ഇ എം കോവൂർ

EM Kovoor
Date of Birth: 
Friday, 23 February, 1906
Date of Death: 
Saturday, 30 April, 1983
കഥ: 1
സംഭാഷണം: 1
തിരക്കഥ: 1

മലയാള സാഹിത്യകാരനായ കെ. മാത്യു ഐപ്പ്‌ എന്ന ഇ എം കോവൂർ തിരുവല്ലയില്‍ കോവൂര്‍ കുടുംബത്തില്‍ 1906 ഫെബ്രുവരി 23 ആം തിയതി ജനിച്ചു. 

തിരുവല്ല, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നിയമബിരുദം നേടിയശേഷം 1929 ല്‍ ആലപ്പുഴയില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. 

1933 ല്‍ തിരുവനന്തപുരത്തേക്കുമാറി. 1938 ല്‍ മുന്‍സിഫ്‌ ആയി നിയമിതനായി. ആറ്റിങ്ങല്‍ സബ്‌ ജഡ്‌ജി/കോഴിക്കോട്‌ ലേബര്‍ക്കോടതി ജഡ്‌ജി/തൃശൂര്‍ ജില്ലാ ജഡ്‌ജി എന്നിങ്ങനെ വിവിധ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. 

എഫ്‌.എ.സി.റ്റിയിലെ പ്രസിദ്ധീകരണ വിഭാഗത്തില്‍ ഓണററി ഉപദേഷ്‌ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി/ തുഞ്ചന്‍ സ്‌മാരക സമിതി/തവനൂര്‍ റൂറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നിവയുടെ ഭരണസമിതികളില്‍ അംഗമായിരുന്നു.

നോവല്‍/നാടകം/ചെറുകഥ/ജീവചരിത്രം/ ബാലസാഹിത്യം/ഉപന്യാസം/തിരക്കഥ എന്നിങ്ങനെ വിവിധ മണ്ഡലങ്ങളിലായി നിരവധി കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ജീവിതവുമായുള്ള ബന്ധവും തെളിമയാര്‍ന്ന ശൈലിയും സോദ്ദേശ്യമായ നര്‍മവുമാണ്‌ കോവൂരിന്റെ രചനകളുടെ സവിശേഷതകള്‍. 

തോട്ടം വ്യവസായികളുടെ പ്രവര്‍ത്തനരംഗം പശ്ചാത്തലമാക്കിക്കൊണ്ട്‌ ധനസമ്പാദിക്കാൻ  മനുഷ്യന്‍ നടത്തുന്ന സാഹസങ്ങളെ പറ്റി 1964 ൽ അദ്ദേഹം എഴുതിയ കാട്‌ എന്ന നോവലില്‍ നമുക്ക് വായിക്കാം. 

പെണ്ണ്‌ (1945)/കൊടുമുടികള്‍ (1968)/മലകള്‍ (1970)/രണ്ടു സ്‌ത്രീകളും ഒരു പുരുഷനും (1972)/ മുള്ള്‌ (1974)/ഗുഹാജീവികള്‍ എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മറ്റു നോവലുകള്‍. 

പാരിതോഷികം/പഴയ കുടത്തില്‍ പുതിയ വീഞ്ഞ്‌/വഴിവിളക്കുകള്‍/പള്ളിയുണര്‍ത്തല്‍/ നഖലാളനങ്ങള്‍/കാറ്റുപിടിച്ച തോണി/ കൂത്തമ്പലം/സത്‌കാരം/സര്‍ക്കീട്ടുസാറാമ്മ തുടങ്ങി 23 ചെറുകഥാ സമാഹാരങ്ങളും രചിച്ചിട്ടുണ്ട്‌. 

മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധപ്പെടുത്തിയ നര്‍മലേഖനങ്ങള്‍ സമാഹരിച്ച ഹണിപുരാണത്തില്‍ നഗരജീവിതത്തിലെ വൈകൃതങ്ങളും പൊങ്ങച്ചങ്ങളും പ്രതിപാദിക്കുന്നുണ്ട്. 

ബെന്‍ഹര്‍ (1933)/കൊച്ചുവിദ്യക്കാരന്‍ (1964)/ ദാവീദും ഗോല്യാത്തും (1968)/വരൂ നമുക്കീ മതില്‍ പണിയാം (1973) എന്നിവ ബാലസാഹിത്യകൃതികളും/ഞാന്‍ കണ്ട ഈ.വി. (1945)/പ്രസിഡന്റ്‌ ലിങ്കണ്‍ (1948)/ടി.എം. വറുഗീസ്‌ (1965) എന്നിവ ജീവചരിത്രഗ്രന്ഥങ്ങളും/പ്രബന്ധമാല്യം (1935)/അല്‌പം ചിന്തയും കുറെ ചിരിയും (1964) എന്നിവ
ഉപന്യാസഗ്രന്ഥങ്ങളുമാണ്.

സിക്കന്തര്‍ (നാടകം, 1945)/തൊഴില്‍ തര്‍ക്കങ്ങള്‍ (പഠനം, 1958)/അമേരിക്കയില്‍ ആറാഴ്‌ച (യാത്രാവിവരണം, 1974)/കോവൂരിന്റെ തിരഞ്ഞെടുത്ത ചെറുകഥകള്‍ (രണ്ടുഭാഗം 1965-71) എന്നിവ 1963 ൽ പി ഭാസ്‌ക്കരൻ സംവിധാനം ചെയ്ത അമ്മയെ കാണാൻ എന്ന സിനിമയുടെ കഥ/തിരക്കഥ/സംഭാഷണം എന്നിവയും ഇദ്ദേഹത്തിന്റെ കൃതികൾക്കൊപ്പം കൂട്ടിവായിക്കപെടേണ്ടതാണ്.

അച്ചിങ്ങയും കൊച്ചുരാമനും എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം കിട്ടിയതൊഴിച്ചാൽ, മറ്റു പ്രധാന പുരസ്‌കാരങ്ങളൊന്നും ഇദ്ദേഹത്തെ തേടിയെത്തിയെത്തിയീട്ടില്ല. 

1983 ഏപ്രിൽ 30 ആം തിയതി ഇദ്ദേഹം തന്റെ 77 ആം വയസ്സിൽ അന്തരിച്ചു.