നിഷ മാത്യു
കോഴിക്കോട് സ്വദേശിനിയായ നിഷ മാത്യു വിദ്യാഭ്യാസത്തിനുശേഷം ജെറ്റ് എയർവെയ്സിലാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിയ്ക്കുന്നത്. അബുദാബി എയർപോർട്ടിലായിരുന്നു ആദ്യമായി ജോലി ചെയ്തത്. അതിനുശേഷം ദുബായ് എയർപോർട്ടിലും ജോലിചെയ്തു. ദുബായിൽ ജോലി ചെയ്യുന്ന സമയത്താണ് നിഷ Whiz Media എന്ന പരസ്യ ഏജൻസി ആരംഭിയ്ക്കുന്നത്. തുടർന്ന് അതിനോടനുബന്ധിച്ച് Whiz Movies എന്ന ഒരു കണ്ടന്റ് പ്രൊഡക്ഷൻ കമ്പനിയും കേരളം ആസ്ഥാനമാക്കി ആരംഭിച്ചു. അതിനുശേഷം ദുബായിൽ സ്പായും, റെസ്റ്റൊറന്റും തുടങ്ങി. താമസിയാതെ അവർ ബിസിനസ് രംഗത്ത് ഉയർന്നുവന്നു.
2013 ൽ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന ചിത്രത്തിൽ ലാലിന്റെ ഭാര്യയായി അഭിനയിച്ചുകൊണ്ടാണ് നിഷ മാത്യു അഭിനയരംഗത്തേയ്ക്കെത്തുന്നത്. അതിനുശേഷം അങ്കിൾ, പടച്ചോനേ ഇങ്ങള് കാത്തോളീ എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. സിനിമകൾ കൂടാതെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിലും നിഷ മാത്യു അഭിനയിച്ചു. കൂടെവിടെ സീരിയലിലെ നിഷ മാത്യു അവതരിപ്പിച്ച റാണിയമ്മ എന്ന കഥാപാത്രം കുടുംബ പ്രേക്ഷകരുടെ അഭിനന്ദനം നേടിയെടുത്തു. ഇരുപത് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച നിഷ ഇപ്പോൾ കേരളത്തിൽ സ്ഥിരതാമസമാക്കി അഭിനയമേഖലയിൽ ശ്രദ്ധ ചെലുത്തുന്നു. നിഷയ്ക്ക് മൂന്നു പെൺ മക്കളാണ്. ഒലിമ്പിയ, ഒലീന, ഒലിൻഡ.