ഗായത്രി ജയറാം
മുംബൈയിലെ ഒരു തമിഴ് കുടുംബത്തിൽ ജയറാമിന്റേയും ചിത്രയുടേയും മകളായി ജനിച്ചു. മുംബൈ ചർച്ച് പാർക്കിലും ആദർശ് വിദ്യാലയയിലുമായിരുന്നു ഗായത്രിയുടെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഗായത്രിയും കുടുംബവും മദ്രാസിലേക്കു താമസം മാറി. പഠനത്തോടൊപ്പം മോഡലിംഗ് രംഗത്തും സജീവമായിരുന്ന ഗായത്രി ജയറാം പിന്നീട് ചെന്നൈയിലെ എസ്.ആർ.എം. കോളേജിൽ നിന്ന് ഫിസിയോ തെറാപ്പിയും പൂർത്തിയാക്കി.
മോഡലിംഗ് രംഗത്തു സജീവമായിരുന്ന സമയത്ത് പല പ്രശസ്ത സ്ഥാപനങ്ങൾക്കും വേണ്ടി മോഡലിംഗ് ചെയ്തിട്ടുള്ള ഗായത്രി 1997 -ലെ മിസ് തമിഴ്നാടു കിരീടവും 1998 -ലെ മിസ് സൗത്ത് ഇന്ത്യാ കിരീടവും നേടിയിട്ടുണ്ട്. കൂടാതെ 2000 -ത്തിൽ നടന്ന ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ഫൈനലിലേക്കു യോഗ്യത നേടുകയുമുണ്ടായി. കെ. ബാലചന്ദറിന്റെ "അഴുക്ക് വേഷ്ടി" എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ഗായത്രി അഭിനയരംഗത്തേക്കു പ്രവേശിക്കുന്നത്. നാഗാഭരണ സംവിധാനം ചെയ്ത Neela എന്ന കന്നഡ ചിത്രമാണ് ഗായത്രി അഭിനയിക്കുന്ന ആദ്യത്തെ ചലച്ചിത്രം. 2001 -ൽ Manadhai Thirudivittai എന്ന സിനിമയിൽ നായികയായി അഭിനയിച്ച് ശ്രദ്ധേയയായി.
2004 -ൽ ഞാൻ സൽപ്പേര് രാമൻ കുട്ടി എന്ന സിനിമയിൽ നായികയായി മലയാള സിനിമയിൽ തുടക്കംകുറിച്ചു. അതിന് ശേഷം ലോകനാഥൻ ഐ എ എസ് എന്ന സിനിമയിലും അഭിനയിച്ചു. മലയാളം, കന്നഡ, തമിഴ്, തെലുഗു ഭാഷകളിലായി പത്തിൽ താഴെ സിനിമകളിലേ ഗായത്രി അഭിനയിച്ചിട്ടുള്ളൂ.. 2007 മേയിൽ വ്യവസായിയും എഴുത്തുകാരനുമായ സമിത്ത് സൗഹനിയെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നും വിട്ടുനിന്ന ഗായത്രി ആൻഡമാൻ നിക്കോബാർ ദ്വീപിൽ സ്കൂബാ ഡൈവിംഗ് പരിശീലകയായി. പിന്നീട് 2009 -ൽ വിജയ് ടി.വി.യിലെ ചെന്നൈ സൂപ്പർ കിംഗ്സ് ചിയർ ലീഡേഴ്സ് ടാലെന്റ് ഷോയിലും 2013 -ൽ സൺ ടി.വി.യിലെ സൂപ്പർ കുടുംബം എന്ന പരിപാടിയിലും അവതാരികയായ ഗായത്രി ഇപ്പോഴും മിനി സ്ക്രീനിൽ സജീവമാണ്.


