അദ്നൻ സമി

Adnan Sami
Photo Credited by Riju Atholi
Date of Birth: 
Sunday, 15 August, 1971
ആലപിച്ച ഗാനങ്ങൾ: 1

പാക്കിസ്ഥാൻ വംശജനായ അർഷാദ് സമി ഖാന്റേയും ഇന്ത്യൻ വംശജയായ നൗറിൻ ഖാന്റേയും മകനായി ഇംഗ്ലണ്ടിൽ ജനിച്ചു. അഞ്ചാം വയസ്സുമുതൽ പിയാനോ പഠിക്കാൻ തുടങ്ങിയ അദ്‌നൻ സമി ഒൻപതാം വയസ്സിൽ ഒരു ഗാനശകലത്തിന് സംഗീതം നൽകിക്കൊണ്ട് തന്റെ പ്രതിഭ വെളിവാക്കിയിരുന്നു. സരോദ് വാദകൻ പണ്ഡിറ്റ് ശിവകുമാർ ശർമ്മയിൽ നിന്നും ഇന്ത്യൻ ക്ലാസിക്ക് മ്യൂസിക്കും അദ്ദേഹം അഭ്യസിച്ചു. ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളിൽ പിയാനോ വായിച്ച് തുടങ്ങിയ അദ്‌നൻ സമിയെ ലോകത്തെ ഏറ്റവും വേഗതയുള്ള കീബോഡ് പ്ലേയറായി ഒരു അമേരിക്കൻ മാഗസിൻ വിശേഷിപ്പിച്ചിരുന്നു.

അദ്‌നൻ സമിയുടെ ആദ്യ ഗാനം ഇംഗ്ലീഷിലായിരുന്നു. 1986 -ൽ ഇറങ്ങിയ Run for His Life എന്ന ഗാനം മിഡിൽ ഈസ്റ്റ് മ്യൂസിക് ചാർട്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. തുടർന്ന് ഇംഗ്ലീഷ് ആൽബങ്ങളിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. 2000 -ത്തിൽ പ്രശസ്ത ഗായിക് ആശാ ബോസ്ലെയോടൊപ്പം ചെയ്ത Kabhi to Nazar Milao എന്ന ഹിന്ദി മ്യൂസിക്കൽ ആൽബം വലിയ വിജയമായി. ഈ ആൽബത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയത് അദ്‌നൻ സമിതന്നെയായിരുന്നു. തുടർന്ന് നിരവധി മ്യൂസിക് ആൽബങ്ങൾ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി.

1995 -ൽ Sargam എന്ന പാകിസ്ഥാനി ഫിലിമിന് സംഗീതം നൽകിക്കൊണ്ടാണ് അദ്‌നൻ സമി ചലച്ചിത്രരംഗത്തേക്ക് എത്തുന്നത്. അതിനുശേഷം പത്തോളം ഹിന്ദി സിനിമകളിലെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചു.  2001 -ൽ Ajnabee എന്ന ഹിന്ദി ചിത്രത്തിൽ പാടിക്കൊണ്ട് ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് പ്രവേശിച്ചു, തുടർന്ന് നിരവധി ഹിന്ദി സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. തെലുഗു, തമിഴ്,കന്നഡ തുടങ്ങിയ ഭാഷകളിലും പാടി. 2002 -ൽ ജയരാജ് സംവിധാനം ചെയ്ത മകൾക്ക് എന്ന സിനിമയിൽ രമേഷ് നാരായണന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചുകൊണ്ട് അദ്‌നൻ സമി മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. 

പത്മശ്രീയുൾപ്പെടെ ഇന്ത്യയിലെ നിരവധി പുരസ്ക്കാരങ്ങളും വിദേശ ബഹുമതികളും അദ്‌നൻ സമിക്ക് ലഭിച്ചിട്ടുണ്ട്.