സോണിയ അഗർവാൾ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1982 മാർച്ച് 28 ന് ചണ്ഡീഗഡിൽ ജനിച്ചു. സ്ക്കൂളിൽ പഠിയ്ക്കുന്ന കാലത്ത് ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചുകൊണ്ടാണ് സോണിയ അഗർവാൾ അഭിനയരംഗത്തേയ്ക്കെത്തുന്നത്. 2002 ൽ നീ പ്രേമകി എന്ന തെലുങ്കു സിനിമയിലൂടെയാണ് അവർ ചലച്ചിത്രലോകത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. അതിനുശേഷം കന്നഡ സിനിമയായ ചന്ദു- വിൽ അഭിനയിച്ചു. 2003 ൽ തമിഴിൽ കാതൽ കൊണ്ടേൻ എന്ന സിനിമയിൽ ധനുഷിന്റെ നായികയായി. സിനിമ വിജയമായതോടെ സോണിയ അഗർവാൾ തിരക്കുള്ള നടിയായി മാറി.
തമിഴിലും, തെലുങ്കിലും കന്നഡയിലും മലയാളത്തിലുമായി മുപ്പതിലധികം ചിത്രങ്ങളിൽ അവർ അഭിനയിച്ചു. 2012 ൽ ഗൃഹനാഥൻ എന്ന സിനിമയിൽ മുകേഷിന്റെ നായികയായാണ് സോണിയ മലയാള സിനിമയിൽ ആദ്യമായി അഭിനയിയ്ക്കുന്നത്. തുടർന്ന് ജമ്ന പ്യാരി ഉൾപ്പെടെ മൂന്നു ചിത്രങ്ങളിൽ അവർ അഭിനയിച്ചു.
സോണിയ അഗർവാൾ 2006 ൽ വിവാഹിതയായി. തമിഴ് സംവിധായകൻ ശെൽവരാഘവനെയാണ് വിവാഹം ചെയ്തത്. 2010 ൽ അവർ വിവാഹമോചിതരായി.