കൈതേ കൈതേ പൂക്കൈതേ

 

കൈതേ കൈതേ പൂക്കൈതേ
കൈതേരിമാക്കത്തിൻ കാതിൽ നീ തമ്പുരാന്റെ
നൊമ്പരത്തിൻ കഥയെല്ലാം പറഞ്ഞില്ലേ
കൈതേ കൈതേ പൂക്കൈതേ

എൻ കരളിൽ കുടി വെച്ച കുറിച്യനെ കണ്ടുവോ നീ
എന്റെ മണ്ണിന്നുടയോനേ എന്നുടയോനെ
മന്ത്രമോതും മാതിരിയാ കഴലൊച്ച കേട്ടുവോ നീ
മൺ തരിക്കുമതു കേട്ടാലുടൽ തരിക്കും
അവനെ നീ കണ്ടുവോ പൂക്കൈതേ ( കൈതേ...)

എന്റെ നേർക്കു മലരമ്പുകളെയ്തു നിന്നു ചിരിക്കും
കൂരമ്പുകളാൽ ശത്രുവിന്റെ മാറു പിളർക്കും
കാട്ടുപൂവിൻ തേനെടുത്തു മൂളി മൂളി പോരുമവൻ
ശത്രുവിനെ കുത്തി വീഴ്ത്തും കടന്നൽ പോലെ
അവനെ നീ കണ്ടുവോ പൂക്കൈതേ ( കൈതേ...)

---------------------------------------------------------------------