ഇന്ദീവരങ്ങളെൻ
ഇന്ദീവരങ്ങളെൻ പൊയ്കയിൽ മൊട്ടിട്ടു
മുങ്ങിത്തുടിച്ചു നനഞ്ഞു നിൽക്കും
മെല്ലെയാ പൂക്കളിൽ വീശുന്ന കാറ്റിന്റെ
തുമ്പു തറച്ചെൻ ഉടൽ വിറയ്ക്കും
(ഇന്ദീവരങ്ങൾ നിൻ കൂന്തൽനിലങ്ങളിൽ
പൊയ്കയിലെന്ന പോൽ പൂത്തു നിൽക്കും
മെല്ലെയതിലൊന്നിറുക്കുന്ന നേരത്തു
സന്ധ്യ പരന്നു കവിൾ തുടുക്കും) Male Version
സന്തതം നിൻ മിഴിയെത്തുന്ന ദൂരത്ത്
ഉണ്ടാവണം എന്നു മോഹമേറും
ചന്തം വെടിയാതെയാകാശസീമയിൽ
ചന്ദ്രനെച്ചേർത്തു പിടിച്ച രാവേ
മണ്ണിൻ മുറിവിലൂടെ
തളിർ നൊന്തു പൊടിച്ച പോലെ
വിണ്ണിൻ പിളർപ്പിലൂടെ
മഴ ചിന്തിത്തെറിച്ച പോലെ
ജീവന്റെ നാമ്പുകൾ തൂകിത്തുളുമ്പുന്നൊരാ-
രണ്യമായി ഞാൻ കാത്തു നിൽപ്പൂ
പ്രേമത്തിനഗ്നിയിൽ വെന്തു നീറാം
ശേഷിപ്പുകൾ മാത്രമോർത്തു വയ്ക്കാം
നിന്റെ വിയർപ്പിറ്റു വീഴുന്ന ഭൂമിയിൽ
വിത്തായ് ഉറങ്ങിക്കിടന്നുവെങ്കിൽ
നിന്നിലെ വർഷവും വേനലും ശൈത്യവും
മെല്ലെ വന്നെന്നെ ഉണർത്തിയെങ്കിൽ
തൂവൽ കൊഴിഞ്ഞ പക്ഷി
ആകാശമോർക്കുന്നതെന്തിനാവാം
താരകച്ചൂട് തട്ടി
വേരുകൾ നീറിപ്പൊടിഞ്ഞതാവാം
നീയാണെനിക്കീയിരുട്ടിൽ പ്രപഞ്ചത്തെയാകെ
തെളിക്കുന്ന പൊൻപ്രകാശം
നിത്യമാം നിദ്രയെ പുൽകി മായാ-
തെന്നെ തടുക്കുന്ന നൽവിചാരം
നിന്റെയധരത്തിലൂറുന്ന പാട്ടുകൾ
എന്നില്ലേക്കെന്നു നീ പെയ്തു തീർക്കും
തൂമന്ദഹാസത്തിലാറ്റിയെൻ പ്രാണന്റെ
വേദനയൊക്കെ തുടച്ചു നീക്കും
ചന്തം വെടിയാതെയാകാശസീമയിൽ
ചന്ദ്രനെച്ചേർത്തു പിടിച്ച രാവേ