ആ രാവിൽ നിന്നോടു ഞാൻ
ആ രാവിൽ...ആ രാവിൽ
ആ രാവിൽ നിന്നോടു ഞാൻ ഓതിയ രഹസ്യങ്ങൾ
ആരോടും അരുളരുതോമലേ നീ
താരകാകീർണമായ നീലംബരത്തിലന്നു
ശാരദ ശശിലേഖ സമുല്ലസിക്കെ
തുള്ളിയുലഞ്ഞുയർന്നു തള്ളി വരുന്ന
മൃദുവെള്ളി വലാഹകകൾ നിരന്നു നിൽക്കെ
നർത്തന നിരതകൾ തൻ പുഷ്പിത ലതികകൾ
നൽത്തളിരുകളാൽ നമ്മെ തഴുകീടവെ
(ആ രാവിൽ...)
ആലോലം പരിമള ധോരണിയിങ്കൽ മുന്നിൽ
മാലേയാനിലൻ മന്ദം അലഞ്ഞു പോകെ
നാണിച്ച് നാണിച്ചെന്റെ മാറത്തു തല ചായ്ച്ച്
പ്രാണനായികെ നീയെന്നരികിൽ നിൽക്കെ
രോമാഞ്ചമിളകും നിൻ ഹേമാംഗകങ്ങൾ തോറും
മാമക കരപുടം വിഹരിക്കവേ
പുഞ്ചിരി പൊടിഞ്ഞു നിന്ന ചെഞ്ചൊടി തളിരിലെൻ
ചുംബനം ഇടയ്കിടയ്കമർന്നീടവെ
നാമിരുവരും ഒരു നീല ശിലാ തലത്തിൽ
ആകെ നിർവൃതി നേടി പരിലസിക്കെ
(ആ രാവിൽ....)
നീയെന്നെ തഴുകവെ ഞാനൊരു ഗാനമായി
നീലാംബരാന്തത്തോളം ഉയർന്നു പോയി
മായാത്ത കാന്തി വീശും മംഗള കിരണമീ
നീയൊരു നിഴലാണെന്നാരു ചൊല്ലീ
അല്ലിലെ വെളിച്ചമേ നിന്നെ ഞാനറിഞ്ഞില്ല
അല്ലലിൽ മൂടി നിൽക്കും ആനന്ദമേ
യാതൊന്നും മറയ്ക്കാതെ നിന്നോടു സമസ്തവും
ഓതുവാൻ കൊതിച്ചു നിന്നരികിലെത്തീ
കണ്ണുനീർ കണികകൾ വീണു നനഞ്ഞതാം നിൻ
പൊന്നല കവിൾ കൂമ്പു തുടച്ചു മന്ദം
( ആ രാവിൽ.... )