കാലം കൺകേളി പുഷ്പങ്ങൾ

കാലം കണ്‍കേളി പുഷ്പങ്ങള്‍ വിടര്‍ത്തും
കാമോദ്ദീപക ശിശിരം
രംഗം ചന്ദ്രിക രതിദീപം കൊളുത്തും
രാഗരേഖാ നദീതീരം 

ദേവദാരുക്കള്‍ പൂമാല ചാര്‍ത്തിയ 
ദേവയാനിയും കചനും
കാമുകീകാമുകരായത് കണ്ടു 
ഭൂമീദേവിയും സഖിയും

മൃതസഞ്ജീവിനി ദേവയാനി 
മൃദുനഖ ചന്ദ്രക്കലയാല്‍ വരയ്ക്കൂ 
മദനചാപം നീ - കവിളില്‍
മദനചാപം നീ

മാറിലെ രോമാഞ്ചപ്പൊടിപ്പുകള്‍ ഒടിച്ചൊരു
മാമ്പൂവമ്പു തീര്‍ക്കും - ഞാനൊരു
മാമ്പൂവമ്പു തീര്‍ക്കും
അന്തരംഗത്തിലെയനുരാഗസുധയില്‍ വീ -
ണതിന്റെ ചൊടികള്‍ ചുവക്കും 

ഉല്പ്പലാക്ഷിമാരേ ഉര്‍വശിമേനകമാരേ - ഈ 
സ്വര്‍ഗ്ഗദൂതനെ തിരിച്ചയയ്ക്കില്ല - ഞാനിനി 
അപ്സരസ്സുകളേ 
ആ ........

വജ്രകുണ്ഡലമഴിച്ചെടുക്കും ഞാന്‍
വൈരമോതിരം വിരലിലിടും
ഈ നീലരോമങ്ങള്‍ക്കിടയില്‍ മറ്റൊരു
പൂണൂല്‍ പോലെ ഞാന്‍ കിടക്കും - കനക
പൂണൂല്‍ പോലെ ഞാന്‍ കിടക്കും

കറുകവനത്തില്‍വച്ചസുരന്മാരെന്റെ 
കചനെ വെട്ടിനുറുക്കി - അവര്‍
കാനന നദിയിലൊഴുക്കി
ജീവിപ്പിച്ചു തരൂ പ്രിയനെ ജീവിപ്പിച്ചു തരൂ 

അസുര ഗുരുനാഥാ ഞാനെന്റെ
കചനെയെന്നിനി കാണും
അമരാവതിയിലെ മാനസസരസ്സിലെ
അഴക്‌ ഞാനെന്നിനി പുണരും
ദേവവൈരികളെ വേണോ അച്ഛന്
ദേവയാനിയെ വേണോ
അസുര ഗുരുനാഥാ അങ്ങെന്റെ
കചന് ജീവന്‍ നല്‍കൂ

ഓം മൃതസന്ജീവനീം ജീവനീം 
ഓം മൃതസന്ജീവനീം ജീവനീം
ഓം ഓം ഓം
ഓം മൃതസന്ജീവനീം ജീവനീം
മന്ത്രമിമം സ്രിണൂ 
ഗുരോ തവഹിതം അനുസരാമീ 
അനുസരാമീ 
ഓം മൃതസന്ജീവനീം ജീവനീം 
ഓം അഗ്നിംഹീളേ പുരോഹിതം 
യജ്ഞസ്യ ദേവം റിത്വിജം
ഓതാരം രത്നധാതമം 

ഓം മൃതസന്ജീവനീം ജീവനീം
ഓം അഗ്നിമീളേ പുരോഹിതം 
യജ്ഞസ്യ ദേവം റിത്വിജം
ഓതാരം രത്നധാതമം

വിടനല്കൂ മുനികന്യകേ വിടനല്കൂ
ഭൂമിയില്‍ നിന്നെന്നെ കൊണ്ടുപോകാനുള്ള
പുഷ്പവിമാനം വന്നു - വിടനല്കൂ

ദേവകാമുകാ പോകരുതേ എന്നെ
പ്രേമവിരഹിണിയാക്കരുതേ - പോകരുതേ 

ഗുരുനന്ദിനി ഞാനെങ്ങനെ
നിന്നെ പ്രണയിക്കും
പിതൃഗര്‍ഭത്തില്‍ പിറന്നവനല്ലേ
പ്രിയസഹോദരനല്ലേ ഞാന്‍ 

ശുക്രപുത്രിയെ വഞ്ചിച്ച 
സ്വര്‍ഗ്ഗബ്രഹ്മഋഷിനന്ദനാ
മറക്കും നീയഭ്യസിച്ച മന്ത്രതന്ത്രങ്ങളത്രയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaalam kankeli

Additional Info

അനുബന്ധവർത്തമാനം