ജ്യോതിപ്രകാശ്
കണ്ണൂർ വെങ്ങര എടയേടത്ത് ബാലൻ നായരുടേയും മലപ്പുറം മേൽമുറി മേപ്പള്ളിക്കുന്നത്ത് ശാരദാമ്മയുടേയും മകനായി ജനിച്ചു.1988 -ൽ സംവിധായകനായ എ.ടി. അബുവിന്റെ ധ്വനി എന്ന ചിത്രത്തിൽ സഹസംവിധായകനായിട്ടാണ് ജ്യോതിപ്രകാശ് ചലച്ചിത്ര രംഗത്ത് തുടക്കം കുറിയ്ക്കുന്നത്. അതിനുശേഷം എ ടി അബുവിന്റെ തന്നെ എന്റെ പൊന്നുതമ്പുരാൻ എന്ന സിനിമയിൽ അസിസ്റ്റന്റ് കലാസംവിധായകനായി.
1990 -കളിൽ മലപ്പുറം രശ്മി ഫിലിം സൊസൈറ്റി നടത്തിയിരുന്ന കലാ-സാംസ്കാരിക പ്രവർത്തനത്തിൽ സജീവ പ്രവർത്തകനായിരുന്ന ജ്യോതിപ്രകാശ്
മികച്ച ഒരു ലേ ഔട്ട് ആർട്ടിസ്റ്റ് കൂടിയായിരുന്നു. ഇദ്ദേഹവും ആർട്ടിസ്റ്റ് ദയാനന്ദൻ/ ഷഹബാസ് അമൻ കൂട്ടായ്മയായിരുന്നു അന്ന് രശ്മി നടത്തിയിരുന്ന മുഴുവൻ പരിപാടികളുടെയും പോസ്റ്ററുകൾ ഒരുക്കിയിരുന്നത്. തുടർന്ന് രശ്മി ഫിലിം സൊസൈറ്റിയുടെ നിർവാഹക സമിതി അംഗമായ അദ്ദേഹം ഫിലിം സൊസൈറ്റി പ്രവർത്തനത്തിൽ സജീവമായി. ആ സമയത്താണ് ജ്യോതിപ്രകാശ് ഡോക്യുമെന്റ്രി രംഗത്തേക്കെത്തുന്നത്. രശ്മി ഫിലിം സൊസൈറ്റി നിർമ്മിച്ച "ഇതിഹാസത്തിലെ ഖസാക്ക്" ആയിരുന്നു ജ്യോതിപ്രകാശ് സംവിധാനം ചെയ്ത ആദ്യ ഡോക്യുമെന്റ്രി. ഈ ഡോക്യു- ഫിക്ഷൻ സിനിമക്ക് ദേശീയ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചു. കൂടാതെ 1997 -ൽ തിരുവനന്തപുരത്തു നടന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പനോരമ വിഭാഗത്തിൽ ഈ ചിത്രം പ്രദർശിപ്പിക്കുകയുമുണ്ടായി.
മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയെക്കുറിച്ച് പി.ആർ.ഡി നിർമിച്ച സി.എച്ച്- നവോത്ഥാനത്തിന്റെ ഹരിതാക്ഷരി, നടൻ ഗോപകുമാർ കേന്ദ്രകഥാപാത്രമായ ആത്മൻ, ചിത്രകാരനായ അത്തിപ്പറ്റ ശിവരാമൻ നായരുടെ ജീവിതം ആസ്പദമാക്കിയുള്ള എ.എസ്. വരകൾക്കുമപ്പുറം തുടങ്ങിയ ഡോക്യുമെൻററികളും ജ്യോതിപ്രകാശ് സംവിധാനം ചെയ്തവയാണ്. ഇതിൽ ആത്മൻ എന്ന ഹ്രസ്വചിത്രത്തിന് എഡിറ്റിംഗ് അവാർഡ് ലഭിച്ചിട്ടുണ്ട്. റവന്യു സർവീസിൽ നിന്നും വില്ലേജ് ഓഫീസറായി വിരമിച്ചതിനുശേഷം പുതിയ സിനിമയുടെ പണിപ്പുരയിലായിരിക്കേയാണ് കാൻസർ ബാധിതനായി ജ്യോതിപ്രകാശ് 2021 -ൽ അന്തരിച്ചത്.
ജ്യോതിപ്രകാശിന്റെ ഭാര്യ ഗീത. മക്കൾ ആദിത്യൻ, ചാന്ദ് പ്രകാശ്.