അശ്വതി മനോഹരൻ

Aswathi Manoharan

ശിവൻ മനോഹരന്റെയും അനിതയുടെയും മകളായി കോട്ടയത്ത് ജനിച്ചു. Girideepam Bethany school, Excelsior school എന്നിവിടങ്ങളിലായിരുന്നു അശ്വതിയുടെ പ്രാഥമിക വിദ്യാഭ്യാസം. ആറാം വയസ്സുമുതൽ അശ്വതി നൃത്ത പഠനം ആരംഭിച്ചിരുന്നു. സ്കുൾ വിദ്യാഭ്യാസത്തിനുശേഷം ക്ലാസിക്കൽ ഡാൻസിൽ കൂടുതൽ പഠനത്തിനു വേണ്ടി പ്രശസ്ത നർത്തകൻ ജയചന്ദ്രൻ പാലാഴിയുടെ ബെംഗളൂരുവിലെ ആട്ടക്കളരിയിൽ ചേർന്നു. ആട്ടക്കളരി സെന്റർ ഫോർ മൂവ്മെന്റ് ആർട്സ് ആൻഡ് മിക്സഡ് മീഡിയയിൽനിന്ന് ബിരുദവും, ബെംഗളൂരുവിലെ അലൈൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഫൈൻആർട്സിൽ (ഭരത നാട്യം) ബിരുദാനന്തര ബിരുദവും നേടി.

ഭരതനാട്യം പ്രൊഫഷനായി തിരഞ്ഞെടുത്ത അശ്വതി മനോഹരൻ കഴിഞ്ഞ കുറേ വർഷമായി ഗുരുക്കന്മാർക്കൊപ്പവും ഡാൻസ് കമ്പനികൾക്കൊപ്പവും ഇന്ത്യയ്ക്കകത്തും പുറത്തുമായി നൃത്തം അവതരിപ്പിക്കുന്നുണ്ട്. പ്രശസ്ത ഭരതനാട്യം നർത്തകി ചിത്ര ചന്ദ്രശേഖർ ദശരഥിയുടെ ശിഷ്യയായ അശ്വതി ചിത്ര ചന്ദ്രശേഖർ ദശരഥി കോറിയോഗ്രഫി ചെയ്ത ഭരത നാട്യരൂപമായ "അപര" യുടെ ഭാഗമായി മൊറോക്കോ, സെനഗൽ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. നൃത്തത്തോടൊപ്പം യോഗയും പഠിച്ചിട്ടുള്ള അശ്വതി മനോഹരൻ 2015 മുതൽ ബാംഗ്ലൂരിലെ അയന യോഗ അക്കാദമിയുടെ വിവിധ ശാഖകളിൽ യോഗ അദ്ധ്യാപികയായി ജോലി ചെയ്യുന്നുണ്ട്. 

2018 -ൽ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത പൂമരം എന്ന ചിത്രത്തിൽ ഒരു സോളോ ഡാൻസറെ ആവശ്യമുണ്ടെന്നറിഞ്ഞ് ഓഡിഷനു പോയ അശ്വതി അതിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ട് സിനിമാഭിനയ രംഗത്തേയ്ക്ക് ചുവടുവെച്ചു. അതിനുശേഷം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയിൽ നായികയായി. തുടർന്ന് കക്ഷി:അമ്മിണിപ്പിള്ള എന്ന സിനിമയിലും അഭിനയിച്ചു. 

അഭിനയത്തേക്കാൾ നൃത്തത്തിന് പ്രാധാന്യം കൊടുക്കുന്ന അശ്വതി മനോഹരൻ 2017 ൽ 'അപര'യുടെ ഭാഗമായി കാൺപുരിലും ഡൽഹിയിലും നൃത്തം അവതരിപ്പിച്ചിരുന്നു. 2016–17 കാലത്ത് അരണ്യാനി ഭാർഗവിന്റെ വ്യുതി ഡാൻസ് കമ്പനിയുടെ ഭാഗമായിരുന്നപ്പോൾ ഡൽഹി, രാജസ്ഥാൻ, ബെംഗളൂരു എന്നിവിടങ്ങളിൽ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. ഡൽഹിയിലെ ശ്രീറാം കലാകേന്ദ്രയിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ ‘യമുന സൂത്ര’ ( ഭരതനാട്യം പ്രൊഡക്‌ഷൻ) അശ്വതി അവതരിപ്പിച്ചിട്ടുണ്ട്. നർത്തകി, അഭിനേത്രി, യോഗാദ്ധ്യാപിക എന്നീ മേഖലകളിലെല്ലാം പ്രഗത്ഭയാണ് അശ്വതി മനോഹരൻ.