എം എസ് ഭാസ്ക്കർ
തമിഴ്നാട്ടിലെ മുതുക്കോട്ട സ്വദേശി. നാഗപട്ടണത്ത് ജനിച്ച് വളർന്ന മുതുക്കോട്ടൈ സോമു ഭാസ്കർ സൊസൈറ്റി ഫോർ ന്യൂ ഡ്രാമ എന്ന നാടക ട്രൂപ്പിൽ നാടക നടനായാണ് പ്രൊഫഷണൽ രംഗത്ത് തുടക്കമിടുന്നത്. നാടകത്തിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ ആൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലുമൊക്കെ അഭിനയിച്ചിരുന്നു. ഹാസ്യതാരങ്ങൾക്കുള്ള ശബ്ദത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായി തെലുങ്ക് ചിത്രങ്ങൾക്കും മറ്റും ശബ്ദം കൊടുത്തിരുന്നു. ഇംഗ്ലീഷ് ഭാഷയിലും ചിത്രങ്ങൾക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. ദൂരദർശന്റെ കോമഡി സീരീസുകളിൽ വേഷമിട്ട് പ്രസിദ്ധിയാർജ്ജിച്ച ഭാസ്കർ തിരുമതി ഒരു വെഗുമതി എന്ന സിനിമയിലെ ഒരു ചെറിയ വേഷമഭിനയിച്ച് സിനിമയിൽ തുടക്കമിടുന്നത്. മൊഴി, ശിവാജി, സാധു മിറാന്റ, ദശാവതാരം സിനിമകളിലെ വേഷങ്ങൾ പ്രസിദ്ധമാണ്. ഏറെ തമിഴ് സിനിമകളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള ഈ നടൻ റോഷൻ ആൻഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിൽ വേഷമിട്ടിരുന്നു. സേതുവിൻറെ അടയാളങ്ങൾ എന്ന കഥയെ ആസ്പദമാക്കി വേണു നായർ സംവിധാനം ചെയ്യുന്ന ജലസമാധിയിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് എം എസ് ഭാസ്കറാണ്. വൃദ്ധരായവരെ അവരുടെ കുടുംബാംഗങ്ങൾ തന്നെ ബലംപ്രയോഗിച്ചോ നിർബന്ധപൂർവമോ നടപ്പിലാക്കുന്ന ദയാവധമാണ് തലൈക്കൂത്തൽ. തമിഴ്നാട്ടിലെ ചിലഭാഗങ്ങളിലാണിത് നടന്നുവരുന്നത്.
ഭാസ്ക്കറിന്റെ മകൾ ഐശ്വര്യ തമിഴിലെ നായികമാർക്ക് ശബ്ദം കൊടുക്കുന്ന ഡബ്ബിംഗ് ആർട്ടിസ്റ്റാണ്. മൂത്ത സഹോദരി ഹേമമാലിനിയും ഡബ്ബിംഗ് രംഗത്തുണ്ട്. മകൻ ആദിത്യ ഭാസ്കർ വിജയ് സേതുപതിയുടെ 96ൽ തുടക്കമിട്ട് പ്രശസ്തി നേടിയിരുന്നു.