ജെ സി ദാനിയേൽ

J C Daniel
ജെ സി ദാനിയൽ
Date of Birth: 
തിങ്കൾ, 26 February, 1900
Date of Death: 
Sunday, 27 April, 1975
ജെ.സി.
ജെ.സി.ഡാനിയൽ
ജെ. സി. ദാനിയൽ നാടാർ
സംവിധാനം: 1
കഥ: 2
സംഭാഷണം: 1
തിരക്കഥ: 1

"മലയാള സിനിമയുടെ പിതാവ്‌" എന്ന് വിളിക്കപ്പെടുന്ന ആൾ. ഭാരതത്തിലെസിനിമകൾ മുഖ്യമായും പുരാണകഥകളെ ആശ്രയിച്ചിരുന്ന കാലത്ത്‌സാമൂഹികപ്രസക്തമായ സാധാരണക്കാരുടെ ജീവിതം ഇതിവൃത്തമാക്കിമലയാളത്തിലെ ആദ്യ സിനിമയായ "വിഗതകുമാരൻ" രൂപപ്പെട്ടത്‌ ജെ. സി. ദാനിയേലിന്റെ ശ്രമഫലമായാണ്‌. "വിഗതകുമാരൻ" എന്ന നിശബ്ദചിത്രത്തിന്റെരചന,നിർമ്മാണം,സംവിധാനം,ഛായാഗ്രഹണം,ചിത്രസംയോജനം എന്നിങ്ങനെമിക്ക മേഖലകളും കൈകാര്യം ചെയ്തതുകൂടാതെ നായകവേഷത്തിൽഅഭിനയിക്കുകയും ചെയ്തുകൊണ്ടാണ്‌ 1928ൽ ജെ. സി. ദാനിയൽ മലയാളത്തിലെആദ്യ സിനിമ സൃഷ്ടിച്ചത്‌. 

'വിഗതകുമാരൻ' നിർമ്മിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ അദ്ദേഹം രൂപംകൊടുത്ത "ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്‌" ആണ്‌ കേരളത്തിലെ ആദ്യസിനിമാ നിർമ്മാണ സ്റ്റുഡിയോ. 

കുടുംബ പശ്ചാത്തലവും ബാല്യവും:

ദക്ഷിണ തിരുവിതാങ്കൂറിന്റെ ഭാഗമായിരുന്ന സാത്താങ്കുളം എന്ന സ്ഥലത്തെ പ്രബലനാടാർ കുടുംബമാണ്‌ ജെ സി ദാനിയേലിന്റെ പൂർവ്വികർ. ഇംഗ്ലണ്ടിൽവൈദ്യശാസ്ത്രം പഠിച്ചുവന്ന പ്രപിതാമഹനായ സ്വർണ്ണമുത്തു ചങ്ങനാശേരിയിൽതാമസമാക്കി. ആ പരമ്പരയിലെ പ്രശസ്ത ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്നജ്ഞാനാംബരം ദാനിയേലിന്റെ മകനായിരുന്നു ഡോക്റ്ററായ എൻ ജെ ദാനിയേൽഅഥവാ ജ്ഞാനാംബരം ജോസഫ്‌ ദാനിയേൽ. തിരുവിതാങ്കൂറിലെ തന്നെ പ്രഗത്ഭനുംപ്രശസ്തനുമായ ഡോ. എൻ ജെ ദാനിയേൽ അക്കാലത്ത്‌ ചീഫ്‌ മെഡിക്കൽഓഫീസർ എന്ന നിലയിലും സേവനമനുഷ്ടിച്ചിട്ടുണ്ട്‌. തെക്കൻ തിരുവിതാങ്കൂറിന്റെഭാഗമായിരുന്ന അഗസ്തീശ്വരത്തെ പ്രമുഖ കോണ്ട്രാക്റ്ററുടെ മകൾജ്ഞാനാംബാളിനെ വിവാഹം കഴിച്ചതോടെ കുടുംബം അവിടേയ്ക്ക്‌ താമസം മാറ്റി. 

1900 ഫെബ്രുവരി 26ന് ഡോ:ജ്ഞാനാംബരം ജോസഫ്‌ ദാനിയേലിന്റേയുംജ്ഞാനാംബാളിന്റേയും പതിനൊന്നു മക്കളിൽ ഒൻപതാമനായിട്ടായിരുന്നുദാനിയേലിന്റെ ജനനം. "ജോസഫ്‌ ചെല്ലയ്യ ദാനിയൽ നാടാർ" എന്ന് മുഴുവൻ പേര്‌. 1904ൽ അഗ്സ്തീശ്വരത്ത്‌ പണികഴിപ്പിച്ച "ന്യൂ ഹൗസ്‌" എന്ന അസാമാന്യംവലുപ്പമുള്ള വീട്ടിലേക്ക്‌ ഡോക്റ്റർ കുടുംബം താമസം മാറ്റി. അളവറ്റ സമ്പത്തുംആർഭാടങ്ങളും അനുഭവിച്ച്‌ ജെ സി ദാനിയേൽ ബാല്യകാലവും പ്രാഥമികവിദ്യാഭ്യാസവും പൂർത്തിയാക്കിയത്‌ ഇവിടെ താമസിച്ചുകൊണ്ടാണ്‌. പതിനൊന്നാംവയസ്സിൽ അച്ഛൻ മരിച്ചതോടെ പഠനം തിരുവനന്തപുരം നഗരത്തിൽമഹാരാജാവിന്റെ ആൺപള്ളിക്കൂട(ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്‌)ത്തിലേക്ക്‌മാറ്റി. ഉസ്മാൻ, സൈദാമിയ തുടങ്ങിയവരായിരുന്നു അടുത്ത സുഹൃത്തുക്കൾ. 

വായന,എഴുത്ത്‌,സ്പോർട്ട്സ്‌:

കളരിപ്പയറ്റ്‌, അടിമുറ,ചെലമ്പാട്ടം തുടങ്ങിയ പാരമ്പര്യ ആയോധനകലകളിൽഅദ്ദേഹം ചെറുപ്പകാലത്തുതന്നെ വൈദഗ്ദ്ധ്യം നേടിയിരുന്നു. തിരുവനന്തപുരത്തെതാമസവും പഠനവും കൊണ്ട്‌ നിരന്തരവും വിശാലവുമായ വായനയിലേക്കുംലോകപരിചയത്തിലേക്കും ജീവിതം വഴിതുറന്നു. അഗസ്തീശ്വരത്തെ കുട്ടിക്കാലംമുതൽ നാടകങ്ങളോടുണ്ടായിരുന്ന താൽപര്യം തിരുവനന്തപുരത്തുംതുടർന്നു.അന്ന് നവമാധ്യമമായ 'സിനിമ' വിഷയങ്ങളായ പുസ്തകങ്ങൾവായിക്കാൻ തുടങ്ങിയത്‌ ആ കലയോടുള്ള താൽപര്യം ഉള്ളിൽ ജനിപ്പിച്ചു. അക്കാലത്ത്‌ അദ്ദേഹം ഇംഗ്ലീഷിൽ "Indian Art of Fencing and Sword Play" എന്നൊരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചിരുന്നു. 

പ്രണയം,വിവാഹം:

തിരുവനന്തപുരത്ത്‌ എൽ എം എസ്‌ കോമ്പൗണ്ടിലെ വിൽസ്‌ ഹോസ്റ്റലിലായിരുന്നുജെ സി ദാനിയേൽ താമസിച്ചിരുന്നത്‌. അവിടുത്തെ ലൈബ്രറിയിൽ അദ്ദേഹംസ്ഥിരമായി പോയിരുന്നു. ലൈബ്രറി നടത്തിപ്പുകാരനായിരുന്ന ജോയൽ സിംഗിന്റെമകൾ ജാനറ്റുമായി ദാനിയേൽ പ്രണയത്തിലായി. 1924ൽ എൽ എം എസ്‌കോമ്പൗണ്ടിൽ തന്നെയുള്ള സി എസ്‌ ഐ മറ്റീർ മെമ്മോറിയൽ ചർച്ചിൽ വച്ച്‌അവർ വിവാഹിതരായി. അഗസ്തീശ്വരത്തേക്ക്‌ മടങ്ങാതെ പാളയത്ത്‌മരക്കച്ചവടവും അരിക്കച്ചവടവുമായി തുടർന്നു.  

സിനിമ:

ആയോധനകലകളെ പ്രചരിപ്പിക്കാനും ജനകീയമാക്കാനും സിനിമ എന്ന പുതിയമാധ്യമത്തെ ഉപയുക്തമാക്കാൻ ദാനിയേൽ ആലോചിച്ചു. അതിനായി മദിരാശിയിലെസിനിമാ നിർമ്മാണക്കമ്പനികളിലും ബോംബെ(മുംബൈ)യിലെ ഫിലിംസ്റ്റുഡിയോകളിലും അന്വേഷിച്ചെങ്കിലും അവർ പറഞ്ഞ ചെലവ്‌ ബോധ്യപ്പെടാനായിനേരിട്ടുപോകാൻ തീരുമാനിച്ചു. മിക്കപ്പോഴും അദ്ദേഹത്തെ അകത്തുപ്രവേശിപ്പിക്കാനോ കേൾക്കാനോ പോലും മദിരാശിയിലുള്ളവർ തയ്യാറായില്ല. അവിടുന്ന് സിനിമ പഠിക്കാനുള്ള ദൃഢനിശ്ചയത്തോടെ മുംബൈയിലേക്ക്‌ തിരിച്ചു. നിരവധിവട്ടം നിർമ്മാണക്കമ്പനികളിൽ സന്ദർശ്ശനം നടത്തിയ ശേഷമാണ്‌ ആഉദ്ദേശം സാക്ഷാത്കരിച്ചത്‌.കേരളത്തിൽ നിന്നുവന്ന അദ്ധ്യാപകനാണെന്നുംകുട്ടികളെ പഠിപ്പിക്കാനായി സിനിമയുടെ സാങ്കേതികവിദ്യകൾ അറിയാൻതാൽപര്യമുണ്ടെന്നും കളവു പറഞ്ഞു. അങ്ങനെ കിട്ടിയ അനുവാദത്തിൽ പലസിനിമാപ്രവർത്തകരുമായും ഇടപെട്ട്‌ സിനിമ പഠിക്കുകയായിരുന്നു ദാനിയെൽ. അങ്ങനെ ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനം കൊണ്ടുമാത്രം രൂപപ്പെട്ടതാണ്‌മലയാളത്തിലെ ആദ്യ ചലച്ചിത്രമായ "വിഗതകുമാരൻ". 

"വിഗതകുമാരൻ" അഥവാ The Lost Child

ആയോധനകലകളെക്കുറിച്ചുള്ള സിനിമ എന്നതുമാറി ഒരു കഥാചിത്രമായാലോഎന്ന് അദ്ദേഹം ചിന്തിച്ചു. അങ്ങനെ സ്വന്തമായി എഴുതിയ കഥ "വിഗതകുമാരൻ" സിനിമയ്ക്കായി ഉറപ്പിച്ചു. 

കഥാസംഗ്രഹം: ഭൂതനാഥൻ എന്നയാൾ സിലോണിലേക്ക്‌ തട്ടിക്കൊണ്ടുപോയചന്ദ്രകുമാർ എന്ന ബാലൻ അവിടെ എസ്റ്റേറ്റ്‌ മാനേജരാകുന്നു. അവിടെ വച്ച്‌ഭൂതനാഥനാൽ കൊള്ളയടിക്കപ്പെട്ട ജയച്ചന്ദ്രൻ എന്ന യുവാവുമായിസൗഹൃദത്തിലാവുകയും രണ്ടാളും കേരളത്തിലേക്ക്‌ മടങ്ങുകയും ചെയ്യുന്നു. ജയച്ചന്ദ്രനും സരോജിനിയും പ്രണയത്തിലായിക്കഴിഞ്ഞ്‌ തന്റെ കാണാതായ സഹോദരനാണ്‌ ചന്ദ്രകുമാർ എന്ന സത്യം സരോജിനി മനസ്സിലാക്കുന്ന വേളയിൽ ഭൂതനാഥൻ അവളെയും തട്ടിക്കൊണ്ടുപോകാൻ നോക്കി. ചന്ദ്രകുമാറും ജയച്ചന്ദ്രനും ചേർന്ന് സരോജിനിയെ രക്ഷിക്കുന്നതും അവരുടെകുടുംബങ്ങൾ പുനഃസമാഗമവുമാണ്‌ വിഗതകുമാരൻ എന്ന സിനിമയുടെ കഥ. 

നിർമ്മാണം: കേരളത്തിൽ സിനിമയെക്കുറിച്ച്‌ എന്തെങ്കിലും കാര്യമായധാരണയുണ്ടാകുന്നതിനു മുൻപുള്ള കാലത്താണ്‌ "വിഗതകുമാര"ന്റെ ഒരുക്കങ്ങൾനടക്കുന്നത്‌. 1926ൽ അതിനായി തിരുവനന്തപുരത്ത്‌ രണ്ടരയേക്കർ സ്ഥലം വാങ്ങിഫിലിം സ്റ്റുഡിയോ സ്ഥാപിച്ചു. "ദി ട്രാവൻകൂർ നാഷണൽ പിക്ചേഴ്സ്‌" എന്നകേരളത്തിന്റെ ആദ്യ സിനിമാ സ്റ്റുഡിയോ അങ്ങനെ രൂപം കൊണ്ടു. പട്ടത്ത്‌(ഇപ്പോഴത്തെ പി എസ്‌ സി ഓഫീസിനരികിൽ) അഭിഭാഷകനായനാഗപ്പൻനായരുടെ "ശാരദവിലാസം" എന്ന വസതിയായിരുന്നു മുഖ്യ ലൊക്കേഷൻ. ആദ്യഘട്ടത്തിൽ പാർട്ട്ണറാകാമെന്നേറ്റിരുന്ന സുന്ദരം എന്ന ആൾ പിന്മാറിയതോടെഒറ്റയ്ക്കായാലും ഇക്കാര്യത്തിൽ മുന്നോട്ടുതന്നെയെന്ന്തീരുമാനിച്ചിറങ്ങിയതായിരുന്നു. നെയ്യാറ്റിൻകരയ്ക്കടുത്തുണ്ടായിരുന്ന 108 ഏക്കർ ഭൂസ്വത്ത്‌ വിറ്റുകിട്ടിയ 30000 ബ്രിട്ടീഷ്‌ ഇന്ത്യൻ രൂപയായിരുന്നു പ്രധാന മൂലധനം. സഹോദരിയുടെസ്വർണ്ണാഭരണങ്ങൾ വിറ്റുകിട്ടിയ പണവും ചേർത്ത്‌ അവർക്ക്‌നിർമ്മാണക്കമ്പനിയിൽ പങ്കാളിത്തം നൽകി. ഒരു ഡെബ്രി ക്യാമറ, പുതിയസ്റ്റുഡിയോ,നായികയ്ക്കായുള്ള ചെലവ്‌ എന്നിങ്ങനെ ആവശ്യങ്ങളേറി. അതിനാൽകുറേ പണം കടമായും കണ്ടെത്തേണ്ടിവന്നു. 

നടീനടന്മാർ: മുംബൈയിൽ നിന്ന് ലാന എന്ന യുവതിയെ നായികയായികൊണ്ടുവന്നെങ്കിലും പൊരുത്തക്കേടുകളും ദുഷ്ചെലവുകളും കാരണം അവരെഒഴിവാക്കി. നായകന്മാരായ ജയച്ചന്ദ്രൻ, ചന്ദ്രകുമാർ എന്നീ കഥാപാത്രങ്ങളെയഥാക്രമം സുന്ദർ രാജും ജെ.സി.ദാനിയേലുമാണ്‌ അവതരിപ്പിച്ചത്‌. ദാനിയേലിന്റെമൂത്തമകൻ സുന്ദർ ദാനിയേലായിരുന്നു ബാലതാരം. വില്ലനായ ഭൂതനാഥനായിലാലി എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തുകാരൻ ജോൺസൺ അഭിനയിച്ചു. (പിൽക്കാലത്ത്‌ തെന്നിന്ത്യയിലെ പ്രശസ്ത നടിയും നിർമ്മാതാവുമായി മാറിയ ബി. എസ്‌. സരോജ ഇതേ ജോൺസന്റെ മകളാണ്‌). സിനിമാ-നാടക അഭിനയംസ്ത്രീകൾക്ക്‌ അഭിമാനിക്കാവുന്ന ജോലിയല്ലെന്ന് ധരിച്ചിരുന്ന സാമൂഹികചുറ്റുപാടിനാൽ നടിമാരെക്കിട്ടാൻ ബുദ്ധിമുട്ടി. ജോൺസൺകണ്ടെത്തിക്കൊണ്ടുവന്ന തിരുവനന്തപുരത്തുകാരിയായ പി കെ റോസി(രാജമ്മ) നായിക 'സരോജിനി'യായി. ചാലക്കാരിയായ കമലം എന്ന സ്ത്രീ മറ്റൊരുകഥാപാത്രമായി. ദാനിയേലിന്റെ ഭാര്യാസഹോദരൻ നന്ദൻകോട്‌ വിൻസിംഗ്‌അടക്കം മറ്റു ചിലരും ആദ്യചിത്രത്തിന്റെ തിരശീലയിലെത്തി. 

ചിത്രീകരണം: കഥയുടെ പ്രത്യേകത കൊണ്ട്‌ രണ്ടു പ്രാവശ്യം സിലോണിൽ(ഇന്നത്തെ ശ്രീലങ്ക) ചിത്രീകരണത്തിനായി പോയി. അതിനാൽ വിദേശരാജ്യത്ത്‌ചിത്രീകരിച്ച ആദ്യ മലയാള സിനിമയും വിഗതകുമാരൻ തന്നെ. ആദ്യംമദിരാശിയിൽ നിന്ന് വിദേശിയായ ഒരു ക്യാമറാമാനെക്കൊണ്ടുവന്ന്ചിത്രീകരിക്കാനായിരുന്നു തീരുമാനം. എന്നാൽ അദ്ദേഹം ക്യാമറയുടെ സാങ്കേതികപരിജ്ഞാനം പകർന്നുകൊടുത്തതുവച്ച്‌ ദാനിയേൽ തന്നെ അതും കൈകാര്യംചെയ്തിരുന്നു. ചലച്ചിത്രങ്ങൾ അഥവാ ചലിക്കുന്ന കുറേനിശ്ചലചിത്രങ്ങളായിരുന്നു "വിഗതകുമാരൻ". 

റിലീസ്‌: എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച്‌ പൂർത്തിയാക്കിയ "വിഗതകുമാരൻ" 1928 നവംബർ 7ന്‌ തിരുവനന്തപുരം സെക്രട്ടറിയേറ്റിനുസമീപമുണ്ടായിരുന്ന "കാപ്പിറ്റൽ സിനിമാ ഹാളി"ൽ പ്രദർശിപ്പിക്കപ്പെട്ടതോടെചരിത്രത്തിലെ ആദ്യ മലയാള സിനിമ പിറവികൊണ്ടു. പൗരപ്രമുഖനായിരുന്ന അഡ്വ. മള്ളൂർ ഗോവിന്ദപ്പിള്ള പ്രദർശ്ശനം ഉത്ഘാടനം ചെയ്തു.(പിൽക്കാലത്ത്‌ മള്ളൂർഗോവിന്ദപ്പിള്ളയുടെ ഡയറിയിൽ നിന്നുമാണ്‌ പി.കെ.റോസിയുടെ നിലവിലുള്ളഏകചിത്രം ലഭിച്ചത്.‌) 

ടൈറ്റിലിൽ "പി.കെ. റോസി" എന്നായിരുന്നു കാണിച്ചിരുന്നതെങ്കിലും തങ്ങളുടെ നാട്ടുകാരിയായ "രാജമ്മ"യാണതെന്ന് തിരിച്ചറിഞ്ഞ ആളുകൾ ആ പേര്‌ ഉറക്കെവിളിച്ച്‌ ബഹളമുണ്ടാക്കി. ഒരു സ്ത്രീ, അതും (കൃസ്തുമതത്തിലേക്ക്‌ മാറിയ) ഒരുദളിത്‌ സ്ത്രീ, നായർ യുവതിയായി തിരശ്ശീലയിൽ വന്നതിനെതിരേയുള്ളസവർണ്ണസമൂഹത്തിന്റെ വിദ്വേഷവും പ്രണയരംഗത്ത്‌ സ്ത്രീ നേരിട്ട്‌ പ്രത്യക്ഷപ്പെട്ടതിനെതിരേയുള്ള സദാചാരപരമായ വിദ്വേഷവും പ്രതിഷേധം ആളിക്കത്താൻ കാരണമായി.ആക്രമണത്തിൽ തിരശീലയ്ക്കും തിയറ്റർ ഉപകരണങ്ങൾക്കും കേടുപറ്റി. ആദ്യ പ്രദർശ്ശനം നടക്കുമ്പൊൾ പുറത്തു കാത്തുനിൽക്കുകയായിരുന്ന റോസിയും കുടുംബവും ആക്രമണം ഭയന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. 

തുടർന്നുള്ള രണ്ടു ദിവസങ്ങളിലും ക്യാപ്പിറ്റൽ സിനിമാ ഹാളിലെ പ്രദർശ്ശനം തടസപ്പെട്ടതോടെ ഫിലിം പെട്ടിയുമായി ജെ സി ദാനിയേലും പിന്മാറി. പി.കെ. റോസിക്കെതിരായ അക്രമങ്ങൾ അനിയന്ത്രിതമായി. ദാനിയേലിന്റെ ഇടപെടലിനെത്തുടർന്ന് കൊട്ടാരത്തിൽ നിന്ന് പോലീസുകാരെ കാവൽ നിർത്തിയിരുന്ന റോസിയുടെ വീടിന്‌ പ്രതിഷേധക്കാർ തീയിട്ടതോടെ അവർകരഞ്ഞുകൊണ്ട്‌ ഇറങ്ങി ഓടി. കിള്ളിപ്പാലത്തുവച്ച്‌ റോസിയെക്കണ്ട്‌ നിർത്തിയ"പയനീർ" ലോറിയിൽ അതിന്റെ ഡ്രൈവറായ കേശവ പിള്ളയോടൊപ്പം റോസിനാഗർക്കോവിലിലേക്ക്‌ പലായനം ചെയ്തു. പ്രതിഷേധങ്ങൾ ഒന്നടങ്ങിയപ്പോൾജെ.സി.ദാനിയേൽ സ്വയം വിഗതകുമാരന്റെ ആകെയുള്ള ഒരു ഫിലിം പെട്ടിയുമായിആലപ്പുഴയിലേക്ക്‌ തിരിച്ചു. അവിടെ പൂപ്പള്ളി സ്റ്റാർ തിയറ്ററിലും പിന്നീട്‌തലശ്ശേരിയിലും തൃശൂരിലും നാഗർകോവിൽ പയനിയർ സിനിമാസിലുമൊക്കെതടസ്സങ്ങളില്ലാതെ സിനിമ പ്രദർശ്ശിപ്പിക്കാനായി. 1929 അവസാനത്തിൽതിരുവനന്തപുരത്ത്‌ ജെ. സി. ദാനിയേലിനെ "പീപ്പിൾ മിറർ" എന്ന സംഘടനആദരിക്കുകയും പിൽക്കാലത്ത്‌ സിനിമ തിരുവനന്തപുരത്ത്‌ പ്രദർശ്ശിപ്പിക്കുകയുംചെയ്തു.എങ്കിലും നിർമ്മാണച്ചെലവിന്റെ ചെറിയ പങ്കുപോലും മടക്കിക്കിട്ടിയില്ല. അതോടെ സാമ്പത്തികമായി വിഗതകുമാരനും ജെ. സി. ദാനിയലും പരാജയപ്പെട്ടു. 

ദന്തഡോക്റ്റർ ദാനിയേൽ: 

സ്റ്റുഡിയോയും ഉപകരണങ്ങളും ആഭരണങ്ങളും വിറ്റുകിട്ടിയ പണം കൊണ്ടുംകടങ്ങൾ തീർന്നില്ല. പക്ഷേ തന്റെ മുപ്പതാം വയസ്സിൽ ജീവിതത്തെ തോൽവിക്ക്‌വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു. മുംബൈയിൽ പോയിദന്തരോഗചികിത്സയിൽ എൽ ഡി എസ്‌ സി യോഗ്യത നേടിയശേഷം നാട്ടിലെത്തി1935ൽ മധുരയിൽ‌ ദന്തചികിത്സകനായി ജോലി ചെയ്ത്‌ മാന്യമായ സാമ്പത്തികസ്ഥിതിയിലേക്ക്‌ മടങ്ങിവന്നു.അക്കാലത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുകയുംഖാദി വസ്ത്രങ്ങളിലേക്ക്‌ മാറുകയും ചെയ്തു. 1943ൽ സർക്കാർ സർവ്വീസിൽദന്തഡോക്റ്ററായി ജോലിയിൽ പ്രവേശിച്ചു. പാളയംകോട്ട,മധുര,കാരക്കുടി തുടങ്ങിവിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചു. ‌

വീണ്ടും സിനിമാമോഹം:

ദന്തഡോക്റ്ററായുള്ള ജീവിതം കൊണ്ട്‌ അൽപം സമ്പാദ്യവും സമൂഹത്തിൽഉന്നതസ്ഥാനവും ദാനിയേൽ നേടി. ധാരാളം പ്രശസ്തർ രോഗികളായിഎത്തിയിരുന്നു. അക്കൂട്ടത്തിൽ അന്നത്തെ സൂപ്പർ താരമായിരുന്ന പി യു ചിന്നപ്പയെപരിചയപ്പെട്ടത്‌ വീണ്ടും സിനിമയെക്കുറിച്ച്‌ ചിന്തിക്കാൻ ദാനിയേലിനുപ്രേരണയായി. ക്ലിനിക്കും വിദേശനിർമ്മിത ചികിത്സാ ഉപകരണങ്ങളും വിറ്റ്‌കുടുംബത്തെ അഗസ്തീശ്വരത്തേക്ക്‌ മടക്കി അയച്ചശേഷം ചിന്നപ്പയെക്കാണാൻമദിരാശിയിലേക്ക്‌ തിരിച്ചു. എന്നാൽ കയ്യിലെ പണം മുഴുവൻ നഷ്ടപ്പെട്ടതല്ലാതെചിന്നപ്പയെക്കാണാൻ പോലും സാധിക്കാതെ മടങ്ങി. ഒരു മടങ്ങിവരവ്‌ദുസാധ്യമാക്കുന്ന തരത്തിൽ പരാധീനനായി മാറുന്നത്‌ അങ്ങനെയാണ്‌. മക്കൾഅയച്ചുകൊടുക്കുന്ന പണം മാത്രമായിരുന്നു ആശ്രയം. 

അവസാനകാലം:

മലയാള സിനിമാ വ്യവസായം മെച്ചപ്പെട്ടുതുടങ്ങിയ കാലത്ത്‌, കേരള സർക്കാർഅവശകലാകാരന്മാർക്കായി 300 രൂപ പെൻഷൻ ഏർപ്പെടുത്തിയപ്പോൾഅപേക്ഷകനായി വന്ന ജെ. സി. ദാനിയലിനെ ഒഴിവാക്കി. ദാനിയലിന്റെ ജന്മസ്ഥലംഅപ്പോൾ തമിഴ്‌നാട്ടിലാണെന്നതിനാൽ അദ്ദേഹം മലയാളിയല്ലെന്നുംനിശബ്ദചിത്രമായിരുന്നതിനാൽ 'വിഗതകുമാരൻ' മലയാള സിനിമയായിപരിഗണിക്കാനാവില്ലെന്നും പരിശോധനാ സമിതി അഭിപ്രായപ്പെട്ടു. 

അക്കാലത്ത്‌ 'നാന' സിനിമാ മാഗസിൻ എഡിറ്ററായിരുന്ന കൃഷ്ണസ്വാമിയോട്‌ജെ.സി.ദാനിയേൽ ഇങ്ങനെ പറഞ്ഞു: "മലയാള സിനിമാ വ്യവസായം ഏറെവളർന്നിരിക്കുന്നു. എന്നാൽ എല്ലാ മേഖലയും കൈകാര്യം ചെയ്ത്‌പണ്ടുകാലത്തൊരു സിനിമ ചെയ്ത ആളെന്ന് എന്നെ അംഗീകരിക്കാൻ ആരുംമെനക്കെടുന്നില്ല. പുതിയ തലമുറയ്ക്ക്‌ എന്നെയറിയില്ല. അതു പക്ഷേ അവരുടെതെറ്റല്ല; എല്ലാം സ്വയംകൃതം തന്നെ!" തെളിവുകൾ സൂക്ഷിക്കാൻ മറന്നുപോയമലയാള സിനിമയുടെ പിതാവ്‌ അധികാരികൾക്കുമുന്നിൽ നിന്നും തനിക്കുപരിചിതമായിക്കഴിഞ്ഞിരുന്ന ദാരിദ്ര്യത്തിലേക്ക്‌ മടങ്ങി.സിനിമയ്ക്കുവേണ്ടിജീവിതവും സമ്പാദ്യവും സമർപ്പിച്ച ജെ.സി.ദാനിയലിന്റെ ജീവിതം 1975 ഏപ്രിൽ27ന്‌ അവസാനിച്ചു. 

കുടുംബം:

ജാനറ്റ്‌ ആയിരുന്നു ഭാര്യ. മരണാനന്തരം സർക്കാർ ദാനിയേലിനെഅംഗീകരിക്കുകയും വിധവ എന്ന നിലയിൽ പെൻഷൻ നൽകുകയും ചെയ്തു. 1985ൽ അന്തരിച്ചു. 

'വിഗതകുമാരനി'ൽ അഭിനയിച്ച സുന്ദരവും പിൽക്കാലത്ത്‌ അതേ സിനിമയുടെ ഏകഫിലിം പ്രിന്റ്‌ അഗ്നിക്കിരയാക്കിയ ഹാരിസും സുലോചന,വിജയ,ലളിത എന്നീപെൺകുട്ടികളുമടക്കം അഞ്ചുപേരായിരുന്നു മക്കൾ. എം എ ബിരുദം നേടിയ സുന്ദർ ദാനിയേൽ ശ്രീലങ്കയില്‍ കാന്‍ഡിയിലുള്ള ട്രിനിറ്റികോളേജില്‍ അദ്ധ്യാപകനായിരുന്നു.പിന്നീട്‌ അദ്ദേഹം ഓസ്ട്രേലിയയില്‍സ്ഥിരതാമസമാക്കി.2002 ഒക്റ്റോബർ 2ന്‌ അദ്ദേഹം അന്തരിച്ചു. മകൾ സുലോചനയും 'വിഗതകുമാരനി'ൽ അഭിനയിച്ചിരുന്നു. ഇപ്പോൾ 80 കഴിഞ്ഞമകൻ ഹാരിസ്‌ ദാനിയേൽ സകുടുംബം സേലത്താണ്‌ താമസം."ജെ സി ദാനിയേൽഫൗണ്ടേഷൻ" എന്ന സ്മാരകസംഘടനയുടെ മേൽനോട്ടം അദ്ദേഹമാണ്‌ചെയ്യുന്നത്‌. 

വാർത്തകൾ/വിവാദങ്ങൾ:

 • പ്രശസ്ത ഫിലിം ജേർണ്ണലിസ്റ്റും സിനിമാ ചരിത്രകാരനുമായിരുന്ന ചേലങ്ങാട്ട്‌ഗോപാലകൃഷ്ണനടക്കമുള്ളവരുടെ പ്രയത്നഫലമായാണ്‌ "മലയാള സിനിമയുടെപിതാവ്‌" എന്ന് ജെ. സി. ദാനിയേൽ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്‌. 1992 മുതൽ മലയാള സിനിമയിലെ ഏറ്റവും ഉന്നതമായ അവാർഡിന്‌ "ജെ സി ദാനിയൽപുരസ്കാരം" എന്ന് നാമകരണം ചെയ്തുകൊണ്ടും കേരളം ആ സിനിമാക്കാരനെഅംഗീകരിച്ചു. 
 • ജെ സി ദാനിയലിന്റെ ജീവചരിത്രത്തെ അധികരിച്ച്‌ കമൽ സംവിധാനം ചെയ്തചിത്രമാണ്‌ സെല്ലുലോയ്ഡ്‌
 • വിഗതകുമാരനിലെ നായികയായിരുന്ന റോസിയുടെ ജീവിതകഥയെ അധികരിച്ച്‌ വിനു എബ്രഹാം എഴുതിയ "നഷ്ടനായിക" എന്ന നോവലും സിനിമാ ലേഖകനായ ചേലങ്ങാട്‌ ഗോപാലകൃഷ്ണന്റെ "ജെ സി ഡാനിയൽ ജീവചരിത്ര"വും അടക്കംഅവലംബിച്ചാണ്‌ "സെല്ലുലോയ്ഡ്‌" സൃഷ്ടിക്കപ്പെട്ടത്‌. 
 • ചിത്രത്തിൽ ജെ സി ദാനിയലായി അഭിനയിച്ചത്‌ പൃഥ്വിരാജാണ്‌. 
 • ഈ ചിത്രത്തിന്റെ തമിഴ്‌ ഭാഷാന്തരപ്പതിപ്പിനു "ജെ സി ദാനിയൽ" എന്നായിരുന്നുപേര്‌. 
 • 'വിഗതകുമാരൻ' റിലീസ്‌ തീയതി സംബന്ധിച്ച്‌ വിവാദം നിലവിലുണ്ട്‌.  ജീവിച്ചിരിക്കുമ്പോൾ ജെ.സി.ഡാനിയേലിനെ കണ്ടിട്ടുള്ള ചേലങ്ങാട്ട്ഗോപാലകൃഷ്ണൻ, ഇടമറുക്, മണർക്കാട് മാത്യു, കുന്നുകുഴി മണി എന്നിവരുടെസാക്ഷ്യപ്പെടുത്തലും നിരൂപകൻ വിജയകൃഷ്ണൻ അടക്കമുള്ള സിനിമാഗവേഷകരുരുടെ കണ്ടെത്തലും വിഗതകുമാരൻ 1928 നവംബർ 7ന് പ്രദർശിപ്പിച്ചുവെന്ന്‌ഉറപ്പിക്കുമ്പോൾ 1930ലെ പത്രവാർത്തകൾ തെളിവാക്കി ആർ. ഗോപാലകൃഷ്ണനടക്കമുള്ള സിനിമാപ്രവർത്തകർ 1930 ഒക്റ്റോബർ 23നായിരുന്നുറിലീസ്‌ എന്ന് വാദിക്കുന്നു. 
 • ഹാരിസ്‌ ദാനിയേലിന്റെ ഭാര്യാസഹോദരിയായ ജയന്തി.ജെ "ജെ.സി. ഡാനിയേൽ, ഫാദർ ഓഫ് മലയാള സിനിമ" എന്ന പേരിൽ ഇംഗ്ലീഷിൽ പുസ്തകമെഴുതി. ഈപുസ്തകത്തിന് ജയന്തി തന്നെ മലയാള പരിഭാഷയും നൽകി. 
 • "ഡോ.ജെ.സി.ഡാനിയൽ:മലയാള സിനിമയുടെ പിതാവ്‌" എന്ന ഒരു പുസ്തകംപ്രൊഫ.ജെ.ഡാർവ്വിൻ എഴുതിയിട്ടുണ്ട്‌. 
 • 2003ൽ "വിഗതകുമാരൻ" എന്ന പേരിൽ കവടിയാർ ദാസ്‌ തിരക്കഥയെഴുതിസംവിധാനം ചെയ്ത്‌ പുനർന്നിർമ്മിക്കപ്പെട്ടിട്ടുണ്ട്‌. 
 • ഹാരിസ്‌ ദാനിയേലിന്റെയും ജെ സി ദാനിയേൽ ഫൗണ്ടേഷന്റേയും അഭ്യർത്ഥനയിൽപൂഞ്ഞാർ എം എൽ എ ആയിരുന്ന പി സി ജോർജ്ജ്‌ ഇടപെട്ട്‌ 2019 നവംബറിൽഈരാറ്റുപേട്ട സൂര്യ തിയറ്ററിനുമുന്നിൽ ജെ. സി. ദാനിയേലിന്റെ പ്രതിമസ്ഥാപിച്ചിട്ടുണ്ട്‌. 

കൗതുകങ്ങൾ:

വിഗതകുമാരൻ:

 • മലയാളത്തിലെ ആദ്യ ചലച്ചിത്രം.
 • വിദേശത്ത്‌ ചിത്രീകരണം നടന്ന ആദ്യ മലയാള ചലച്ചിത്രം. 
 • വാതിൽപ്പുറ ചിത്രീകരണം നടന്ന ആദ്യ മലയാള ചലച്ചിത്രം. 
 • കേരളത്തിലെ ആദ്യ സിനിമാ നിർമ്മാണ സ്റ്റുഡിയോ:"ദി ട്രാവങ്കൂർ നേഷണൽപിക്ചേഴ്സ്‌"
 • കേരളത്തിൽ സിനിമാ സംബന്ധിയായ ആദ്യ കലാപം നടന്നത്‌"വിഗതകുമാര"നെത്തുടർന്നാണ്‌.