ജ്യോതി മേനോൻ

Jyothi Menon

ഗായിക. 1972 മെയ് 5 ന് ബാങ്കുദ്യോഗസ്ഥനായിരുന്ന സി എം മേനോന്റെയും രമ മേനോന്റെയും മകളായി തൃശ്ശൂർ ജില്ലയിലെ പുതുക്കാട് ജനിച്ചു. അച്ഛൻ ബാങ്കുദ്യോഗസ്ഥനായതുകൊണ്ട് അച്ഛന് ട്രാൻസ്ഫർ വരുമ്പോളൊക്കെ ജ്യോതിക്ക് സ്ക്കൂളുകൾ മാറേണ്ടിവന്നിരുന്നു. ഇരിങ്ങാലക്കൂട ലിറ്റിൽ ഫ്ലവർ സ്ക്കൂൾ, കാക്കനാട് കാർഡിനൽ ഹൈസ്ക്കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഭാരത് മാതാ കോളേജിൽ നിന്ന് പ്രീഡിഗ്രിയും സെന്റ് തെരേസാസ് കോളേജിൽ നിന്നും ഹോംസയൻസിൽ ബിരുദവും കഴിഞ്ഞ ജ്യോതി ആർ എൽ വി കോളേജിൽ നിന്നും ഗാനഭൂഷണം പാസ്സായി. പിന്നീട് വിവാഹം കഴിഞ്ഞ് ഭർത്താവിനൊപ്പം ഏഴ് വർഷത്തെ വിദേശവാസത്തിന് ശേഷം നാട്ടിലെത്തിയ ജ്യോതി ആർ എൽ വി കോളേജിൽ ബി എ മ്യൂസിക് ചെയ്തു.

 പാർവതി ബാലസുബ്രഹ്മണ്യം(late ) ആണ്  ആദ്യത്തെ ഗുരു. കടുത്തുരുത്തി രാധാകൃഷ്ണൻ, കാവാലം ശ്രീകുമാർ, മോഹൻകുമാർ (ഹിന്ദുസ്ഥാനി), വിജയ്‌സെൻ സുർസെൻ എന്നിവർ ജ്യോതി മേനോന്റെ  ഗുരുക്കന്മാരായിരുന്നു.  1987 ൽ കലാഭവനിൽ ജൂനിയർ ആർട്ടിസ്റ്റായിട്ടായി ചേർന്നതോടെയാണ് ജ്യോതി മേനോൻ ആലാപന രംഗത്ത് പ്രൊഫഷണലായി തുടക്കമിടുന്നത്. രണ്ടുമാസം കലാഭവനിൽ ഗായികയായി പ്രവർത്തിച്ചതിനുശേഷം വീണ്ടും വിദേശത്തേയ്ക്ക് പോയി. പിന്നീട് ആബേലച്ചൻ വിളിച്ചതിൻ പ്രകാരം 1991ൽ വീണ്ടും കലാഭവനിലെത്തി. അതിനുശേഷം കലാഭവന്റെ ഗായികയായി നിരവധി വേദികളിൽ പങ്കെടുത്തു. 2000-ത്തിൽ  പ്രിയം എന്ന സിനിമയിലൂടെയായിരുന്നു ജ്യോതി മേനോൻ ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. പ്രിയത്തിൽ യേശുദാസിനും ചിത്രയ്ക്കുമൊപ്പം "കട്ടുറുമ്പിനു കല്യാണം.. എന്ന പാട്ടു പാടി.. അതിനുശേഷം 2002 ൽ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന സിനിമയിൽ സന്തോഷ് കേശവിനൊപ്പം "പൂമാനം മേലേ..., പിന്നീട് 2009 ൽ വേനൽമരം എന്ന ചിത്രത്തിൽ "നരനായിങ്ങനെ.. എന്നീ ഗാനങ്ങൾ ആലപിച്ചു.1992 മുതൽ നിരവധി കസറ്റുകളിൽ പാടിയിട്ടുണ്ട്..