വെള്ളിത്തിങ്കൾ പൂങ്കിണ്ണം

വെള്ളിത്തിങ്കൾ പൂങ്കിണ്ണം തുള്ളിത്തൂവും
ഉള്ളിന്നുള്ളിൽ താലോലം താളം തേടും
കാണാപ്പൂഞ്ചെപ്പിലെ തെങ്കാശിക്കുങ്കുമം
എള്ളോളം നുള്ളി നോക്കവേ (വെള്ളിത്തിങ്കൾ..)

കാവേരിക്കുളിരോളം മെയ്യാകെപ്പെയ്യുവാൻ
ചെല്ലച്ചെന്തമിഴീണം മൂളും തെന്നൽ
മാലേയക്കുളിർ മഞ്ഞിൻ മാറ്റോലും തൂവലാൽ
മഞ്ഞൾത്തൂമണമെങ്ങും തൂകും നേരം
നീയെന്റെ ലോലലോലമാ മുൾപ്പൂവിലെ
 മൃദുദളങ്ങൾ മധു കണങ്ങൾ തഴുകുമെന്നോ (വെള്ളിത്തിങ്കൾ..)

നാടോടിക്കിളി പാടും നാവേറിന്നീണവും
നല്ലോമൽക്കുടമേന്തും പുള്ളോപ്പെണ്ണും
നാലില്ലം തൊടി നീളെ മേയും പൂവാലിയും
പേരാൽ പൂങ്കുട ചൂടും നാഗക്കാവും
നാം തമ്മിലൊന്നു ചേരുമീ യാമങ്ങളിൽ
അഴകുഴിഞ്ഞും വരമണിഞ്ഞും ഉണരുമെന്നോ (വെള്ളിത്തിങ്കൾ..)

Vellithinkal - Meleparambil Aanveedu