മാറ്റുവിന്‍ ചട്ടങ്ങളേ
മാറ്റുവിന്‍ ചട്ടങ്ങളേ....
ആശാന്‍ പാടീ കുമാരനാശാന്‍ പാടീ
പല്ലനയാറ്റോള കാറ്റേറ്റു പാടിടുന്നു
പല്ലവി കേട്ടുണരൂ നീതിപീഠമേ ഈ
പല്ലവി കേട്ടുണരൂ നീതിപീഠമേ
ചട്ടങ്ങള്‍ ചിട്ടയോടെ ചട്ടകളില്‍ തൂങ്ങിടുമ്പോള്‍
ചട്ടത്തിന്‍ ചാട്ടയേറ്റു ചാട്ടം പിഴയ്ക്കുന്നു
ചത്തവന്‍ കല്ലറയില്‍ കൊന്നവന്‍ മണിയറയില്‍
കേട്ടവന്‍ നിലയറയില്‍ കണ്ടവൻ കൊലയറയില്
(മാറ്റുവിന്‍ ചട്ടങ്ങളേ...)
സത്യം പറഞ്ഞവന് സമ്മാനം മുള്‍ക്കിരീടം
തത്വം പറഞ്ഞവന് നല്‍കിയതോ വിഷപാനം
സത്യത്തിന്‍ തനിമയാര്‍ന്ന വെണ്മയാരറിഞ്ഞു പാരില്‍
തത്വത്തിന്‍ ഇനിമയാര്‍ന്ന ഉണ്മയാരറിഞ്ഞു നേരില്‍
(മാറ്റുവിന്‍ ചട്ടങ്ങളേ...)
നിയമത്തിന്‍ കരിനിഴലില്‍ രക്തബന്ധമുലയുന്നു
സ്നേഹത്തിന്‍ തൂമുഖങ്ങള്‍ കരിമുഖങ്ങളായിടുന്നു
ആരോ പറഞ്ഞുപോയ മൊഴികള്‍ നാം മറന്നുവല്ലേ
ആരോ നടന്നുപോയ വഴികള്‍ നാം മറന്നുവല്ലേ
(മാറ്റുവിന്‍ ചട്ടങ്ങളേ...)