ഉണ്ണികൃഷ്ണൻ പുത്തൂർ
കല്ലാത്ത് പുള്ളിപ്പറമ്പിൽ ശങ്കുണ്ണിനായരുടെയും പുത്തൂർ ജാനകിയമ്മയുടെയും മകനായി 1933 ജൂലായ് 20 ആം തിയതി തൃശ്ശൂർ ഏങ്ങണ്ടിയൂരിലെ ഇല്ലത്ത് അകായിൽ തറവാട്ടിൽ ഉണ്ണികൃഷ്ണൻ പുത്തൂർ ജനിച്ചു.
1948 ൽ ചാവക്കാട് ബോർഡ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി ജയിച്ച അദേഹം 1950 കളിൽ തന്നെ കവിതകളും കഥയും എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്റെ കൽപ്പകപ്പൂമഴ എന്ന കവിതാസമാഹാരത്തിന് അവതാരിക എഴുതിയത് വൈലോപ്പിള്ളിയായിരുന്നു.
ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച ആദ്യകഥ ചങ്ങമ്പുഴയുടെ മരണം പ്രമേയമാക്കിയ മായാത്ത സ്വപ്നമായിരുന്നു. ആദ്യത്തെ കഥാസമാഹാരമായ കരയുന്ന കാല്പാടുകൾ എന്ന കൃതിയുമായി കേരളത്തിനുള്ളിലും വെളിയിലുമായി ഒരുവർഷത്തോളം അലഞ്ഞുനടന്നു.
1954 മുതൽ 1956 വരെ പാലക്കാട് വിക്ടോറിയ കോളേജിൽ പഠിച്ചെങ്കിലും ബിരുദം എടുക്കാതെ രാഷ്ട്രീയ പ്രവർത്തകനായും സോഷ്യലിസ്റ്റ് തൊഴിലാളി പ്രവർത്തകനായും കഴിഞ്ഞു. 1957 ൽ ഗുരുവായൂർ ദേവസ്വത്തിൽ ഗുമസ്തനായി ജോലിയിൽ പ്രവേശിച്ചു. 1987 ൽ ഗുരുവായൂർ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്മെന്റിന്റെ വകുപ്പുമേധാവിയായി ഉദ്യോഗത്തിൽനിന്നും വിരമിച്ചു.
കംസൻ/കാഴ്ചകൾക്കപ്പുറം/മൃത്യുയാത്ര/ഗുരുവായൂരപ്പന്റെ തുളസിമാല/ബലിക്കല്ല്/
ആത്മവിഭൂതി/നാഴികമണി/ഗജരാജൻ ഗുരുവായൂർ കേശവൻ/അമൃതമഥനം/ആനപ്പക/
മനസ്സേ ശാന്തമാകൂ/മറക്കാനും പൊറുക്കാനും/
ധർമചക്രം/ഗുരുവായൂരപ്പന്റെ കുന്നിക്കുരുമാല/
ജലസമാധി/ആട്ടുകട്ടിൽ/പാവക്കിനാവ്/വേദനകളും സ്വപ്നങ്ങളും/നിദ്രാവിഹീനങ്ങളായ രാവുകൾ/ഡൈലൻ തോമസിന്റെ ഗാനം/സുന്ദരി ചെറ്യേമ്മ/നക്ഷത്രക്കുഞ്ഞ്/ഗോപുരവെളിച്ചം/മകന്റെ ഭാഗ്യം/എന്റെ നൂറ്റൊന്നു കഥകൾ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
1977 ൽ ഭരതൻ സംവിധാനം ചെയ്ത ഗുരുവായൂർ കേശവൻ എന്ന ചലച്ചിത്രത്തിന്റെ കഥ ഇദ്ദേഹത്തിന്റേതായിരുന്നു.
കേരള സാഹിത്യ അക്കാദമി അവാർഡ്/ജി. സ്മാരക അവാർഡ്/പത്മപ്രഭാ പുരസ്കാരം എന്നിവയാണ് ഇദ്ദേഹത്തിന് ലഭിച്ച പ്രധാന പുരസ്കാരങ്ങൾ.
2014 ഏപ്രിൽ 2 ആം തിയതി തന്റെ 81 ആം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചാവക്കാട് മുതുവട്ടൂരിലെ രാജാ ആശുപത്രിയിൽ വെച്ച് ഇദ്ദേഹം അന്തരിച്ചു.
തങ്കമണിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ/ഷാജു/ ബിജു എന്നിവരാണ് മക്കൾ.