ജേക്കബ് ഈശോ
മാവേലിക്കര സ്വദേശിയായ ജേക്കബ് ഈശോ പഠിച്ചതും വളർന്നതും കോട്ടയത്തായിരുന്നു. കോട്ടയത്ത് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം തൃപ്പൂണിത്തറയിൽ നിന്ന് സംഗീതവും എറണാകുളത്തുനിന്ന് ഗിറ്റാറും പഠിച്ചു. പഠനത്തിന് ശേഷം സുഹൃത്തായ വി ഡി രാജപ്പന്റെ ഹാസ്യ കഥാപ്രസംഗ വേദികളിൽ ഗിറ്റാറിസ്റ്റായി കുറച്ചുകാലം പ്രവർത്തിച്ചു. അതിനിടയിൽ ജേക്കബ! ഈശോക്ക് പോലീസിൽ ജോലി ലഭിച്ചെങ്കിലും നീട്ടിവളർത്തിയ മുടി മുറിക്കേണ്ടി വരുമെന്നതിനാൽ ആ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായി. പോലീസ് ജോലിയിൽ സേവനം അവസാനിപ്പിച്ചെങ്കിലും പോലീസ് ഓർക്കസ്ട്രയിൽ അദ്ദേഹം ഗിറ്റാറിസ്റ്റായി തുടർന്നു.
അതിനിടയിൽ എപ്പോഴോ ആണ് ഒരു സംഗീതപരിപാടിയിൽ ഗിറ്റാർ വായിക്കുന്ന ജേക്കബ് ഈശോയെ കാർട്ടൂണിസ്റ്റ് ടോംസ് കാണുന്നത്. മുടി വളർത്തിയ മെലിഞ്ഞ ശരീരമുള്ള ഈശോയുടെ രൂപം ഒരു കാർട്ടൂൺ കഥാപാത്രമായി തന്റെ പ്രിയ കഥാപാത്രങ്ങളായ ബോബനും മോളിക്കും ഒപ്പം ടോംസ് വരച്ചുചേർത്തു.
ഗിറ്റാർ വായനക്കാരനായ ആ കഥാപാത്രത്തിനു "അപ്പിഹിപ്പി" എന്ന് പേരിട്ടു. ജേക്കബ് അറിയാതെത്തന്നെ അദ്ദേഹം അപ്പി ഹിപ്പി എന്ന കാർട്ടൂൺ കഥാപാത്രമായി വായനക്കാർക്കിടയിൽ പ്രിയങ്കരനായി. കാലങ്ങൾക്കും ഇപ്പുറം അപ്പിഹിപ്പി എന്ന കഥാപാത്രത്തിന്റെ അവകാശത്തിന്റെ പേരിൽ മലയാള മനോരമയും ടോംസും തമ്മിൽ നിയമപോരാട്ടം വരെ ഉണ്ടായി എന്നത് കാലത്തിന്റെ മറ്റൊരു കൗതുക കഥ. ആ സമയത്ത് ടോംസിന്റെ മകൻ (ബോബൻ) ഈശോയെ തേടി വീട്ടിൽ എത്തി.അപ്പിഹിപ്പിയെ തങ്ങൾക്കു തിരികെ കിട്ടാൻ വേണ്ടിയുള്ള നിയമപോരാട്ടത്തിൽ ഒപ്പം നിൽക്കണമെന്നും വേണ്ടിവന്നാൽ നേരിട്ട് കോടതിയിൽ ഹാജരാകണം എന്നുമായിരുന്നു ആവശ്യം. അപ്പോഴാണ് താനാണ് അപ്പിഹിപ്പി എന്ന സത്യം ഈശോ അറിയുന്നത്.
70 - 90 കാലഘട്ടങ്ങളിൽ നാടക - സിനിമ സംഗീതത്തിന്റെ അതുല്യ പ്രതിഭകളായ ബാബുരാജ് മാസ്റ്റർ, എം ജി രാധാകൃഷ്ണൻ, അർജ്ജുനൻ മാഷ്, കണ്ണൂർ രാജൻ, ദക്ഷിണാമൂർത്തി, കുമരകം രാജപ്പൻ, കലവൂർ ബാലൻ, കെപി ഉദയഭാനു, എൽ പി ആർ വർമ്മ എന്നിവരോടൊപ്പമെല്ലാം ഗിറ്റാറിസ്റ്റായി ജേക്കബ് ഈശോ പ്രവർത്തിച്ചിട്ടുണ്ട്. പോലീസ് ഓർക്കസ്ട്രയിൽനിന്ന് വിരമിച്ചതിനുശേഷം അദ്ദേഹം പിന്നീട് ഗിറ്റാർ അദ്ധ്യാപനത്തിലും സജീവമായി. ഇടയ്ക്ക് സുഹൃത്ത് ജയരാജ് സംവിധാനം ചെയ്ത ദി ട്രെയിൻ എന്ന ചിത്രത്തിൽ ഉൾപ്പെടെ മൂന്നു ചിത്രങ്ങളിൽ അഭിനയിച്ചു..
ജേക്കബ് ഈശോയുടെ അമ്മ മറിയാമ്മ (റിട്ടയേഡ് ടീച്ചർ), ഭാര്യ ജോളി ഈശോ സീരിയൽ സിനിമാ അഭിനേത്രിയാണ്. മക്കൾ അനു എൽസ ഈശോ, ചിക്കു മരിയം ഈശോ