വേണു നായർ
1964 -ലാണ് മലയാള ചലച്ചിത്ര സംവിധായകനായ വേണു നായര്‍ ജനിച്ചത്. 2019 -ൽ പ്രശസ്ത മലയാളം എഴുത്തുകാരൻ സേതു രചിച്ച ജലസമാധി എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചു.
കാലിഫോർണിയയിലെ ക്രിയേഷൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇസ്രായേലിലെ ഹോളി ഗ്രെയ്ൽ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, നേപ്പാളിലെ ഓൾഡ് മോങ്ക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഡ്രക്ക് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവയുൾപ്പെടെ 52 അവാർഡുകൾ നേടുകയും 56 അന്താരാഷ്ട്ര ചലച്ചിത്രമേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്‌ത ജലസമാധി ലോകമെമ്പാടുമുള്ള പ്രേക്ഷക ശ്രദ്ധനേടി. അതിനുശേഷം വേണു നായർ 2023 -ൽ ഏകം എന്ന സിനിമയ്ക്ക് കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, നിർമ്മാണം, സംവിധാനം എന്നിവ നിർവഹിച്ചു.
കൂടാതെ പരിസ്ഥിതി സുസ്ഥിരത, മനുഷ്യാവകാശം തുടങ്ങിയ നിർണായക വിഷയങ്ങളെ കുറിച്ചുള്ള നിരവധി ഫീച്ചർ ഫിലിമുകളും ഡോക്യുമെൻ്ററികളും വേണു നായർ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിൻ്റെ സൃഷ്ടികളിൽ വേറിട്ട ഒന്നാണ് സ്പിരിറ്റ്: ദ സേക്രഡ് ഗ്രോവ്സ് ഓഫ് കേരള എന്ന ഡോക്യുമെൻ്ററി. ഒന്നിലധികം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രശംസ നേടുകയും നിരവധി അവാർഡുകൾ നേടുകയും ചെയ്ത ഈ ഡോക്യുമെൻ്ററിക്ക് മികച്ച ടൂറിസം ചിത്രത്തിനും സംവിധായകനും നിർമ്മാതാവിനുമുള്ള ദേശീയ അവാർഡുകളും കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകളും അദ്ദേഹത്തിന് നേടിക്കൊടുത്തു. തൻ്റെ സിനിമകൾക്കും ഡോക്യുമെൻ്ററികൾക്കുമായി മുപ്പതോളം ഗാനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം 2020 -ൽ ഏഴാമത് ആർട്ട് ഇൻഡിപെൻഡൻ്റ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൻ്റെ ചെയർമാനായും ഫെസ്റ്റിവൽ ഡയറക്ടറും ആയിരുന്നു.