പാലുതിരും നറും പുഞ്ചിരിയാൽ മനം

പാലുതിരും നറും പുഞ്ചിരിയാൽ മനം
പുൽകുന്ന പൂവുകൾ നിങ്ങൾ
തേൻ കിനിയും മൊഴി ശീലുകളാൽ വരും
പൂമ്പാറ്റക്കുഞ്ഞുങ്ങൾ നിങ്ങൾ
വളരണമോമനയായി നാടിൻ, മണ്ണിൻ
മണമുള്ള പൂക്കളായ് നിങ്ങൾ
തെളിയേണമായിരമായിരം മിഴികളിൽ
അണയാത്ത ദീപമായ് നിങ്ങൾ

ഇരുളാർന്ന ജീവിത വീഥിയിൽ വൃദ്ധർക്കു
നിൻ കൈകൾ കാഴ്ചയാകേണം
വഴിതെറ്റിടുന്നോരു കൂടപ്പിറപ്പുകൾ-
ക്കാശ്രയമായി മാറേണം
അമ്മയ്ക്കുമച്ഛനും താങ്ങും തണലുമായ്
അവരുടെ ശ്വാസമാകേണം
കനിവിന്റെ മഴതേടും വേഴാമ്പലുകൾക്കായ്
പേമാരിയായ് പൊഴിയേണം
വെയിലേറ്റു തളരുന്ന വഴിയാത്രികർക്കെന്നും
തണൽമരമായ് തീർന്നിടേണം

സത്യമേതെന്നറിയേണം, നിത്യം
സ്വപ്നങ്ങൾ കണ്ടുണരേണം
ജാതിയും മതവും കടന്നു, മനുഷ്യനായ്
ജീവിതം സഫലമാക്കേണം..
സ്നേഹം.. ഈശ്വരനെന്നറിയേണം!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Paluthirum narum

Additional Info

Year: 
2019

അനുബന്ധവർത്തമാനം