കിഷോർ അബു

Kishore Abu
Date of Birth: 
Saturday, 15 March, 1952
പി കെ അബു
ആലപിച്ച ഗാനങ്ങൾ: 1

ഫോര്‍ട്ടുകൊച്ചി തുരുത്തികോളനിയില്‍ പടവുങ്കല്‍ വീട്ടില്‍ കുഞ്ഞുമുഹമ്മദിന്റെയും ഐഷാ ബീവിയുടെയും ആറ് മക്കളില്‍ മൂന്നാമനായി 1952 മാര്‍ച്ച് 15 നാണ്  പി കെ അബുവിന്റെ ജനനം. നല്ലൊരു ഗായകനായിരുന്ന ബാപ്പ കുഞ്ഞുമുഹമ്മദിന്റെ സംഗീതമാണ് അബുവിലേക്ക് പകർന്നു കിട്ടിയത്. വീട്ടിലെ ഗ്രാമഫോണില്‍ നിന്നും പതിവായി കേട്ടിരുന്ന സൈഗാൾ ഗാനങ്ങളാണ് അദ്ദേഹം ആദ്യം ഹൃദിസ്ഥമാക്കിയത്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലാത്ത അബു, ബാപ്പയെ അനുകരിച്ച്  സൈഗാളിന്റെ "സോജാ രാജകുമാരി', "ബാബുല്‍ മോരാ' തുടങ്ങിയ ഗാനങ്ങള്‍ പാടിത്തുടങ്ങി. ആദ്യകാല പിന്നണി ഗായകന്‍ എച്ച് മെഹ്ബൂബ്, സുഹൃത്തുക്കളായ സംഗീതജ്ഞന്‍ കൊച്ചിന്‍ ബഷീര്‍, ഗസല്‍ ഗായകന്‍ ഉമ്പായി എന്നിവരുടെ സ്വാധീനവും അദ്ദേഹത്തിന്റെ സംഗീതത്തിൽ ഉണ്ടായിരുന്നു. സൈഗാളിന്റെ സംഗീതത്തെ സ്നേഹിച്ച അബു പിന്നീട് മുകേഷിന്റെ ഗാനങ്ങൾ പാടിത്തുടങ്ങി. സുഹൃത്തായ കൊച്ചിന്‍ ബഷീര്‍ ആണ് ആദ്യമായി ഒരു കല്യാണ വീട്ടിൽ പാടുവാൻ അദ്ദേഹത്തിന് അവസരം ഒരുക്കുന്നത്. ഉസ്നു ജാനാ ഇഷേറാ, കോയി ജബ് തുമാരാ ഹൃദയ് തോഡ് ദേ എന്നീ മുകേഷ് ഗാനങ്ങളാണ് അന്ന് പാടിയത്. താമസിയാതെ കൊച്ചിൻ ബഷീറിന്റെ ഗാനസംഘത്തിലെ പ്രധാന ഗായകനായി അബു മാറി.

ആ സംഘത്തിലെത്തിയപ്പോൾ മുതലാണ്‌ അബു കിഷോർ കുമാറിന്റെ ഗാനങ്ങൾ ആലപിച്ചു തുടങ്ങിയത്. കിഷോറിന്റെ പാട്ടുകൾ പാടുവാൻ ആളില്ലാതെ വന്നപ്പോൾ ബഷീർ തന്നെയാണ് അബുവിനെ അതിനായി നിർബന്ധിച്ചത്. കിഷോര്‍കുമാറിന്റെ പാട്ടുകള്‍ പാടുന്നയാള്‍ എന്ന അര്‍ഥത്തില്‍ കിഷോര്‍ അബു എന്ന പേരു വീണു. പിന്നീട് മെഹ്ബൂബിന്റെയും മുഹമ്മദ് റഫിയുടെയും എം എസ് വിശ്വനാഥന്റെയുമൊക്കെ ഗാനങ്ങൾ അബു പാടിത്തുടങ്ങി. പിന്നീട് പിന്നണി ഗായകന്‍ എച്ച് മെഹ്ബൂബുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ ഒപ്പം നിരവധി വേദികളിൽ പാഠുകയും ചെയ്തു. കൊച്ചിയിലെ പ്രമുഖ സിനിമാ നിര്‍മാതാവും കലാസംഘാടകനുമായിരുന്ന അഡ്വ. കെ എം അബ്ദുള്‍ഖാദറാണ് അദ്ദേഹത്തിനു അവസരങ്ങൾ ഒരുക്കിയിരുന്നത്. സുഹൃത്തു കൂടിയായ ഉമ്പായിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഫോര്‍ട്ടുകൊച്ചിയിലെ ആദ്യകാല സംഗീത ട്രൂപ്പ് ആയ രാഗ് ഓര്‍ക്കസ്ട്രയിലൂടെയാണ് കിഷോര്‍ അബു പ്രൊഫഷണല്‍ ഗാനരംഗത്തേക്ക് കടന്നു വരുന്നത്. രാഗ് പിന്നീട് മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയായപ്പോള്‍ അബു അതിലെ പ്രധാന ഗായകരിലൊരാളായി മാറി. കമലിന്റെ  മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിനായി മെഹ്ദി ഹസന്റെ ഗസല്‍ ആലപിച്ച് കിഷോര്‍ അബു സിനിമാ ലോകത്തിന്റെയും ഭാഗമായി. മുഹബ്ബത്ത് കര്‍നേവാലേ എന്ന ഗസല്‍, ചിത്രത്തില്‍ ജനാര്‍ദനന്‍ അവതരിപ്പിച്ച കാരേപ്പറമ്പൻ എന്ന കഥാപാത്രം ഹാര്‍മോണിയം മീട്ടി പാടുന്നതായാണ് ചിത്രത്തിലുള്ളത്. സംഗീത ലോകം അദ്ദേഹത്തെ സ്നേഹിച്ചപ്പോഴും കുടുംബം പോറ്റാനായി അദ്ദേഹത്തിന് കൊച്ചി ഫിഷറീസ് ഹാര്‍ബറില്‍ കണക്കെഴുത്തുകാരനായി ജോലി നോക്കേണ്ടി വന്നു.

ഭാര്യ കൌലത്ത്, മക്കൾ - ഹബീബ, ഹഷീം, ഹാരിസ്, അജീഷ