മിനി

Mini
സി. മിനി
സന്ദേശം
C.Mini
സി. മിനി

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരി സ്വദേശിനിയാണ് മിനി. നിലവിൽ തൊണ്ടയാടാണ് താമസം. കോഴിക്കോട് പ്രൊവിഡൻസ് സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് പൂമഴ എന്ന സിനിമയിൽ വിദ്യാർത്ഥിനികളിലൊരാളായി അഭിനയിച്ചുകൊണ്ടായിരുന്നു സിനിമയിൽ അരങ്ങേറിയത്. പിന്നീട് മലബാർ ക്രിസ്ത്യൻ കോളേജിൽ ബി.എസ്.സി കെമിസ്ട്രി വിദ്യാർത്ഥിനിയായിരിക്കവേ കാക്കത്തൊള്ളായിരം എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്ത് അഭിനയിക്കാൻ അവസരമുണ്ടായി. അതേ വർഷം തന്നെ സന്ദേശം എന്ന സിനിമയിലും ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു. ആ ചിത്രത്തിലെ ഒരു സീനിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ശ്രദ്ധേയവും രസകരവുമായൊരു രംഗമായിരുന്നു അത്. പിന്നീട് ജോർജ്ജൂട്ടി C/O ജോർജ്ജൂട്ടി, സർഗ്ഗവസന്തം എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു.

കലാമണ്ഡലം ചന്ദ്രിയുടെ ശിഷ്യയായിരുന്ന മിനി, ബി സോൺ-ഇന്റർസോൺ മത്സരങ്ങളിൽ നാടോടിനൃത്തത്തിൽ ഒന്നാംസ്ഥാനക്കാരിയായിരുന്നു.  സിനിമയോടും നൃത്തത്തോടുമുള്ള താത്‌പര്യവും യാത്രകളും കാരണം മലബാർ ക്രിസ്ത്യൻകോളേജിലെ ബി.എസ്‌സി. കെമിസ്ട്രി പഠനം മുടങ്ങിയെങ്കിലും, പിന്നീട് മലയാളം, ഇംഗ്ലീഷ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദം നേടുകയുണ്ടായി.  ബി.എഡ് പാസ്സായശേഷം ആദ്യം ഭവൻസ് സ്കൂളിലാണ് അധ്യാപികയായി ജോലിയിൽ പ്രവേശിച്ചത്. പിന്നീട് ദേവഗിരി സി.എം.ഐ പബ്ലിക് സ്കൂളിലും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ കോഴിക്കോട് സദ്ഭാവനാ സ്കൂളിൽ മലയാളം അധ്യാപികയാണ്.
   മുരളീധർ ബാബുവാണ് മിനിയുടെ ഭർത്താവ്. അനന്തകൃഷ്ണൻ, ഹരിനാരായണൻ എന്നിവർ മക്കൾ.