കാർത്തിക നായർ
തെന്നിന്ത്യൻ ചലച്ചിത്ര നടി. 1992 ജൂണിൽ പ്രശസ്ത ചലച്ചിത്ര താരം രാധയുടെയും രാജശേഖരൻ നായരുടെയും മകളായി മുംബൈയിൽ ജനിച്ചു. കാർത്തികയുടെ പ്രാഥമിക വിദ്യാഭ്യാസം മുംബൈ പോഡാർ ഇന്റർ നാഷണൽ സ്കൂളിലായിരുന്നു. തുടർന്ന് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും ബിസിസ്സിൽ ഇന്റർ നാഷണൽ ഡിഗ്രി കഴിഞ്ഞു. പതിനേഴാമത്തെ വയസ്സിൽ 2009- ൽ തെലുങ്കു സിനിമയായ Josh -ൽ നാഗ ചൈതന്യയുടെ നായികയായി അഭിനയിച്ചു. ജോഷിലെ കാർത്തികയുടെ അഭിനയം നിരൂപക പ്രശംസ നേടിയിരുന്നു.
ആ വർഷം തന്നെ തമിഴ് ചിത്രമായ Ko- യിൽ അഭിനയിച്ചു. KO-യിലൂടെ മികച്ച സപ്പോർട്ടിംഗ് ആക്ട്രസിനുള്ള SIIMA അവാർഡിന് അർഹയായി. 2011-ലാണ് കാർത്തിക മലയാളത്തിലെത്തുന്നത്. രാജാ രവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കി ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. രാജാ രവിവർമ്മയുടെ കാമുകി അഞ്ജ്ജലി ഭായിയായും, ദേവ സുന്ദരി ഉർവ്വശിയായുമുള്ള കാർത്തികയുടെ അഭിനയം മികച്ച പുതുമുഖ നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിനും, കേരള ഫിലിം ക്രിട്ടിക്സ് പുരസ്ക്കാരത്തിനും അർഹമായി. 2013- ൽ മമ്മൂട്ടിയും ദിലീപും നായകരായി അഭിനയച്ച കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തിൽ കാർത്തിക ദിലീപിന്റെ നായികയായി അഭിനയിച്ചു.