ആരോ പോരുന്നെൻ കൂടെ
ആരോ പോരുന്നെൻ കൂടെ
പോരാം ഞാനും നിൻ കൂടെ
ചക്കയ്‌ക്കുപ്പുണ്ടോ പാടും
ചങ്ങാലിപ്പക്ഷീ...
വിത്തും കൈക്കോട്ടും കൊണ്ടേ
എത്താൻ വൈകൊല്ലേ
വയലേലകൾ പാടുകയായ്
വയർ കാഞ്ഞെരിയുന്നവരേ
പുതുതാമൊരു ലോകമിതാ വരവായ്
(ആരോ)
നാമീ മണ്ണ് പൊന്നാക്കും നാളെ
നാമിപ്പൊന്ന് കൊയ്യും നമ്മൾക്കായ്
പുതുകൊയ്‌ത്തിനു പൊന്നരിവാളുകൾ
രാകി മിനുക്കി - വരുമോ കൂടെ
വിള കാത്തു വരമ്പിൽ ഉറക്ക-
മൊഴിച്ചവരാകെ വരവായല്ലോ
നെഞ്ചത്തെ പന്തങ്ങൾ പൂക്കുന്നുണ്ടേ
തന തന്തിന്നോ താനാരോ തന്തിന്നാരോ
ചെഞ്ചോരപ്പൂവെങ്ങും പാറുന്നുണ്ടേ
തന്തിന്നോ താനാരോ തക തന്തിന്നാരോ
(ആരോ)
തലീപീലി താളത്തിൽ തുള്ളും
ഓലേഞ്ഞാലിയ്‌ക്കൂഞ്ഞാലാടേണ്ടേ
നറുതേൻകദളിപ്പുതുകൂമ്പു വിടർത്തിയ
കാറ്റേ - ഇതിലേ പോരൂ
തുടുമാങ്കനി മൂത്ത മണത്തിൽ
മദിയ്‌ക്കും കാറ്റേ - ഇനിയും പോരൂ
നാളത്തെ പൊന്നോണം മാളോർക്കെല്ലാം
തന തന്തിന്നോ താനാരോ തന്തിന്നാരോ
താളത്തിൽ പാടാനും നീയും വേണം
തന്തിന്നോ താനാരോ തന്തിന്നാരോ
(ആരോ)