Ghantasala Venkateswara Rao
പ്രശസ്തനും ജനപ്രിയനുമായ പാട്ടുകാരനും സംഗീതസംവിധായകനുമായിരുന്നു ഘണ്ടശാല വെങ്കടേശ്വര റാവു (ఘంటసాల వెంకటేశ్వరరావు). പ്രധാനമായും തെലുഗുചിത്രങ്ങളായിരുന്നു കർമ്മമണ്ഡലമെങ്കിലും തമിഴ്, മലയാളം, തുളു, കന്നഡ ഭാഷകളിലും അദ്ദേഹം പ്രവർത്തിച്ചു. തെലുഗുസിനിമയിലെ ആദ്യകാല പിന്നണിഗായകരിലൊരാളായ അദ്ദേഹം കാൽനൂറ്റാണ്ട് കാലത്തോളം തെലുഗുചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. നൂറിൽപ്പരം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്.
1922 ഡിസംബർ നാലിനു് ആന്ധ്രപ്രദേശിലെ കൃഷ്ണാ ജില്ലയിലെ ചൗടപ്പള്ളിയെന്ന സ്ഥലത്ത് ജനിച്ചു. പിതാവ് ശൂരയ്യ ചെറുപ്പത്തിലെ അന്തരിച്ചതിനെത്തുടർന്ന് അമ്മാവനായ പിച്ചി രാമയ്യയുടേ സംരക്ഷണയിൽ വളർന്നു. പത്രായണി സീതാരാമശാസ്ത്രിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. വീട്ടിലറിയാതെ തന്നെ അദ്ദേഹം വിജയനഗരത്തിലെ "മഹാരാജാ ഗവണ്മന്റ് കോളേജ് ഓഫ് മ്യൂസിക് ആന്റ് ഡാൻസി"-ൽ പഠനം നടത്തി.
ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചതിനു ശേഷമാണു് ആകാശവാണിയിൽ ഗായകനായി തുടക്കം. സീതാരാമ ജനനം എന്ന സിനിമയിൽ പിന്നണിഗായനായും ഒപ്പം അഭിനേതാവായും അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലഭിനയിക്കുന്ന നടന്റെ ശബ്ദത്തിനനുസരിച്ച് ശ്രുതി വ്യത്യാസപ്പെടുത്തി ഗാനമാലപിയ്ക്കുന്ന രീതി അദ്ദേഹമാണു് തുടങ്ങിവച്ചത്. ആദ്യമായി ഒരു ഗാനത്തിനു സംഗീത സംവിധാനം ചെയ്തതു ലക്ഷ്മമ്മയെന്ന ചിത്രത്തിലായിരുന്നെങ്കിലും എൻ.ടി.രാമറാവുവിന്റെ കന്നിച്ചിത്രമായ മനദേശം ആണു് എല്ലാ പാട്ടുകളും അദ്ദേഹം തന്നെ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യ ചിത്രം. മൂന്നു ദശാബ്ദത്തോളം തുടർച്ചയായി മികച്ച തെലുഗുഗായകനുള്ള അവാർഡ് ലഭിച ്ചു.
ഇന്ത്യാ ഗവണ്മെന്റ് അദ്ദേഹത്തെ പദ്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
1974 ഫെബ്രുവരി പതിനൊന്നിനു് അന്തരിച്ചു. അവസാനനാളുകളിൽ പുറത്തിറക്കിയ ഭഗവദ്ഗീതാലാപനം ഏറെ ജനപ്രീതി നേടിയിരുന്നു. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം 2003 ഫെബ്രുവരി പതിനൊന്നിനു് ഒരു സ്റ്റാമ്പ് പ്രകാശനം ചെയ്തിട്ടുണ്ട്.