര്‍ തുടര്‍ന്നു പോന്നു. ചെറുകഥകള്‍ ബാലസാഹിത്യകൃതികള്‍, നാടകങ്ങള്‍ എന്നിവ ഇതില്‍പെടും. മോതിരം എന്ന കഥാസമാഹാരത്തിന് 1968 -ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ചിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപ്പിള്ള ചെറുകഥകള്‍ മാത്രമല്ല എഴുതിയിട്ടുള്ളത്. ഗൗരി, ഹരി, പഞ്ഞിയും തുണിയും എന്നീ നോവലുകള്‍ അദ്ദേഹം എഴുതുന്നത് ജീവതത്തിന്റെ അന്ത്യഘട്ടത്തിലാണ്. ബി കെ പൊറ്റക്കാട് സംവിധാനം ചെയ്ത് 1971 -ൽ ഇറങ്ങിയ പൂമ്പാറ്റ, രാജീവ് നാഥ് സംവിധാനം ചെയ്ത് 2022 -ൽ ഇറങ്ങിയ ഹെഡ്മാസ്റ്റർ എന്നീ ചിത്രങ്ങളുടെ കഥകൾ കാരൂർ നീലകണ്ഠ പിള്ളയുടേതായിരുന്നു. 

1975 -സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു. കാരൂർ നീലകണ്ഠ പിള്ളയുടെ ഭാര്യ ഭവാനിയമ്മ.