ഹരിപ്രിയ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1991 ഒക്ടോബർ 29 ന് കർണ്ണാടകയിലെ ചിക്കബല്ലാപൂരിൽ ഒരു തെലുങ്കു കുടുംബത്തിൽ ജനിച്ചു. ശ്രുതി ചന്ദ്രസേന എന്നതായിരുന്നു യഥാർത്ഥ നാമം. സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഹരിപ്രിയ ഭരതനാട്യം പഠിയ്ക്കുവാൻ തുടങ്ങി. ബാംഗ്ലൂരിലേയ്ക്ക് താമസം മാറ്റിയ ഹരിപ്രിയ ബാംഗ്ലൂരിലെ വിദ്യാമന്ദിർ കോളേജിൽ നിന്നും ബിരുദം പഠനം പൂർത്തിയാക്കി.
പന്ത്രണ്ടാം ക്ലാസ്സിൽ പഠിയ്ക്കുമ്പോളാണ് ഹരിപ്രിയക്ക് സിനിമയിൽ അഭിനയിയ്ക്കാനുള്ള അവസരം ലഭിയ്ക്കുന്നത്. ഒരു പ്രോഗ്രാമിൽ വെച്ച് ഹരിപ്രിയയെ കണ്ട സംവിധായകൻ റിച്ചാഡ് കാസ്റ്റലിനൊ ബഡി എന്ന തുളു ഭാഷാ ചിത്രത്തിലേയ്ക്ക് നായികയാവാൻ ഹരിപ്രിയയെ ക്ഷണിച്ചു. 2007 ലാണ് ഹരിപ്രിയയുടെ ആദ്യ ചിത്രം ബഡി റിലീസാകുന്നത്. 2008 ൽ ഹരിപ്രിയയുടെ ആദ്യ കന്നഡ ചിത്രം മനസ്സുഗുള്ളേ മധു മധുര റിലീസായി. തുടർന്ന് നിരവധി കന്നഡ ചിത്രങ്ങളിൽ നായികയായി അഭിനയിച്ചു. താമസിയാതെ ഹരിപ്രിയ കന്നഡ സിനിമകളിലെ മുൻ നിര നായികമാരിലൊരാളായി മാറി. 2010 ലാണ് ഹരിപ്രിയ തമിഴ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. കനകവേൽ കക്ക ആയിരുന്നു ആദ്യ തമിഴ് ചിത്രം. അതേ വർഷം തന്നെ തകിട തകിട എന്ന തെലുങ്കു ചിത്രത്തിലും നായികയായി. തിരുവമ്പാടി തമ്പാൻ എന്ന സിനിമയിൽ ജയറാമിന്റെ നായികയായിക്കൊണ്ടാണ് ഹരിപ്രിയ മലയാളത്തിൽ അഭിനയിയ്ക്കുന്നത്. അൻപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിപക്ഷവും കന്നഡ ചിത്രങ്ങളായിരുന്നു.