അഫ്സൽ അബ്ദുൽ ലത്തീഫ്
കൊല്ലം- കരുനാഗപ്പള്ളിയിൽ തൊടിയൂരിനടുത്ത് അരമത്തുമഠത്തിൽ അബ്ദുൽ ലത്തീഫ് - ഖുറൈശിയ ബീവി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെ മകനായ അഫ്സൽ എം ജി കോളേജ് ഓഫ് എഞ്ചിനീയറിംഗ് (CUSAT ) ൽ നിന്ന് എഞ്ചിനിയറിംഗ് പഠനം പൂർത്തിയാക്കിയ ശേഷമാണ് കലാരംഗത്തേക്ക് കടന്നുവരുന്നത്. കലാലയ ജീവിതത്തിൽ ലഘു നാടകങ്ങൾക്കും കോമഡി സ്കിറ്റുകൾക്കും തൂലിക ചലിപ്പിച്ചായിരുന്നു ഈ യാത്രയുടെ ആരംഭം.
പിന്നീട് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന വർത്തമാന അക്ഷേപഹാസ്യ പരിപാടിക്ക് തിരക്കഥയെഴുതി ടെലിവിഷൻ രംഗത്ത് അരങ്ങേറ്റം. അരങ്ങേറ്റം മികവുറ്റതാക്കിയതിനാൽ ഒരു പിടി നല്ല അവസരങ്ങളാണ് വളരെ വേഗത്തിൽ ഈ കലാകാരനെ തേടിയെത്തിയത്. ഫ്ളവേഴ്സ് ടിവിയിലെ 'ഉപ്പും മുളകും' എന്ന പ്രോഗ്രാമാണ് അഫ്സലിനെ ഏറെ ജനകീയനാക്കിയത്. ആയിരത്തിനു മുകളിൽ എപ്പിസോഡുകൾ പ്രക്ഷേപണം പ്രോഗ്രാമിന്റെ അഞ്ഞൂറിലേറെ എപ്പിസോഡുകൾ എഴുതിയതും അഫ്സലായിരുന്നു. എസ് ജെ സിനു സംവിധാനം ചെയ്ത ജിബൂട്ടി എന്ന സിനിമയുടെ സഹരചയിതാവായി സിനിമാ രംഗത്തേക്കും അരങ്ങേറ്റം കുറിച്ചു. അഫ്സൽ ആദ്യമായി സംവിധാനം ചെയ്ത പത്രോസിന്റെ പടപ്പുകൾ എന്ന സിനിമ 2022 മാർച്ചിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തി.