വത്സൻ കണ്ണേത്ത്
കണ്ണേത്ത് ഇട്ടൻ കുരിയന്റേയും വിത്തമ്മയുടേയും മകനായി എറണാകുളം ജില്ലയിലെ പുത്തങ്കുരിശിൽ ജനിച്ചു. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം പൂർത്തിയാക്കിയ ശേഷം എഴുപതുകളിൽ തിരുവനന്തപുരം മെരിലാന്റ് സ്റ്റുഡിയോയിൽ, നിർമ്മാതാവും സംവിധായകനുമായ പി. സൂബ്രഹ്മണ്യത്തിന്റെ കീഴിലാണ് വത്സൻ തന്റെ സിനിമാ ജീവിതം ആരംഭിയ്ക്കുന്നത്. പിന്നീട് എം.കൃഷ്ണൻ നായർ, ശശികുമാർ, എ. ഭീംസിംഗ്, പി.എൻ. സുന്ദരം, തോപ്പിൽ ഭാസി, ലിസ ബേബി തുടങ്ങിയ സംവിധായകരുടെ കീഴിൽ അമ്പതോളം സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. പ്രശസ്ത സംവിധായകൻ മോഹന്റെ ആദ്യകാല ചിത്രങ്ങളിൽ വത്സൻ മുഖ്യ സഹസംവിധായകനായിരുന്നു.
1984 -ൽ എസ് എൽ പുരം സദാനന്ദന്റെ രചനയിൽ എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രം വത്സൻ കണ്ണേത്ത് സ്വതന്ത്രമായി സംവിധാനം ചെയ്തു. നടനും നിർമ്മാതാവുമായ ഇന്നസന്റ്, ഡേവിഡ് കാച്ചപ്പിള്ളി എന്നിവരോടൊപ്പം സിനിമാ നിർമ്മാണത്തിലും വത്സൻ പങ്കാളിയായിട്ടുണ്ട്. പിന്നീട് വത്സൻ സിനിമാ വിതരണ രംഗത്തെത്തി. തമിഴ് സിനിമയായ ചങ്കിരി ഏറ്റെടുത്തുവെങ്കിലും സിനിമ റിലീസാകാതെ വന്നതോടെ ഈ രംഗം വിട്ടു.
വത്സൻ കണ്ണേത്തിന്റെ ഭാര്യ വത്സ. മകൻ അരുൺ കണ്ണേത്ത്. 2024 ആഗസ്റ്റിൽ അദ്ദേഹം അന്തരിച്ചു.