ഒരുകുറി - Composer's Version
ഒരുകുറി കണ്ടു നാം പിരിയുന്ന നേരം നിൻ
മിഴികളിലെൻ മനം മറന്നു വെച്ചു
തിരികേ വന്നെടുക്കുവാൻ നോക്കിയപ്പോൾ നീയോ ഇമയുടെ വാതിലും പൂട്ടി വെച്ചു
നിൻറെ പടിയരികിൽ ഞാനോ കാത്തുനിന്നു
ഇരുളൊന്നു വെളുത്തില്ലേ ഇമചിമ്മി തുറന്നില്ലേ
ഇനിയെന്തേ താമസം പളുങ്കു പെണ്ണേ
മനസ്സിൻ്റെ കിണ്ണം നീ തിരിച്ചു തന്നില്ലെങ്കിൽ
മറന്നവയൊക്കെ ഞാനോർത്തെടുക്കും
നിൻ മുഖമല്ലാതെ മറ്റുള്ളതെല്ലാമെന്നിൽ
വെള്ളത്തിൽ വരച്ച വരപോൽ മാഞ്ഞു പോയി
പലവട്ടം തിരഞ്ഞില്ലേ ഇമവെട്ടി കുടഞ്ഞില്ലേ
എവിടെൻ്റെ മാനസം പറയു പെണ്ണേ
മിഴിക്കായലോളത്തിൽ മഷിക്കട്ടപോലയ്യോ
തിരിച്ചിങ്ങു കിട്ടാതെ വീണലിഞ്ഞോ
എന്തിനി ചെയ്യാനോ നീയെന്ന ചിന്തക്കുള്ളിൽ
ജീവിതം മുഴുവനും ഞാനിരിക്കാം
ഒരുകുറി കണ്ടു നാം പിരിയുന്ന നേരം നിൻ
മിഴികളിലെൻ മനം മറന്നു വെച്ചു
തിരികേ വന്നെടുക്കുവാൻ നോക്കിയപ്പോൾ നീയോ ഇമയുടെ വാതിലും പൂട്ടി വെച്ചു
നിൻറെ പടിയരികിൽ ഞാനോ കാത്തുനിന്നു