സൂര്യ കൃഷ്ണമൂർത്തി

Soorya Krishnamoorthi

നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തി 1951 ഏപ്രിൽ 11 ആം തിയതി കേരള സർക്കാർ എഞ്ചിനീയർ ആയിരുന്ന നടരാജ പിള്ളയുടെയും ഗാന്ധി പീസ് ഫൗണ്ടേഷന്റെ സജീവ അംഗമായിരുന്ന സി. സരസ്വതിയമ്മയുടെയും മകനായി കോട്ടയത്താണ് ജനിച്ചത്.

1972 ൽ കൊല്ലത്തെ ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം , ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയിൽ (ISRO) ശാസ്ത്രജ്ഞനായ ഇദ്ദേഹം 1977 ൽ സൂര്യ ഫെസ്റ്റിവൽ എന്ന പേരിൽ മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ സംഘടിപ്പിക്കാൻ ആരംഭം കുറിച്ചു. 

2006 ൽ ജോൺ എബ്രഹാം അവാർഡുകളുടെയും പി. പത്മരാജൻ അവാർഡിന്റെയും ഫിലിം അവാർഡ് ജൂറിയുടെ ചെയർമാനായിരുന്നു അദ്ദേഹം ദൂരദർശൻ ഉപദേശക സമിതി, ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പിന്റെ വിദഗ്ദ്ധ സമിതി, രാജ്യത്തിന്റെ സാംസ്കാരിക നയം വികസിപ്പിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റിന്റെ സാംസ്കാരിക വകുപ്പ് രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റി എന്നിവയിലും അംഗമായിരുന്നു. 

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഡയറക്ടറായി മൂന്ന് തവണ സേവനമനുഷ്ഠിച്ച ഇദ്ദേഹം ഇന്ത്യാ നാഷണൽ ഫിലിം അവാർഡ് കമ്മിറ്റി, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റി, എൻ‌എഫ്‌ഡി‌സി സ്ക്രിപ്റ്റ് കമ്മിറ്റി, ഇന്ത്യൻ പനോരമ ഫിലിംസ് തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കമ്മിറ്റി എന്നിവയിൽ അംഗമായും സേവനമനുഷ്ഠിച്ചു. ഇന്ത്യയുടെ സാംസ്കാരിക നയം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്കുവഹിച്ച ഇന്ത്യാ സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ വിദഗ്ദ്ധ സമിതിയിലും അംഗമായിരുന്ന ഇദ്ദേഹം കേരള സംഗീത നാടക അക്കാദമിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു.

1996 ൽ ഇന്ത്യൻ രാഷ്ട്രപതിയുടെ നാടക ശില്പകലയ്ക്കും സംവിധാനത്തിനുമുള്ള ദേശീയ അവാർഡ് നൽകി ആദരിച്ച ഇദ്ദേഹത്തെ തേടി കേരളം, തമിഴ്‌നാട്, പുതുച്ചേരി സർക്കാരുകളുടെ പരമോന്നത ബഹുമതികളും വന്നിട്ടുണ്ട്. 2023 ൽ, കേരള സർക്കാർ നൽകുന്ന രണ്ടാമത്തെ ഉയർന്ന ബഹുമതിയായ കേരള പ്രഭ അവാർഡ് നൽകി ആദരിച്ച ഇദ്ദേഹത്തെ തേടി മറ്റു നിരവധി അംഗീകാരങ്ങൾ വന്നിട്ടുണ്ട്.

2011 ൽ പുറത്തിറങ്ങിയ  മേൽവിലാസം എന്ന ചലച്ചിത്രത്തിന്റെ കഥ,തിരക്കഥ സംഭാഷണം എന്നിവ ഇദ്ദേഹമാണ് രചിച്ചത്.