ഗൗരീശപട്ടം ശങ്കരൻനായർ

Gaureeshapattam Shankaran Nair
ഗൗരീശപട്ടം ശങ്കരൻ നായർ
എഴുതിയ ഗാനങ്ങൾ: 1

 

ഗൗരീശപട്ടം വാറുവിളാകത്തു വീട്ടിൽ ഏജീസ് ഓഫീസിൽ ഓഡിറ്റർ പദവിയിൽ ഉദ്യോഗത്തിലെത്തിയ ആദ്യ വനിതയായ പി.പാറുക്കുട്ടി അമ്മയുടെയും സർക്കാർ അച്ചു കൂടത്തിലെ ജീവനക്കാരനായ കെ .എൻ.കൃഷ്ണപിള്ളയുടെയും മകനായി 1929-ലാണ് ശങ്കരൻ നായർ ജനിച്ചത്. യൂണിവേഴ്സിറ്റി കോളേ ജിൽനിന്ന് ഓണേഴ്സ് ബിരുദമെടുത്ത അദ്ദേഹം, ആദ്യം അധ്യാപകനായും പിന്നീട്  വിദ്യാഭ്യാസവകുപ്പിന്റെ പ്രസിദ്ധീകരണമായ വിദ്യാരംഗത്തിലും പ്രവർത്തിച്ചു. ഒരു കോളേജ് കുമാരന്റെ ഒരു ദിവസത്തെ ഡയറി' എന്ന കൃതിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ചലച്ചിത്രനടൻ മധു നാടകപ്രവർത്തനം തുടങ്ങിയത് ശങ്കരൻനായർക്കൊപ്പമായിരുന്നു. മധു നായകനായി അഭിനയിച്ച 'മനുഷ്യപുത്രൻ' എന്ന സിനിമയിൽ വില്ലന്റെ റോളിലെത്തിയത് ശങ്കരൻനായരായിരുന്നു. ആ സിനിമയ്ക്കുവേണ്ടി 'കടലിന് പതിനേഴു വയസ്സായി' എന്ന ഗാനം അദ്ദേഹം രചിച്ചിട്ടുമുണ്ട്. യൂണിവേഴ്സിറ്റി കോളേജിൽ കവി ഒ.എൻ.വി. കുറുപ്പ്, ഡോ. പുതുശ്ശേരി രാമചന്ദ്രൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. കണ്ണമ്മൂല പാലവും സ്വല്പം പ്രണയവും,മീശ, റോസിലി, മഹാകവി ചുണ്ടലി പാച്ചുമ്മാൻ കുഞ്ചൻ നമ്പ്യാരുമായി ഒരു ഉല്ലാസയാത്ര തുടങ്ങിയ കവിതക ളും ഉയിർത്തെഴുന്നേൽപ്പ്, ഈ മണ്ണ് മനുഷ്യന്റേതാണ്, വാളെടുത്തവൻ വാളാൽ എന്നിവയുൾപ്പെടെ 20 കൃതി കൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരേതയായ എ.സരസ്വതി അമ്മ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്) ഭാര്യയാണ്..

 

തിരുവനന്തപുരം ഹാസകവിതയിൽ അതിരുകളില്ലാത്ത കാവ്യധൂർത്താണ് ഗൗരീശപട്ടം ശങ്കരൻനായർ എന്ന കവി തീർത്തത്. "കുഞ്ചനു ശേഷം ഒരു ഹാസ്യകവി'യെന്ന് പ്രൊഫ. എം.കൃഷ്ണൻനായർ അദ്ദേഹത്തെ വിശേഷിപ്പിച്ചപ്പോൾ, "നവീന കുഞ്ചൻ നമ്പ്യാർ' എന്ന് കൗമുദി ബാലകൃഷ്ണൻ വിശേഷണം നൽകി. അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ "റോസിലി’ക്ക് അവതാരികയെഴുതിയ കൗമുദി ബാലകൃഷ്ണൻ ഒരു സാഹസത്തിനു മുതിരുന്നു വെന്നാണ് കുറിച്ചത്.

തിരുവിതാംകൂർ രാജകുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വഞ്ചിയൂർ പുല്ലാമഠം കുടുംബാംഗമായിരുന്നു ശങ്കരൻനായർ, യൂണിവേഴ്സിറ്റി കോളേജിൽ ഓണേഴ്സിന പഠിക്കുമ്പോൾ സഹപാഠിയായ ഡോ. പുതുശ്ശേരി രാമചന്ദ്ര ന്റെ നിർബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം കവിത എഴുതിത്തുടങ്ങിയത്. കാവ്യഭംഗിയുള്ള നർമം ആ കവിതയുടെ പ്രത്യേകതയായിരുന്നു. മലയാളത്തിനൊപ്പം ഇംഗ്ലീഷ് വാക്കുകളും ചേർന്ന കവിതകൾ മറ്റൊരു തലം നൽകി. വായനക്കാരുമായി നേരിട്ടു സംവദിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ കവിതകൾ. ആത്മാലാപം' എന്ന കവിത ആത്മകഥയുടെ രൂപത്തിലായിരുന്നു. “അനഭിജ്ഞാനശാകുന്തളം' എന്ന നീണ്ട കവിതയും ആധുനിക കാലത്തിന്റെ നർമപുനരാഖ്യാനമാണ്. തലസ്ഥാനത്തെ നാടകപ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു.

അഭിനയജീവിതവുമായി ബന്ധപ്പെട്ടു പറയുമ്പോൾ നടൻ മധു, ഗൗരീശപട്ടം ശങ്കരൻനായരുടെ പേർ ആവർത്തിക്കുമായിരുന്നു.ചരിത്രകാരനായ കിഴക്കേമഠം ഗോവിന്ദൻ നായർ, നടൻ പട്ടം സദൻ, മുൻ മേയർ എം.പി.പദ്മനാഭൻ, പൂജപ്പുര സോമൻനായർ, ആനയറ എ.ആർ., ആര്യനാട് ഗോപാലകൃഷ്ണൻ തുടങ്ങി അക്കാലത്തെ സാംസ്കാരിക പ്രവർത്തകരുമായി അദ്ദേഹം അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഗൗരീശപട്ടം ശങ്കരൻനായരുമായി കുട്ടിക്കാലം മുതൽക്കുള്ള ബന്ധമാണുള്ളതെന്ന് നടൻ മധു അനുസ്മരിച്ചു. ഗൗരീശപട്ടത്ത് ഒരേ നാട്ടുകാരായ ഞങ്ങൾ കോവിഡിനു മുമ്പുവരെ ആ ബന്ധം നിലനിർത്തി. യൂണിവേഴ്സിറ്റി കോളേജിൽ ബി.എ.യ്ക്കു പഠിക്കുമ്പോൾ സീനിയറായ അദ്ദേഹം ഓണേഴ്സിന് പഠിക്കുകയായിരുന്നു. സിനിമയിലെത്തുന്നതിനു മുൻപ്നാടകരംഗത്ത് ഒന്നിച്ചു പ്രവർത്തിച്ചു. അദ്ദേഹം രചിച്ച നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും മധു പറഞ്ഞു...കടപ്പാട് മാതൃഭൂമി..