ആരു ഞാനാകണം
ആരു ഞാനാകണം?
ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം
ആരു ഞാനാകണം എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം..
ഉച്ചയ്ക്കു തീവെയില്‍ കൊള്ളുന്ന പൂവിനെ
തൊട്ടു തലോടും തണുപ്പാവുക ...
ഇറ്റു വെള്ളത്തിനായ് കേഴുന്ന ജീവന്‍റെ
നാക്കിലേക്കിറ്റുന്ന നീരാവുക....
ആപത്തിലൊറ്റയ്ക്കു നില്‍ക്കുന്നൊരുത്തന്‍റെ
കൂടെക്കരുത്തിന്‍റെ കൂട്ടാവുക....
വറ്റിവരണ്ടുവായ് കീറിയ മണ്ണിന്‍റെ
ഉള്ളം നിറയ്ക്കുന്ന മഴയാവുക...
വെയിലേറ്റു വാടിത്തളര്‍ന്നൊരു പാന്ഥന്നു
പായ് വിരിക്കും തണല്‍ മരമാവുക....
മഴയത്തു പുസ്തകം നനയാതെ കാക്കുവാന്‍
വലയുന്ന കുഞ്ഞിനു കുടയാവുക
വഴിതെറ്റിയുള്‍ക്കടലിലിരുളില്‍ കിതയ്ക്കുന്ന
തോണിയ്ക്കു ദിശതന്‍ വിളക്കാവുക
ഉറ്റവരെയാള്‍ക്കൂട്ടമൊന്നിലായ് തിരയുന്ന
കരയും കുരുന്നിനു തായാവുക
ആഴക്കയത്തിലേക്കാഴ്ന്നു താഴും ജീവ-
ന്നൊന്നിന്നുയര്‍പ്പിന്‍റെ വരമാവുക
വയറെരിഞ്ഞാകെ വലഞ്ഞോനൊരുത്തന്‍റെ
പശിമാറ്റുമുരിയരിച്ചോറാവുക
അന്തിക്കു കൂടണഞ്ഞീടുവാന്‍ മണ്ടുന്ന
പെണ്ണിന്‍റെ കൂടപ്പിറപ്പാവുക
ആകെത്തണുത്തു വിറയ്ക്കുന്ന വൃദ്ധന്നു
ചൂടിന്‍റെ രോമപ്പുതപ്പാവുക
അറിവിന്‍റെ പാഠങ്ങളൊക്കെയുമരുളുന്ന
ഗുരു സമക്ഷം കൂപ്പു കൈയ്യാവുക
നിലതെറ്റി വീഴുന്ന കൂടപ്പിറപ്പിനെ
താങ്ങുന്നൊരലിവിന്‍റെ നിഴലാവുക
അച്ഛനുമമ്മയ്ക്കു മെപ്പോഴുമുണ്ണി നീ
അച്ഛനുമമ്മയ്ക്കു മെപ്പോഴുമുണ്ണി നീ...
വളരാതെയൊരു നല്ല മകനാവുക
ആരു ഞാനാകണം? എന്നുണ്ണി ചോദിക്കി-
ലാരാകിലും നല്ലതെന്നുത്തരം....