ദിവ്യ ബിനു
അഭിനേത്രിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ദിവ്യ ബിനു. ഷോർട്ട് ഫിലിമുകളിലും സീരിയലുകളിലും സജീവമാണ് ദിവ്യ. ബാഹുബലി മലയാളത്തിൽ രമ്യ കൃഷ്ണനും, ബാഗമതിയിൽ അനുഷ്ക്കക്കും ശബ്ദം നൽകിയത് ദിവ്യയാണ്....
മലയാളത്തിൽ നിരവധി സീരിയലുകളിൽ അഭിനയിക്കുകയും നടിമാർക്ക് ശബ്ദം നൽകുകയും ചെയ്തിട്ടുണ്ട്. ഡബ്ബിംഗ് ആർട്ടിസ്റ്റാകുന്നതിനു മുന്നേ ശ്രീ നാരായണ മെഡിക്കൽ മിഷൻ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സായി ജോലി നോക്കിയിരുന്നു ദിവ്യ. സർക്കാർ കോളനി എന്ന ചിത്രത്തിൽ കൊച്ചുപ്രേമൻ, പൊന്നമ്മ ബാബു എന്നിവർ അഭിനയിച്ച കഥാപാത്രങ്ങളുടെ മകളായി ആ ചിത്രത്തിൽ ദിവ്യ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ ചാനലിലെ ഏറെ പ്രസിദ്ധമായ "ആത്മസഖി" സീരിയലിലെ നായികയായ അവന്തികയ്ക്ക് ശബ്ദം നൽകിയത് ദിവ്യയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ വച്ച് അവന്തികയ്ക്ക് സീരിയലിലെ നായികയായി തുടരാൻ സാധിച്ചില്ല. പെട്ടന്നൊരു നടിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ടുകൊണ്ടും സീരിയൽ ക്ളൈമാക്സിലേക്ക് എത്തുന്നതുകൊണ്ടും അണിയറപ്രവർത്തകർ ആ സ്ഥാനത്തേയ്ക്ക് ദിവ്യയെ, അവന്തിക ചെയ്ത നന്ദിത എന്ന കഥാപാത്രമായി അഭിനയിപ്പിക്കാൻ തീരുമാനിച്ചു. ദിവ്യയുടെ ശബ്ദത്തെ സ്വീകരിച്ച പ്രേക്ഷകർ പക്ഷേ ദിവ്യയുടെ നന്ദിത എന്ന കഥാപാത്രത്തെ സ്വീകരിക്കാൻ തയ്യാറായില്ല. സോഷ്യൽ മീഡിയകളിൽ കുറെയേറെ നെഗറ്റിവ് റിപ്പോർട്ടുകൾ ഏറ്റുവാങ്ങി നന്ദിത എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത് ദിവ്യയുടെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയായി മാറി...