M Bawa
കോഴിക്കോട് കാരനായ മുഹമ്മദ് ബാവ ജനിച്ചത് ചെന്നെയിലാണൂ. പിതാവിനു ചെന്നെയിലായിരുന്നു ജോലി. പഠിച്ചതും വളർന്നതും ചെന്നൈയിൽ.
സാബു സിറിൾ ആയിരുന്നു കലാസംവിധാന രംഗത്ത് ഗുരു. സാബു സിറിളിനൊപ്പം കിലുക്കത്തിന്റെ ഹിന്ദി റീമേക്കായ “മുസ്ക്കുരാഹത്ത്” ൽ തുടങ്ങി അഞ്ചോളം ഹിന്ദി സിനിമകളിൽ അസിസ്റ്റ് ചെയ്തു. ഒപ്പം മലയാളത്തിൽ കാലാപാനി അടക്കം സാബു ചിത്രങ്ങളിൽ കലാസംവിധാന സഹായി ആയിരുന്നു ബാവ.
സ്വതന്ത്രമായി കലാസംവിധാനം ചെയ്ത ആദ്യ ചിത്രമായ “അഴകിയ രാവണ“നിൽ തന്നെ ബാവ ചലചിത്ര ലോകത്തും പ്രേക്ഷക മനസിലും ശ്രദ്ധിക്കപ്പെട്ടു. അതിലെ പാട്ടു രംഗങ്ങളിൽ ഒരു കലാസംവിധായകന്റെ ശ്രദ്ധേയമായ ഒരുക്കങ്ങളുണ്ടായിരുന്നു. പിന്നെ മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾക്ക് ബാവ കലാസംവിധാനം ഒരുക്കി.
രണ്ടു തവണ സംസ്ഥാന അവാർഡുകളും നേടി. 2003 ൽ “മുല്ലവള്ളിയും തേന്മാവും / സി ഐ ഡി മൂസ” എന്ന ചിത്രങ്ങൾക്കും, 2013 ൽ “ആമേൻ” എന്ന ചിത്രത്തിനും. ആമേൻ എന്ന ചിത്രത്തിനു ബാവ ഒരുക്കിയ കായലോരത്തെ പഴയ പള്ളി വളരെ ശക്തമായ നിലയിൽ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയിരുന്നു. സംസ്ഥാന അവാർഡുകൾ കൂടാതെ ഒട്ടനവധി മാധ്യമ അവാർഡുകളും നേടിയിട്ടുണ്ട് ബാവ.
മലയാളത്തിലെ ഒട്ടനവധി പരസ്യചിത്രങ്ങൾക്ക് സെറ്റുകൾ ഒരുക്കിയിട്ടുള്ള ബാവ, “കിളിപോയി”, “ട്രിവാണ്ട്രം ലോഡ്ജ്” എന്നിവ അടക്കം കുറച്ചു സിനിമകളിൽ ശ്രദ്ധേയമായ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്.
ഭാര്യ ഷെമ്മി മകൾ ലിയാൻ എന്നിവർക്കൊപ്പം കൊച്ചിയിൽ താമസിക്കുന്നു.