Raja Krishnan
സൗണ്ട് ഡിസൈനർ-റെക്കോർഡിസ്റ്റ്-ഓഡിയോഗ്രഫി വിദഗ്ദൻ.പ്രശസ്ത സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ മകൻ എന്ന വിശേഷണത്തിൽ നിന്ന് രാജകൃഷ്ണനെ വ്യത്യസ്തനും ശ്രദ്ധേയനുമാക്കുന്നത് കേരള സംസ്ഥാന സർക്കാരിന്റെ 2012ലെ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് ജേതാവ് എന്നതാണ്.കുട്ടിക്കാലത്ത് തന്നെ അച്ഛന്റെ സഹോദരിയും കർണ്ണാടക സംഗീതജ്ഞയുമായിരുന്ന ഡോ.ഓമനക്കുട്ടിയിൽ നിന്ന് സംഗീതം അഭ്യസിക്കാൻ തുടങ്ങിയിരുന്നെങ്കിലും മൃദംഗമാണ് എട്ട് വർഷക്കാലത്തോളം തുടർന്ന് അഭ്യസിച്ചത്. സംഗീത കുടുംബത്തിൽ നിന്ന് വരുന്നുവെങ്കിലും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് എക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കുമ്പോൾ കാമ്പസിൽ, തന്നെ ഏറെ ശ്രദ്ധേയനാക്കിയിരുന്ന ഫോട്ടോഗ്രഫി കമ്പം മെച്ചപ്പെടുത്തി സിനിമാ ഛായാഗ്രാഹകനാകുക എന്നതായിരുന്നു രാജകൃഷ്ണന്റെ ലക്ഷ്യം.
കുടുംബ സുഹൃത്തും സംവിധായകനുമായ പ്രിയദർശൻ തന്റെ ചെന്നൈയിലുള്ള ഫോർ ഫ്രെയിംസ് എന്ന സ്റ്റുഡിയോയിലേക്ക് ക്ഷണിച്ചതാണ് രാജകൃഷ്ണന് ശബ്ദങ്ങളുടെ ടെക്നിക്കൽ ലോകത്തേക്കുള്ള വഴിത്തിരിവായത്. ശബ്ദമിശ്രണം,മിക്സിങ്ങ്,ഓഡിയോഗ്രഫി,സൗണ്ട് ഡിസൈനിംഗ് തുടങ്ങിയ പേരുകളിൽ മലയാള സിനിമകളിലെ അഭിവാജ്യ ഘടകമായി മാറിയ രാജകൃഷ്ണന് 2011ൽ പുറത്തിറങ്ങിയ ഉറുമി,ചാപ്പാ കുരിശ് എന്നീ ചിത്രങ്ങളിലെ സൗണ്ട് ഡിസൈനിംഗിനാണ് സംസ്ഥാന സർക്കാരിന്റെ മികച്ച ശബ്ദമിശ്രണത്തിനുള്ള അവാർഡ് ലഭിക്കുന്നത്. പ്രിയദർശൻ, ലാൽജോസ്, സന്തോഷ് ശിവൻ തുടങ്ങിയവരുടെ ചിത്രങ്ങളിലും അന്യഭാഷാ ചിത്രങ്ങളിലും സൗണ്ട് ടെക്നിക്കുകളുമായി രാജകൃഷ്ണൻ സജീവമാണ്.
ഫോട്ടോഗ്രഫിയിലും ശബ്ദമിശ്രണത്തിലും കഴിവു തെളിയിച്ച രാജകൃഷ്ണൻ ചെന്നൈയിൽ ഫോർ ഫ്രെയിംസ് എന്ന റെക്കോർഡിംഗ് സ്റ്റുഡിയോയിലെ ചീഫ് ഓഡിയോ എഞ്ചിനീയറായി ജോലി നോക്കുന്നു.
മിസ്റ്റർ ബീൻ എന്ന ചിത്രത്തിനു വേണ്ടി രാജകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിച്ചപ്പോൾ അതിന്റെ രചന നിർവ്വഹിച്ചത് അദ്ദേഹത്തിന്റെ അമ്മയായ പത്മജാ രാധാകൃഷ്ണൻ ആയിരുന്നു എന്നത് കൗതുകമാണ്.
കുടുംബം ഭാര്യ മഞ്ജു , മകൾ ഗൗരി പാർവ്വതി