P Padmarajan

സാഹിത്യകാരൻ,തിരക്കഥാകൃത്ത്,സിനിമാ സംവിധായകൻ.

1945 മെയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ഞവരയ്ക്കൽ വീട്ടിൽ ദേവകിയമ്മയുടെയും തുണ്ടത്തിൽ അനന്ത പത്മനാഭപിള്ളയുടെയും ആറാമത്തെ മകനായി ജനിച്ചു. നാലു നോവലറ്റുകളും, പന്ത്രണ്ട് നോവലുകളും രചിച്ച പത്മരാജൻ 36 സിനിമകൾക്ക് തിരക്കഥ എഴുതുകയും 18 സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്തു.
മുതുകുളത്തെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരം എം.ജി.കോളേജിലും യൂണിവേഴ്സിറ്റി കോളജിലും പഠിച്ച് കെമിസ്ട്രിയിൽ ബിരുദമെടുത്തു (1963). കോളേജ് വിദ്യാഭാസത്തിന് ശേഷം മുതുകുളത്ത് തിരികെയെത്തി സംസ്കൃത പണ്ഡിതൻ ചേപ്പാട് അച്യുത വാര്യരിൽ നിന്ന് സംസ്കൃത പഠനം. 1965 ൽ ഓൾ ഇന്ത്യാ റേഡിയോയുടെ ത്രിശ്ശൂർ നിലയത്തിൽ പ്രോഗ്രാം അനൗൺസറായി ചേർന്ന പത്മരാജൻ 1968 ൽ തിരുവനന്തപുരം നിലയത്തിലേക്ക് മാറിയെങ്കിലും 1986 വരെ ഓൾ ഇന്ത്യാ റേഡിയോയിൽ തുടർന്നു. ത്രിശ്ശൂർ ആകാശവാണിയിൽ ജോലി ചെയ്യവേയാണ് പിന്നീട് ജീവിത സഖിയായി തീർന്ന രാധാലക്ഷ്മിയെ കണ്ടുമുട്ടുന്നത്. 1970 മാർച്ച് 24 ന് അവർ വിവാഹിതരായി.
സാഹിത്യ ജീവിതം
ത്രിശ്ശൂർ ആകാശവാണിക്കാലത്ത് തന്നെ മാതൃഭൂമി, കൗമുദി തുടങ്ങിയ മാസികകളിൽ ചെറുകഥകളെഴുതി തുടങ്ങി. 1969 വരെ ധാരാളം ചെറുകഥകൾ പ്രസിദ്ധീകരിച്ച പത്മരാജൻ പിന്നീട് നോവൽ രചനയിലേക്ക് കടന്നു. ആദ്യ നോവൽ താഴ്വാരം, 1969 ൽ വി.ടി. നന്ദകുമാറിന്റെ  പത്രാധിപത്യത്തിൽ കൊച്ചിയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന യാത്ര ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ചു. തൊട്ടടുത്ത വർഷം ഒന്ന്, രണ്ട്, മൂന്ന് എന്ന പേരിൽ ജലജ്വാല, രതിനിർവേദം, നന്മകളുടെ സൂര്യൻ എന്നീ മൂന്ന് നോവലൈറ്റുകൾ പ്രസിദ്ധീകരിച്ചെങ്കിലും രതിനിർവേദം പിന്നീട് നോവലായി പുറത്തു വന്നു.
1970 ൽ കുങ്കുമം വാരികയിൽ പ്രസിദ്ധീകരിച്ച നക്ഷത്രങ്ങളേ കാവൽ ആണ് ഒരു നോവലിസ്റ്റെന്ന നിലയിൽ പത്മരാജനെ പ്രശസ്തനാക്കിയത്. അപൂർണമായ താഴ്വാരം ഒഴികെ 11 നോവലുകളാണ് പത്മരാജൻ രചിച്ചിട്ടുള്ളത്. ഗ്രാമ നഗര ജീവിതങ്ങൾ പശ്ചാത്തലമാക്കി മനുഷ്യബന്ധങ്ങൾക്ക് പ്രത്യേകിച്ചും സ്ത്രീ പുരുഷ ബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം കൊടുത്ത പത്മരാജന്റെ കഥാപാത്രങ്ങൾ പലപ്പോഴും യാഥാസ്ഥിതികത്വത്തെ വെല്ലുവിളിച്ച് സ്വന്തം ശരികളിൽ നില കൊണ്ടവരായിരുന്നു.
പത്മരാജന്റെ ചെറുകഥകൾ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
മറ്റ് നോവലുകൾ :
·  ഋതുഭേദങ്ങളുടെ പാരിതോഷികം (1971)
·  ഇതാ ഇവിടെ വരെ
·  വാടകയ്ക്ക് ഒരു ഹൃദയം
·  ശവവാഹനങ്ങളും തേടി
·  പെരുവഴിയമ്പലം
·  ഉദകപ്പോള
·  കള്ളൻ പവിത്രൻ
·  മഞ്ഞുകാലം നോറ്റ കുതിര
·  പ്രതിമയും രാജകുമാരിയും

സിനിമയിലേക്ക് :
ഭരതന്റെ ആദ്യ സംവിധാന സംരംഭമായ പ്രയാണത്തിന് തിരക്കഥയൊരുക്കി 1974 ൽ സിനിമയിലെത്തി. തുടർന്ന് തകര, ലോറി, രതിനിർവേദം തുടങ്ങി കുറേയേറെ സിനിമകൾ പത്മരാജൻ -ഭരതൻ കൂട്ടുകെട്ടിൽ പിറന്നു. ഐ.വി. ശശി, മോഹൻ, കെ.ജി.ജോർജ് തുടങ്ങിയ സംവിധായകർക്ക് വേണ്ടി എഴുതിയ സിനിമകളും പ്രദർശന വിജയം നേടി. 1978 ൽ സ്വയം രചനയും സംവിധാനവും നിർവഹിച്ച് പെരുവഴിയമ്പലത്തിലൂടെ സംവിധാന രംഗത്തെത്തിയ പത്മരാജന് ആദ്യ ചിത്രം തന്നെ  നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്തു. സ്വന്തം രചനയിലും സംവിധാനത്തിലും പിന്നീട് പുറത്തിറങ്ങിയ ഒരിടത്തൊരു ഫയൽവാൻ 1980 ലെ കൊലാലമ്പൂർ ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് കൂടാതെ മികച്ച സിനിമയ്ക്കും തിരക്കഥയ്ക്കുമുള്ള പുരസ്കാരങ്ങളും നേടി. ആർട് എന്നോ മുഖ്യധാര സിനിമ എന്നോ വേർതിരിവില്ലാതെ സ്വീകരിക്കപ്പെട്ടവയായിരുന്നു പത്മരാജന്റെ പിന്നീട് വന്ന ഭൂരിപക്ഷം സിനിമകളും. 1991 ജനുവരി 24 ന്റെ അവസാന നിമിഷങ്ങളിൽ അവസാന സിനിമയായ ഞാൻ ഗന്ധർവന്റെ പ്രചരണാർത്ഥമുള്ള ഒരു യാത്രയ്ക്കിടയിൽ കോഴിക്കോട് വെച്ചായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പത്മരാജന്റെ അപ്രതീക്ഷിത അന്ത്യം.

സിനിമകൾ :
1.    പ്രയാണം (1975) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഭരതൻ
2.    ഇതാ ഇവിടെ വരെ (1977) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഐ.വി. ശശി
3.    രതിനിർവേദം (1978) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഭരതൻ
4.    വാടകയ്ക്ക് ഒരു ഹൃദയം (1978) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഐ.വി.ശശി
5.    സത്രത്തിൽ ഒരു രാത്രി (1978) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ശങ്കരൻ നായർ
6.    രാപ്പാടികളുടെ ഗാഥ (1978) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – കെ.ജി.ജോർജ്
7.    നക്ഷത്രങ്ങളേ കാവൽ (1978) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – സേതുമാധവൻ
8.    പെരുവഴിയമ്പലം (1979) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
9.    തകര (1979) -കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഭരതൻ
10.  കൊച്ചു കൊച്ചു തെറ്റുകൾ (1980) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – മോഹൻ
11.  ശാലിനി എന്റെ കൂട്ടുകാരി (1980) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – മോഹൻ
12.  ലോറി (1980)  - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഭരതൻ
13.  കള്ളൻ പവിത്രൻ (1981) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
14.  ഒരിടത്തൊരു ഫയൽവാൻ (1981) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
15.  ഇടവേള (1982) -കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – മോഹൻ
16.  നവംബറിന്റെ നഷ്ടം (1982) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
17.  കൂടെവിടെ (1983) - കഥ – വാസന്തി; സംവിധാനം – പത്മരാജൻ
18.  കൈകേയി (1983) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഐ.വി.ശശി
19.  ഈണം (1983) -കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഐ.വി.ശശി
20.  കാണാമറയത്ത് (1984) - കഥ – മിത്സ് & ഭരതൻ; തിരക്കഥ – പത്മരാജൻ; സംവിധാനം – ഐ.വി.ശശി
21.  പറന്ന് പറന്ന് പറന്ന് (1984) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
22.  തിങ്കളാഴ്ച നല്ല ദിവസം (1985) - കഥ – സജിനി പവിത്രൻ; തിരക്കഥ, സംവിധാനം – പത്മരാജൻ
23.  ഒഴിവുകാലം (1985) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ഭരതൻ
24.  കരിമ്പിൻ പൂവിനക്കരെ (1985) - കഥ, തിരക്കഥ – പത്മരാജൻ;  സംവിധാനം – ഐ.വി.ശശി
25.  ദേശാടനക്കിളി കരയാറില്ല (1986) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
26.  കരിയിലക്കാറ്റുപോലെ (1986) - കഥ – സുധാകർ മംഗളോദയം; തിരക്കഥ, സംവിധാനം – പത്മരാജൻ
27.  അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
28.  നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986) - കഥ – കെ.കെ.സുധാകരൻ; തിരക്കഥ, സംവിധാനം – പത്മരാജൻ
29.  നൊമ്പരത്തിപ്പൂവ് (1987) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
30.  തൂവാനത്തുമ്പികൾ - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
31.  അപരൻ (1988) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
32.  മൂന്നാം പക്കം (1988) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
33.  സീസൺ (1989) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ
34.  ഇന്നലെ (1990) - കഥ – വാസന്തി; തിരക്കഥ, സംവിധാനം – പത്മരാജൻ
35.  ഈ തണുത്ത വെളുപ്പാൻ കാലത്ത് (1990) - കഥ, തിരക്കഥ – പത്മരാജൻ; സംവിധാനം – ജോഷി
36.  ഞാൻ ഗന്ധർവൻ (1991) - കഥ, തിരക്കഥ, സംവിധാനം – പത്മരാജൻ

അവാർഡുകൾ :
നക്ഷത്രങ്ങളേ കാവൽ - സാഹിത്യ അക്കാദമി അവാർഡ് (1971)
സിനിമാ അവാർഡുകൾ:
· 1975 മികച്ച തിരക്കഥ – ഫിലിം ഫാൻസ് അവാർഡ് – പ്രയാണം
· 1977 മികച്ച തിരക്കഥ – ഫിലിം ഫാൻസ്, ഫിലിം ക്രിട്ടിക്സ് അവാർഡുകൾ – ഇതാ ഇവിടെ വരെ
· 1978 മികച്ച തിരക്കഥ, സംസ്ഥാന അവാർഡ് , ഫിലിം ഫാൻസ് അവാർഡ് – രാപ്പാടികളുടെ ഗാഥ, രതിനിർവേദം,
· 1978 രണ്ടാമത്തെ മികച്ച സിനിമ, മികച്ച തിരക്കഥ & സംവിധാനം, സംസ്ഥാന അവാർഡുകൾ – പെരുവഴിയമ്പലം
· 1978 മികച്ച തിരക്കഥ, മികച്ച പ്രാദേശികചിത്രം, ദേശീയ അവാർഡുകൾ - പെരുവഴിയമ്പലം
· 1979 മികച്ച തിരക്കഥ – ഫിലിം ഫാൻസ് അവാർഡ് – തകര
· 1982 മികച്ച ചിത്രം, തിരക്കഥ, കൊലാലമ്പുർ ഫിലിം ഫെസ്റ്റിവൽ - ഒരിടത്തൊരു ഫയൽവാൻ
· 1982 മികച്ച ചിത്രം – ഗൾഫ് അവാർഡ്, ഫിലിം ക്രിട്ടിക്സ് – നവംബറിന്റെ നഷ്ടം
· 1984 മികച്ച ചിത്രം (സംസ്ഥാന അവാർഡ്), തിരക്കഥ (ഫിലിം ക്രിട്ടിക്സ്) , മികച്ച സംവിധായകൻ (പൗർണമി അവാർഡ്) –  കൂടെവിടെ
· 1985 മികച്ച തിരക്കഥ – സംസ്ഥാന, ഫിലിം ക്രിട്ടിക്സ് അവാർഡുകൾ - കാണാമറയത്ത്
· 1986 മികച്ച തിരക്കഥ (ഫിലിം ക്രിട്ടിക്സ്) – നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, മികച്ച കഥ (ഫിലിം ചേംബർ) – തൂവാനത്തുമ്പികൾ, മികച്ച തിരക്കഥ (ഫിലിം ക്രിട്ടിക്സ്) – നൊമ്പരത്തിപ്പൂവ്
· 1989 മികച്ച തിരക്കഥ (സംസ്ഥാന, ഫിലിം ക്രിട്ടിക്സ് അവാർഡുകൾ) – അപരൻ, മൂന്നാം പക്കം, മികച്ച സംവിധായകൻ (ഫിലിം ഫെയർ) – അപരൻ
· 1990 മികച്ച തിരക്കഥ (സംസ്ഥാന, ഫിലിം ക്രിട്ടിക്സ്, ഫിലിം ചേംബർ അവാർഡുകൾ) – ഇന്നലെ
· 1991 FAC അവാർഡ് – ഞാൻ ഗന്ധർവൻ

മക്കൾ: എഴുത്തുകാരനും ടെലിവിഷൻ പ്രവർത്തകനുമായ അനന്തപദ്മനാഭൻ, മാധവിക്കുട്ടി

 

അവലംബം : സിനിമ സാഹിത്യം ജീവിതം: പത്മരാജൻ ( ഡോ.ടി അനിതാകുമാരി )