ലക്ഷ്മിപ്രിയ

Lakshmipriya
Lakshmipriya-Singer
Date of Birth: 
Saturday, 16 December, 1989
ആലപിച്ച ഗാനങ്ങൾ: 1

കോട്ടയം ജില്ലയിലെ വിജയപുരത്ത് പുരുഷോത്തമന്റെയും സുകുമാരിയുടെയും മകളായി ജനിച്ചു.കോട്ടയം വാകത്താനം ജറുശലേം മൗണ്ട് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നിന്ന് ബിരുദവും പൂർത്തിയാക്കി. കോട്ടയത്ത് നിന്ന് തുടർ പഠനം നടത്തിയ ശേഷം മുത്തൂറ്റ് കോളേജ് ഓഫ് അല്ലീഡ് ഹെൽത്ത് സയൻസിൽ ഒരു വർഷക്കാലം ലക്ചററായി ജോലി നോക്കി. സംഗീതരംഗത്ത് കുട്ടിക്കാലം മുതൽ തന്നെ പരിശീലനം നേടി. അമ്മ പഠിപ്പിച്ച 'അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ' എന്ന ഗാനം ആദ്യമായ് വേദിയിൽ പാടിയാണ് തുടക്കം.1999ൽ കർണ്ണാടക സംഗീതം അഭ്യസിക്കാൻ തുടങ്ങി. നാലോളം ഗുരുക്കന്മാർക്കൊപ്പം സംഗീതം അഭ്യസിച്ചു.2002ൽ അരങ്ങേറിയ ശേഷം നിരവധി കച്ചേരികൾ അവതരിപ്പിച്ചു. അഞ്ചോളം പാട്ടുകൾക്ക് ഈണം നൽകി. ആൽബങ്ങൾ, ഭക്തിഗാനങ്ങൾ, ഹ്രസ്വചിത്രങ്ങൾ എന്നിവയിലൊക്കെ ഗാനങ്ങൾ ആലപിച്ചു. സ്കൂൾ തലം മുതൽ തന്നെ യുവജനോത്സവ വേദികളിൽ നിരവധി ഇനങ്ങൾക്ക് സമ്മാനാർഹയായി. 2006-2007ൽ മനോരമയുടെ അഖിലകേരള ബാലജനസഖ്യം സംസ്ഥാന തലത്തിൽ കലാതിലകമായി. ACV യിലെ ഒരു സംഗീത പ്രോഗ്രാമിൽ പങ്കെടുത്താണ് ടിവി ചാനലുകളിലേക്ക് ആദ്യമായി എത്തുന്നത്.പിന്നീട് കൈരളി ടിവിയുടെ വി-ചാനലിൽ ഗാനമേള എന്ന പ്രോഗ്രാമിൽ പാട്ടുകൾ പാടി. 2009ലെ സൂര്യ ടിവിയുടെ സംഗീത മഹായുദ്ധം എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തു   

2013-2014 കൈരളി ടിവി ഗന്ധർവ്വസംഗീതത്തിൽ പങ്കെടുത്തതോടെയാണ് ലക്ഷ്മിപ്രിയ കൂടുതൽ ശ്രദ്ധേയയാവുന്നത്. റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ച്ച വച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ റിയാലിറ്റി ഷോ തന്നെയാണ് ലക്ഷ്മിക്ക് സിനിമയിൽ ആദ്യ അവസരമാവുന്നതും. ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്ന ഔസേപ്പച്ചൻ ലക്ഷ്മിപ്രിയയുടെ സുന്ദരസ്വപ്നമേ എന്ന ഗാനം കേട്ട് തന്റെ അടുത്ത ചിത്രമായ കമൽ-ജയറാം കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നടൻ എന്ന ചിത്രത്തിൽ പാടാൻ അവസരമൊരുക്കുകയായിരുന്നു. നടനിലെ സർഗ്ഗവേദികളേ എന്ന ഗാനം റിയാലിറ്റിഷോയിലെ തന്നെ കൂട്ടാളികളായ രാഹുൽ ആർ നാഥിനും പ്രവീൺ വി ദേവിനുമൊപ്പം ലക്ഷ്മിപ്രിയ ആലപിച്ചു. ഗന്ധർവ്വ സംഗീതത്തിൽ പങ്കെടുത്തതിനു ശേഷം ഒരുപാട് അനുമോദനങ്ങൾ ലഭിച്ചു. യേശുദാസിനോടൊപ്പമിരുന്ന് സംഗീത പാഠങ്ങൾ കേൾക്കുവാനും സമ്മാനം ഏറ്റുവാങ്ങാനുമായി.മുഖ്യമന്ത്രിയിൽ നിന്നും ബ്രഹ്മനാദോപാസക പുരസ്കാരം ലഭിച്ചു. കർണാടക സംഗീതത്തിനൊപ്പം ഹിന്ദുസ്ഥാനി,വെസ്റ്റേൺ സംഗീതവും ഇഷ്ടപ്പെടുന്ന ലക്ഷ്മി കച്ചേരികളും ടിവി പ്രോഗ്രാമുകളുമായി ഗാനരംഗത്ത് സജീവമാണ്.

സൗദിയിൽ ജോലി ചെയ്യുന്ന അച്ഛൻ,വീട്ടമ്മയായ അമ്മ, വിദേശത്ത് ജോലി നോക്കുന്ന ചേച്ചി പ്രതിഭാ ലക്ഷ്മി, എഞ്ചിനീയറിംഗിനു പഠിക്കുന്ന അനിയൻ പ്രണവ് എന്നിവരാണ് ലക്ഷ്മിപ്രിയയുടെ കുടുംബം. സംഗീത രംഗത്ത് ഏറെ തുണയായി നിൽക്കുന്ന അമ്മയും  ചേച്ചിയുടെ കവിതകൾക്ക് ലക്ഷ്മിയോടൊപ്പം തന്നെ ഈണം പകരുന്ന സഹോദരിയും ഒപ്പം മൃദംഗവുമായി അനിയനും കൂടെയുണ്ട് എന്നുള്ളത് ഒരു സംഗീത കുടുംബത്തിന്റെ ഉദാഹരണമായി മാറുന്നു.