ആ മലയിൽ

 

ആ മലയിൽ ഈ മലയിൽ
ആയിരം മേഘങ്ങൾ പറന്നണഞ്ഞു
ഇടി വെട്ടീ തുടി കൊട്ടീ
ആയിരം മേഘങ്ങൾ തുയിലുണർത്തീ
വിത്തും കൈക്കോട്ടും
വിത്തും കൈക്കോട്ടും

മല വെട്ടീ മണ്ണുഴുതൂ ചുടു വേർപ്പും
മണിവിത്തുമൊരുമിച്ചു വിതച്ചുവല്ലോ
ഉഴുതിട്ട മണ്ണിന്റെ പുതുമണത്തിൻ
ലഹരിയാലവരൊത്തു പാടിയല്ലോ
ഈ മണ്ണു പൊന്നാക്കും ഞങ്ങൾ
ഈ മണ്ണിനുടമകൾ ഞങ്ങൾ

കതിരിട്ട പാടങ്ങൾ ചിരിച്ചുവല്ലോ
കനികൾ പൊൻ കണി പോലെ തുടുത്തുവല്ലോ
കതിർ കണ്ടു കൊതി പൂണ്ട കരിങ്കിളികൾ
അതു ചുണ്ടിലൊതുക്കുവാനണഞ്ഞുവല്ലോ
ഈ കതിർ കൊയ്യുന്നതാരോ
ഈ മണ്ണിന്നുടമകളാരോ

ഒരു പിടി മണ്ണിന്നു ദാഹനീരായ്
ഉരുകി വാർന്നിവിടെ വീണടിഞ്ഞോരേ
വരുമൊരു നാളേ ആ നല്ല നാളെ
ഒരു പാട്ടീക്കതിർ നിലത്തുയരുമല്ലോ
ഈ മണ്ണിനുടയവർ ഞങ്ങൾ
ഈ പൊന്നിനുടയവർ ഞങ്ങൾ

------------------------------------------------------------------