പാടാം വനമാലീ നിലാവിൻ

ഉണ്ണിക്കണ്ണാ വായോ ഊഞ്ഞാലാടാൻ വായോ
അമ്മയ്ക്കൊരുമ്മ നീ കൊണ്ടു വായോ 
പീലിത്തിരുമുടി മാടിത്തരാം ഉണ്ണി 
ഓടക്കുഴലൂതി പാടിത്തായോ 
ആലോലം താലോലം താരാട്ടാം ഞാൻ നിന്നെ 
ആനന്ദശ്രീകൃഷ്ണാ ഓടിവായോ.

പാടാം വനമാലീ 
നിലാവിൻ പാൽ മഴ പൊഴിയാറായ് 
കുറുമൊഴി പുഴയോരം 
കിനാവിൻ കുടമുല്ല വിടരാറായ് 
അണിമുറ്റത്തൊരു കോണിൽ 
രാവിൻ മണിവിളക്കെരിയാറായ് 

ഗോപപ്പെൺകൊടിമാരുടെ ഓമല്‍പ്പീലിക്കനവു കവർന്നീടാം 
മായക്കാഴ്ചകളോടെ മനസ്സിലെ മിന്നും പൊന്നും അണിഞ്ഞീടാം 
നന്ദകിശോരാ നവനീതചോരാ മുരളിയിലൊരു ചെറു നറുമൊഴി അരുളുക 
(പാടാം വനമാലി...) 

കാൽത്തള കേട്ടൂ ഞാൻ 
നിന്നോമൽ കള്ളച്ചിരി കണ്ടൂ ഞാൻ 
കുണുങ്ങിക്കൊണ്ടൊളിച്ചു വെയ്ക്കും 
കുറുമ്പും കുസൃതിയുമറിഞ്ഞൂ ഞാൻ 
പരിഭവം പറയാതെ എൻ രാധേ 
മൃദുമന്ത്രം ജപിച്ചാട്ടേ 
മധുരയ്ക്കു വരും നേരം തൃപ്പാദം 
മിഴി തൊട്ടു തൊഴുതാട്ടെ 
പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ ആ....ആ..ആ... പൊന്നുറിയൊന്നുമുടയ്ക്കരുതുരുകും വെണ്ണ കവർന്നു മറഞ്ഞവനല്ലേ
മുരഹരഗിരിധര ഹരിവര ചിന്മയ മതി മതി ഇനി മതി നിൻ മറിമായം.. 
പാടാം ഇനിയൊരു ലോലപല്ലവി 
(പാടാം വനമാലി ...) 

യമുനാകല്യാണി മധുരാഗ വരവാണി 
പ്രിയമേറും സുമവേണി വീണാപാണി

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (1 vote)
Padam vanamalee