മരട് ജോസഫ്
അഞ്ചുതൈക്കൽ സേവ്യറിന്റെയും ഏലീശ്വയുടേയും മകനായി എറണാകുളം ജില്ലയിലെ മരടിൽ ജനിച്ചു. മരട് സെൻറ് മേരീസ് സ്കൂളിലായിരുന്നു ജോസഫിന്റെ പ്രാഥമിക വിദ്യാഭ്യാസം. സ്കൂൾ പഠനകാലത്തുതന്നെ അദ്ദേഹം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. "പിന്‍ഗാമി" എന്ന നാടകത്തിലാണ് ജോസഫ് ആദ്യം അഭിനയിച്ചത്. "വഴിത്താര' എന്ന നാടകത്തിൽ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കിമാറ്റി.
പി. ജെ. ആന്റണിയുടെ പ്രതിഭാ ആർട്സ് ക്ലബ്ബിലെ സ്ഥിരാംഗമായ അദ്ദേഹം 'ഇൻക്വിലാബിന്റ മക്കൾ', 'വിശക്കുന്ന കരിങ്കാലി' തുടങ്ങിയ നാടകങ്ങളിൽ അഭിനയിച്ചു. അതോടൊപ്പം അതിലെ രണ്ട് ഗാനങ്ങളും ആലപിച്ചു. ഒഎൻവിയുടെ വരികളിൽ ദേവരാജൻ മാഷിന്റെ സംഗീതത്തിൽ "കൂരകൾക്കുള്ളിൽ തുടിക്കും ജീവനാളം കരിന്തിരി കത്തി", "വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിൻ പനിനീരേ" എന്നിവയായിരുന്നു ആ ഗാനങ്ങൾ. ശങ്കരാടി, മണവാളൻ ജോസഫ്, കല്യാണിക്കുട്ടിയമ്മ, കോട്ടയം ചെല്ലപ്പൻ, എഡ്ഡി മാസ്റ്റർ തുടങ്ങിയ പ്രഗല്ഭർക്കൊപ്പം അഭിനയിച്ച അദ്ദേഹം പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സിലും കൊച്ചിൻ കലാകേന്ദ്രം, കൊല്ലം ജ്യോതി തിയറ്റേഴ്സ്, കോട്ടയം വിശ്വകേരള കലാസമിതി, കോഴിക്കോട് സംഗമം തിയറ്റേഴ്സ്, ആലപ്പി തിയറ്റേഴ്സ് തുടങ്ങിയവയിലും എൻ. എൻ പിള്ളയുടെ ഈശ്വരൻ അറസ്റ്റിൽ പ്രേതലോകം, വൈൻഗ്ലാസ്, വിഷമവൃത്തം, കാപാലിക, തുടങ്ങിയ നാടകങ്ങളിലും കെ. ടി മുഹമ്മദിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങിയ നാടകങ്ങളിലും അഭിനയിച്ചു.
പ്രശസ്ത നാടകകൃത്തുക്കളായ എൻ. ഗോവിന്ദൻകുട്ടി, സെയ്ത്താൻ ജോസഫ്, നോർബർട്ട് പാവന തുടങ്ങിയവരുടെ അനേകം കഥാപാത്രങ്ങൾക്കും എം. ടി വാസുദേവൻ നായരുടെ ഒരേയൊരു നാടകം ഗോപുരനടയിൽ അരങ്ങിലെത്തിയപ്പോൾ അതിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോസഫായിരുന്നു. വിശക്കുന്ന കരിങ്കാലി എന്ന സിനിമയിൽ ദേവരാജന്റെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചുകൊണ്ട് ചലച്ചിത്ര പിന്നണി ഗായകനായ ജോസഫ് 1980 -ൽ ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 2022 -ൽ സഹീര്‍ അലി സംവിധാനം ചെയ്ത 'എ ഡ്രമാറ്റിക് ഡെത്ത്' എന്ന സിനിമയ്ക്കു വേണ്ടി തന്റെ തൊണ്ണൂറ്റി രണ്ടാം വയസ്സിൽ വീണ്ടും പിന്നണി ഗായകനായി.
സമഗ്ര സംഭാവനയ്ക്കുള്ള കേരള സംഗീത നാടക അക്കാദമിയുടെ 2011 -ലെ അവാർഡും 2018 -ലെ ഫെലോഷിപ്പും നേടിയീട്ടുള്ള മരട് ജോസഫ് 2023 സെപ്റ്റംബറിൽ തന്റെ 93 -ആം വയസ്സിൽ അന്തരിച്ചു.


