Shaji N Karun
പൂർണനാമം: ഷാജി നീലകണ്ഠൻ കരുണാകരൻ
കൊല്ലം ജില്ലയിലെ കണ്ടച്ചിറയിൽ എൻ കരുണാകരന്റെയും ചന്ദ്രമതിയുടേയും മൂത്തപുത്രനായി ജനിച്ചു. പള്ളിക്കര സ്കൂൾ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1971ൽ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന അദ്ദേഹം 1975ൽ മെഡലോടുകൂടി ഛായാഗ്രഹണത്തിൽ ഡിപ്ലോമ നേടി.പിന്നീട് കുറച്ചുകാലം മദ്രാസിൽ ചെലവഴിച്ച അദ്ദേഹം 1976ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഫിലിം ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. ഇക്കാലത്താണ് പ്രശസ്ത സംവിധായകനായ ജി അരവിന്ദനോടൊപ്പം ചേരുന്നത്. തുടർന്ന് കെ ജി ജോർജ്ജ്, എം ടി വാസുദേവൻ നായർ തുടങ്ങിയ പ്രമുഖരുടെ സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചു. മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
1989ലെ കാൻ ചലച്ചിത്രമേളയിൽ 'ഗോൾഡൻ ക്യാമറ - പ്രത്യേക പരാമർശം' നേടിയ കന്നി ചിത്രമായ 'പിറവി'യിലൂടെ അന്താരാഷ്ട്ര ശ്രദ്ധനേടിയ സംവിധായകനായി. ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ 'സ്വം' കാൻ മേളയിലെ പ്രധാന മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള ആദ്യ (ഏക) മലയാള ചലച്ചിത്രമാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രഥമ അദ്ധ്യക്ഷനായിരുന്നു. കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടേ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. കല-സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്ക് ഫ്രഞ്ച് സർക്കാർ നല്കുന്ന "ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്" പുരസ്കാരം 1999ൽ ലഭിച്ചു. 2011ൽ പത്മശ്രീ പുരസ്കാരത്തിനർഹനായി.