Arun Alat
ഗായകൻ. 1988 ഒക്ടോബർ 10 ന് കാസർഗോഡ് ജില്ലയിലെ പിലിക്കോട് എന്ന ഗ്രാമത്തിൽ കൃഷ്ണന്റെയും സത്യഭാമയുടെയും മകനായി ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോതമംഗലം മാർ അത്തനോഷ്യസ് കോളേജിൽ എഞ്ചിനിയറിംഗ് പഠനം. കോതമംഗലത്തെ പഠനകാലത്താണ് സംഗീതത്തിന്റെ പുതിയ രീതികളെയും പരമ്പരാഗത രീതികളിൽ നിന്നും മാറിയുള്ള സംഗീത അവതരണത്തെയും തിരിച്ചറിഞ്ഞത്. തുടർന്ന് എല്ലാത്തരം സംഗീതവും ശ്രദ്ധിച്ചു തുടങ്ങിയ അരുൺ അവിടെ വച്ച് തന്റെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ബാൻഡ് ഉണ്ടാക്കുകയും നിരവധി വേദികളിൽ പ്രകടനങ്ങൾ കാഴ്ച വയ്ക്കുകയും ചെയ്തു.
റേഡിയോ മാംഗോയ്ക്കു വേണ്ടി റെക്കോർഡ് ചെയ്ത അരുണിന്റെ ശബ്ദം കേൾക്കുവാനിടയായ സംഗീതസംവിധായകൻ ബിജിബാൽ ആണ് ആദ്യമായി ഒരു സിനിമയിൽ പാടാനുള്ള അവസരം നൽകിയത്. അങ്ങനെ ‘ബെസ്റ്റ് ആക്ടർ’ എന്ന സിനിമയിലെ ‘സ്വപ്നമൊരുചാക്ക്’ എന്ന ഗാനം പാടി സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീട് തേജ് മെർവ്വിന്റെ സംഗീതത്തിൽ ‘കഥയിലെ നായിക‘ എന്ന ചിത്രത്തിനു വേണ്ടി ‘വിണ്ണിൻ നെഞ്ചിൽ’, ബിജിബാലിനു വേണ്ടി ‘സെവൻസ്’ എന്ന ചിത്രത്തിലെ ‘കാലമൊരു കാലാൽ’ എന്ന ഗാനങ്ങൾ പാടി ഹിറ്റ് ആക്കാൻ അരുണിനു കഴിഞ്ഞു.
കൊച്ചിയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ സിവിൽ എഞ്ചിനിയറായി ജോലി ചെയ്യുന്നു.
സഹോദരി : അമ്പിളി സന്ദീപ്